SignIn
Kerala Kaumudi Online
Sunday, 20 June 2021 7.02 PM IST

ഫാത്തിമ ലത്തീഫിന്റെ മരണം സി.ബി.ഐ അന്വേഷണത്തിൽ കുറ്റവാളികൾ കുടുങ്ങുമോ?

fathima

കൊല്ലം: സിബിഐ അന്വേഷണം ആരംഭിച്ച ചെന്നൈ ഐ.ഐ.ടി.വിദ്യാർത്ഥിനി കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റവാളികൾ കുടുങ്ങുമോ?.

ഐ.ഐ.ടി.യിൽ ഒന്നാംവർഷ എം.എ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയായിരുന്ന കിളികൊല്ലൂർ കിലോൻതറയിൽ ഫാത്തിമ ലത്തീഫ് (18)ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരുവർഷത്തിന് ശേഷം ആരംഭിച്ച അന്വേഷണം ഉറ്റുനോക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

2019 നവംബർ ഒൻപതിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പഠനത്തിൽ മിടുക്കിയായിരുന്ന ഫാത്തിമ, ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

കാത്തിരിപ്പിനൊടുവിൽ അന്വേഷണസംഘം

മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മകളുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയെങ്കിലും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവുണ്ടായി ആഴ്ചകൾ നീണ്ട കാത്തിരിപ്പിന്ശേഷമാണ് അന്വേഷണസംഘം ഫാത്തിമ ലത്തീഫിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണ നടപടികൾക്കും എത്തിയത്. ഫാത്തിമയുടെ വീട്ടുകാരുടെയും സഹപാഠികളുടെയും മൊഴികൾ രേഖപ്പെടുത്തിയ സി.ബി.ഐ സംഘം കോളേജ് അദ്ധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തന്റെ മരണത്തിന് കാരണക്കാരെന്ന് ഫാത്തിമ ആരോപിച്ചിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഉത്തരവാദികളെക്കുറിച്ചുള്ള സൂചന ഫോണിൽ

തന്റെ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകരെപ്പറ്റിയുള്ള വിവരങ്ങൾ ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു.

ചെന്നൈ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേരളത്തിൽനിന്നുള്ള എം.പിമാരും ജനപ്രതിനിധികളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം പിന്നീട് സി.ബി.ഐ ഏറ്റെടുത്തത്. ഫാത്തിമയുടെ പിതാവ് പ്രവാസിയായ അബ്ദുൾ ലത്തീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടും കേസന്വേഷണം സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചിരുന്നു.

നടപടിയില്ല

കേസ് സിബിഐയ്ക്ക് കൈമാറുകയും സി.ബി.ഐ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും ചെയ്തെങ്കിലും മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാനോ അവർക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാനോ യാതൊരു നടപടിയുമുണ്ടായില്ല. സംഭവമുണ്ടായി മാസങ്ങൾക്ക് ശേഷം കേസ് ഏറ്റെടുത്ത സി.ബി.ഐ സംഘം ഫാത്തിമയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനെത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കൊവിഡ് അന്വേഷണ നടപടികൾക്ക് തടസമായത്. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കുകയെന്നതാണ്

പ്രവാസിയായ പിതാവ് അബ്ദുൾ ലത്തീഫിന്റെയും കുടുംബാംഗങ്ങളുടെയും ആവശ്യം. അന്വേഷണംവേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുട്ടാത്ത വാതിലുകളില്ല.

ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവർ നിയമത്തിന് മുന്നിലെത്തുന്നതും കാത്തിരിക്കുകയാണ് മാതാവ് സാജിതയും ഫാത്തിമയുടെ ഇരട്ടസഹോദരി അയിഷയും ഇളയ സഹോദരി മറിയവുമടങ്ങുന്ന കുടുംബം.

