SignIn
Kerala Kaumudi Online
Friday, 11 September 2026 6.24 AM IST

'അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപന സാദ്ധ്യത കൂടുതലാണ്, പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആരെയും അനുവദിക്കരുത്'; മുഖ്യമന്ത്രി

migrant-workers

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെഇടയിൽ കൊവിഡ്‌ രോഗവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും അക്കാര്യത്തിൽശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആരെയും അനുവദിക്കരുതെന്നും പോസിറ്റീവ് ആയവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റി പാർപ്പിക്കണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിർമ്മാണപ്രവർത്തനം സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിലാളികളെ സൈറ്റിൽ തന്നെ താമസിപ്പിക്കണം. അല്ലെങ്കിൽ വാഹനത്തിൽ താമസ സ്ഥലത്തെത്തിക്കണം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് തിരിച്ചെത്തിക്കണം. ഇവരെ തൊഴിലിനു ഉപയോഗിക്കുന്നവരാണ് ഇത് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ തൊഴിൽ വകുപ്പ് മേൽനോട്ടം വഹിക്കും. ഭക്ഷണകാര്യം തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഒരു ഗതാഗത പ്ലാൻ ഉണ്ടാവണം. ആംബുലൻസ് കൂടാതെ മറ്റു വാഹനങ്ങളെയും ഉപയോഗിക്കാൻ കഴിയണം. ഒരു പഞ്ചായത്തിൽ അഞ്ച് വാഹനവും ഒരു നഗരസഭയിൽ പത്ത് വാഹനവും ഉണ്ടാകണം. വാർഡ് തല സമിതികളുടെ വശം പൾസ് ഓക്സിമീറ്റർ കരുതണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒരു വാർഡ്തല സമിതിയുടെ കയ്യിൽ അഞ്ച് ഓക്സിമീറ്റർ എങ്കിലും കരുതുന്നത് നല്ലതാണ്.

പഞ്ചായത്ത്-നഗരസഭാ തലത്തിൽ ഒരു കോർ ടീം വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് - നഗരസഭ അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ ഉള്ള ടീമിൽ സെക്രട്ടറി, ആരോഗ്യ സമിതി ചെയർമാൻ, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ പ്രതിനിധി, സെക്ടറൽ മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ എന്നിവർ ഉണ്ടാകണം. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യാം. മുഖ്യമന്ത്രി അറിയിക്കുന്നു.

ഇന്ന് സംസ്ഥാനത്ത് 41,971 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.

content details: pinarayi vijayan on covid situation amongst migrant workers in kerala.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MIGRANT WORKERS, KERALA, COVID, COVIDTEST, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA