SignIn
Kerala Kaumudi Online
Saturday, 27 April 2024 7.15 AM IST

കേന്ദ്ര മന്ത്രി വി.മുരളീധരന്റെ വാഹനം പശ്ചിമബംഗാളിൽ ജനക്കൂട്ടം ആക്രമിച്ചു

murali

 ആക്രമണം ആയുധവും വിറകുമായി

 കാറിന്റെ ചില്ലുകൾ തകർത്തു

 മന്ത്രിക്ക് പരിക്കില്ല, ഡ്രൈവർക്ക് പരിക്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ നേരിട്ട് വിലയിരുത്താനും അക്രമത്തിനിരയായ ബി.ജെ.പി പ്രവർത്തകരെ സന്ദർശിക്കാനുമെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനം ആയുധങ്ങളുമായി ജനക്കൂട്ടം ആക്രമിച്ചു. കാറിന്റെ ചില്ലുകൾ തകർത്തെങ്കിലും മന്ത്രി പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകനും പരിക്കുണ്ട്.

കൊൽക്കത്തയിൽ നിന്ന് 130 കിലോമീറ്ററോളം അകലെ പശ്ചിമ മിഡ്നാപൂരിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. ആക്രമണത്തിനിരയായ വീടുകൾ പശ്ചിമ ബംഗാൾ ബി.ജെ.പി മുൻ അദ്ധ്യക്ഷനും ദേശീയ സെക്രട്ടറിയുമായ രാഹുൽ സിൻഹയ്ക്കൊപ്പം സന്ദർശിക്കുകയായിരുന്നു മുരളീധരൻ. ഒരു വീട് സന്ദർശിച്ച് കാറിൽ പുറപ്പെടാനൊരുങ്ങവെ ആയുധങ്ങളും വലിയ വിറകു കഷ്ണങ്ങളുമായി ഒരു സംഘം വളഞ്ഞു. നാല് ജീപ്പിലായി അൻപതോളം പൊലീസുകാർ അകമ്പടിയുണ്ടായിരുന്നെങ്കിലും അതു വകവയ്ക്കാതെ കാറിനു നേരെ അലറിവിളിച്ച് വന്ന അക്രമികൾ മുന്നിലെയും പിന്നിലെയും ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നെന്ന് മുരളീധരൻ കേരളകൗമുദിയോട് പറഞ്ഞു. വിറകു കഷ്ണങ്ങളും മറ്റും കാറിലേക്ക് വലിച്ചെറിഞ്ഞു. കല്ലേറുമുണ്ടായി.

അകമ്പടി വാഹനവും പൊലീസ് ജീപ്പും ആക്രമിക്കപ്പെട്ടു. മുന്നോട്ട് പോകുന്നത് അപകടമാണെന്ന് പൊലീസ് പറഞ്ഞതിനെ തുടർന്ന് വാഹനവ്യൂഹം തിരിച്ചുവിട്ടു. തന്നെ രക്ഷിച്ച് കൊണ്ടുപോകാനാണ് പൊലീസ് ശ്രമിച്ചതെന്നും അക്രമികളെ നേരിട്ടിരുന്നെങ്കിൽ സ്ഥിതിഗതികൾ രൂക്ഷമാകുമായിരുന്നെന്നും വി.മുരളീധരൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് ബി.ജെ.പി പരാതി നൽകി. കോട്ട്‌വാൾ പൊലീസ് കേസെടുത്തു. അക്രമത്തെ തുടർന്ന് സന്ദർശനം വെട്ടിച്ചുരുക്കി മുരളീധരൻ ഡൽഹിക്ക് മടങ്ങി.

ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയ്ക്കൊപ്പമാണ് വി.മുരളീധരൻ മൂന്നു ദിവസം മുമ്പ് കൊൽക്കത്തയിൽ എത്തിയത്. നദ്ദ ഡൽഹിക്ക് മടങ്ങിയെങ്കിലും അക്രമത്തിനിരയായവരുടെ വീടുകൾ സന്ദർശിക്കാനായി മുരളീധരൻ സംസ്ഥാനത്ത് തങ്ങുകയായിരുന്നു.

ഇന്നലെ രാവിലെ മിഡ്നാപൂരിലെ ബി.ജെ.പി ഓഫീസിൽ അക്രമത്തിനിരയായവരെ നേരിട്ട് കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അക്രമത്തിൽ പാടെ തകർന്ന മൂന്നുനാലു വീടുകൾ സന്ദർശിച്ചു. അക്രമം ഭയന്ന് പുരുഷൻമാർ ഒളിച്ചോടിയതിനാൽ വീടുകളിൽ സ്ത്രീകൾ മാത്രമാണുള്ളത്. ഭക്ഷ്യധാന്യങ്ങൾ വരെ അക്രമികൾ നശിപ്പിച്ചെന്ന് അവർ മന്ത്രിയോട് പറഞ്ഞു.

'കേന്ദ്രമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പുവരുത്താൻ സാധിക്കാത്ത ഭരണ സംവിധാനവും സാഹചര്യവുമാണ് പശ്ചിമ ബംഗാളിൽ. മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുന്നെന്ന് അവകാശപ്പെടുന്ന മമതാ സർക്കാരിന് കീഴിൽ സംസ്ഥാനത്ത് അരാജകത്വമാണ്."

- കേന്ദ്ര മന്ത്രി വി.മുരളീധരൻ

'ഒരു മന്ത്രിയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതോടെ ബംഗാളിൽ ആരും സുരക്ഷിതരല്ലെന്ന് തെളിഞ്ഞു. സംസ്ഥാന സർക്കാർ പിന്തുണയോടെയുള്ള ആക്രമണമാണിത്. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ നടപടിയുണ്ടാകണം."

- കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V.MURALIDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.