ഫാത്തിമ ജീവനൊടുക്കിയതിൽ അദ്ധ്യാപകനായ സുദർശൻ പത്മനാഭന്റെയും മറ്റ് അദ്ധ്യാപകരുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

#ഫോണിൽ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് നിർണായകം

ഫാത്തിമയുടെ മരണശേഷം ഫോണിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് ചെന്നൈ ഐ.ഐ.ടിയിൽ ഫാത്തിമയ്ക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും ജീവനൊടുക്കേണ്ടിവന്ന സാഹചര്യങ്ങളും കുടുംബാംഗങ്ങൾക്ക് ബോദ്ധ്യപ്പെട്ടത്.

പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട നടപടിക്രമത്തിനായി ഫാത്തിമയുടെ ഇരട്ട സഹോദരി ആയിഷ ഫോൺ ഓൺ ചെയ്തപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. 'Sudarsan Padmanabhan is the cause of my death pls check my samsung note' എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

#അപ്പീലോ വിരോധത്തിന് കാരണം?

ഇന്റേണൽ മാർക്കിൽ കുറവ് വരുത്തി

ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട് ഫാത്തിമ അപ്പീൽ നൽകിയിരുന്നു. ഇരുപതിൽ 13 മാർക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. എന്നാൽ, തനിക്ക് 18 മാർക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ അപ്പീൽ നൽകിയത്. ഇതേത്തുടർന്ന് നടത്തിയ പുനഃപരിശോധനയിൽ 18 മാർക്ക് ഉണ്ടെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. തുടർന്ന് അദ്ധ്യാപകനായ സുദർശൻ പത്മനാഭൻ, ഫാത്തിമയോട് വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടുണ്ടാകാമെന്നും കുടുംബം ആരോപിക്കുന്നു. ഫാത്തിമയുടെ മരണത്തെ തുട‌ർന്ന് ഐ.ഐ.ടിയിൽ വിദ്യാ‌ർത്ഥികളുടെ പ്രതിഷേധം ശക്തമാകുകയും കേരള സർക്കാർ സംഭവത്തിൽ ഇടപെടുകയും ചെയ്തപ്പോഴാണ് അന്വേഷണം നടത്താൻ സർക്കാർ നിർബന്ധിതരായത്.ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ചിരിക്കുന്ന ഐ.ഐ.ടിയിലെ ഹ്യുമാനീറ്റീസ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അദ്ധ്യാപകരെ

കേന്ദ്രീകരിച്ചാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നത്. അദ്ധ്യാപകരുടെയും ഫാത്തിമാലത്തീഫിന്റെയും സഹപാഠികളുടെയും ഫോൺ കോൾ വിശദാംശങ്ങൾ സൈബർ സഹായത്തോടെ ശേഖരിച്ച് കേസിലേക്കാവശ്യമായ തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

#ത്രോട്ട് കമ്മിറ്റി രൂപീകരിക്കണം

ഐ.ഐ.ടിയിലെ സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി ആവശ്യപ്പെട്ട് എൻ.എസ്.യു തമിഴ്നാട് ഘടകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2007 ൽ ഡൽഹി എയിംസിൽ രൂപീകരിച്ച ത്രോട്ട് കമ്മിറ്റിക്ക് സമാനമായ സംവിധാനം മറ്റു കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വേണമെന്നായിരുന്നു ആവശ്യം. ഇതേ ആവശ്യം ഐ.ഐ.ടിയിലെ വിദ്യാർത്ഥികൾ ഡയറക്ടർക്ക് നൽകിയ നിവേദനത്തിലും ഉന്നയിച്ചിരുന്നു. എന്നാൽ, ഫാത്തിമയുടെ മരണം ഉയർത്തിയ വിവാദങ്ങൾക്ക് ശേഷവും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെട്ടുവെന്നതാണ് വാസ്തവം. കൊവിഡ് ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് തമിഴ്നാട്ടിൽ നേരിട്ടെത്തി അന്വേഷണത്തിന് കൂടുതൽ ഇടപെടൽ നടത്താൻ കുടുംബത്തിന് കഴിഞ്ഞില്ല.ഇപ്പോൾ നടന്നുവരുന്ന സി.ബി.ഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെങ്കിലും കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യം ഏതെങ്കിലും വിധത്തിലുണ്ടായാൽ അതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിന്റെ തീരുമാനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.