വാമനപുരത്ത് അട്ടിമറി പ്രതീക്ഷിച്ചില്ലെന്ന് ബി.ഡി.ജെ.എസ്
നെടുമങ്ങാട്: ഇടത് തരംഗത്തിനിടെ വാമനപുരം മണ്ഡലത്തിലെ ബി.ജെ.പി വോട്ടുകൾ അപ്രത്യക്ഷമായതിനെച്ചൊല്ലി മൂന്ന് മുന്നണികളിലും തർക്കം കൊഴുക്കുന്നു. ബി.ജെ.പി സഹായിച്ചിട്ടും യു.ഡി.എഫിന് ജയിക്കാനായില്ലെന്ന് സി.പി.എമ്മും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കാണ് ബി.ജെ.പി വോട്ട് മറിച്ചതെന്ന് കോൺഗ്രസും ആരോപിക്കുമ്പോൾ തനിക്കെതിരെ സംഘടിതമായി ബി.ജെ.പി വോട്ട് മറിച്ചെന്ന ഗുരുതര ആരോപണവുമായി എൻ.ഡി.എ സഖ്യത്തിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തഴവ സഹദേവനും രംഗത്തെത്തി.
ബൂത്തിൽ ഇൻ ഏജന്റായി പ്രവർത്തിച്ച ബി.ജെ.പിക്കാർ പോലും തനിക്ക് വോട്ട് ചെയ്‌തില്ലെന്നാണ് ബി.ഡി.ജെ.എസ് സംസ്ഥാന ഭാരവാഹി കൂടിയായ തഴവ സഹദേവന്റെ ആക്ഷേപം. അഞ്ച് ബൂത്തുകളിൽ പൂജ്യം വോട്ടാണ് തഴവയ്‌ക്ക് ലഭിച്ചത്. ബി.ജെ.പിക്ക് 15,000ത്തിലധികം വോട്ടുള്ള മണ്ഡലത്തിൽ അദ്ദേഹം നേടിയത് 5,603 വോട്ട് മാത്രമാണ്. ഇതുസംബന്ധിച്ച് തന്റെ പാർട്ടിക്കും എൻ.ഡി.എ നേതൃത്വത്തിനും പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.ഡി.എ സ്ഥാനാർത്ഥി മറ്റൊരു മണ്ഡലത്തിൽ നിന്നുള്ള പുതുമുഖമായിരുന്നു, എൽ.ഡി.എഫിനും യു.ഡി.എഫിനും മണ്ഡലത്തിൽ പരിചിതരായ സ്ഥാനാർത്ഥികളായിരുന്നുവെന്നും വോട്ട് കുറഞ്ഞതിന് കാരണം ഇതായിരിക്കാമെന്നുമാണ് ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.
മുന്നണി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമമുണ്ടായോ എന്ന് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ആർ. രജികുമാറിന്റെ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുന്നുണ്ട്. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ വർഗീയ കക്ഷികളുമായി എൽ.ഡി.എഫ് ഉണ്ടാക്കിയ രഹസ്യധാരണ പകൽപോലെ വ്യക്തമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയൻ പറഞ്ഞു.
ബി.ജെ.പിക്ക് ശക്തിയുള്ള നെല്ലനാട് പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 60 ശതമാനത്തോളം വോട്ട് എൽ.ഡി.എഫ് വിലയ്ക്ക് വാങ്ങുകയായിരുന്നെന്നും ജയൻ ആരോപിച്ചു. എന്നാൽ അഞ്ചുവർഷം മണ്ഡലത്തിൽ നടത്തിയ വികസന മുന്നേറ്റത്തിനുള്ള അംഗീകാരമാണ് പ്രതിഫലിച്ചതെന്ന് വിജയിച്ച അഡ്വ.ഡി.കെ. മുരളി (എൽ.ഡി.എഫ്) അവകാശപ്പെട്ടു. കന്നിയങ്കത്തിൽ ടി. ശരത്ചന്ദ്ര പ്രസാദിനെ 9,596 വോട്ടിനാണ് പരാജയപ്പെടുത്തിയതെങ്കിൽ ഇത്തവണ 10,242 വോട്ടാണ് ഭൂരിപക്ഷം. ആനാട് ജയന്റെ നേതൃത്വത്തിൽ മാലിന്യപ്ലാന്റ് വിരുദ്ധ സമരം കത്തിപ്പടർന്ന പെരിങ്ങമ്മല പഞ്ചായത്തിൽ 2,277 വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫിന് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |