തിരുവനന്തപുരം: കൊവിഡ് വാക്സിന്റെ കാര്യത്തിൽ കേന്ദ്രവുമായി ഏറ്റുമുട്ടലൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ല എന്ന് അറിയിച്ചിട്ടുണ്ട്. അവർ അത് തിരുത്തുമെന്ന് പ്രതീക്ഷിക്കാം.
വാക്സിന്റെ കാര്യത്തിൽ ആദ്യമേ കേന്ദ്രം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. രാജ്യത്തിന് ആവശ്യമായത്ര കരുതണമായിരുന്നു.
വാക്സിനുകൾ ലഭിക്കുന്നില്ല എന്നതാണ് നിലവിൽ നേരിടുന്ന പ്രശ്നം. ഒന്നുകിൽ 45 വയസിനു മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിൽ രാജ്യത്തെ വാക്സിൻ സപ്ളൈ ഉറപ്പു വരുത്തണം.
ഒരു തുള്ളിപോലും വാക്സിൻ പാഴാക്കിയില്ല
കേന്ദ്ര സർക്കാരിൽ നിന്നു ലഭിച്ചത് 7338860 ഡോസാണ്. എന്നാൽ ഇവിടെ ഉപയോഗിച്ചത് 7426164 ഡോസും.ഓരോ വാക്സിൻ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈഅധിക ഡോസ് കൂടെ നമുക്ക് നൽകാൻ സാധിച്ചു. അതുകൊണ്ടു മാത്രം 315580 ഡോസ് വാക്സിൻ ഇനിയും ബാക്കിയുണ്ട്. കേന്ദ്രസർക്കാർ തന്നതിൽ കൂടുതൽ നമ്മൾ ഇതിനോടകം നൽകിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇത്തരത്തിൽ അതീവശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ, മിടുക്കു കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നു. അഭിമാനാർഹമായ വിധത്തിലാണ് ഈ പ്രതിസന്ധിഘട്ടത്തിൽ അവർ പ്രവർത്തിച്ചത്.നിലവിലെ സ്റ്റോക്ക് പരമാവധി രണ്ടു ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ. 4 ലക്ഷം ഡോസ് കോവിഷീൽഡും 75000 ഡോസ് കോവാക്സിനും ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വീടുകൾ രോഗവ്യാപന
കേന്ദ്രങ്ങളായി മാറുന്നു
തിരുവനന്തപുരം: കൊവിഡിൻെറ അതിവ്യാപന ഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ വീടുകൾ രോഗവ്യാപന കേന്ദ്രങ്ങളായി മാറുന്നു. 56 ശതമാനം ആളുകളിലേക്ക് രോഗം പകർന്നത് വീടുകളിൽ വച്ചാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെപഠനത്തിൽ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോലിക്കും മറ്റാവശ്യങ്ങൾക്കും പുറത്തേക്ക് പോകുന്നവർ രോഗവുമായി
വീട്ടിലെത്തുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് . ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതായി ലാൻസെറ്റ് ഗ്ളോബൽ ഹെൽത്ത് ജേർണലിന്റെപഠനം വ്യക്തമാക്കുന്നു. മരണങ്ങൾ വർദ്ധിക്കാൻ ഇതു കാരണമായി. കഴിയാവുന്നത്ര വീട്ടിൽ നിന്നു പുറത്തിറങ്ങാതിരിക്കുക.. ആരോഗ്യ പ്രവർത്തകരെല്ലാം വലിയ സമ്മർദ്ദത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓർമ്മിക്കണം,
പാലിക്കണം
ഏറ്റവും അടുത്ത കടയിൽ നിന്നും സാധനങ്ങൾ വാങ്ങുക. ഡബിൾ മാസ്കുകൾ ഉപയോഗിക്കുക
വീട്ടിലെത്തുമ്പോൾ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം.
രോഗലക്ഷണങ്ങൾ കണ്ടാൽ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം.
ഉടനടി ടെസ്റ്റിനു വിധേയമാകണം. മറ്റുവീടുകളിലേക്ക് പോകരുത്.
വീട്ടിലെ ജനലുകളെല്ലാം അടച്ചിടരുത്. കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പാക്കണം.
നിരന്തരമായി സ്പർശിക്കുന്ന പ്രതലങ്ങൾ ഇടയ്ക്ക് സാനിറ്റൈസ് ചെയ്യണം.
ഹോം ക്വാറന്റൈനിൽ കഴിയുന്നവർ പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് ഓക്സിജൻ നില പരിശോധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |