വടകര: ഓക്‌സിജൻ അളവ് നിർണയിക്കുന്ന പൾസ് ഓക്‌സി മീറ്ററിന് മിക്കയിടത്തും അമിതവില ഈടാക്കുന്നുവെന്ന പരാതികളെ തുടർന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വടകര നഗരത്തിലെ സർജിക്കൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
വടകര പുതിയ സ്റ്റാൻഡിന് സമീപത്തെ റീജൻസി ടവറിൽ പ്രർത്തിക്കുന്ന ഹോൾസെയിൽ സർജിക്കൽ സ്ഥാപനത്തിൽ ജിസ്‌മോർ കമ്പനിയുടെ 986 രൂപ വില വരുന്ന പൾസ് ഓക്‌സി മീറ്റർ 1400 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്ന് കണ്ടെത്തി. ഇനി അമിതലാഭം ഈടാക്കില്ലെന്നും ബാക്കി സ്റ്റോക്ക് ഒരെണ്ണത്തിന് 1,100 രൂപ വീതം മാത്രം ഈടാക്കി വില്പന നടത്തുമെന്നും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ താക്കീത് നൽകി വിട്ടു.
വീരഞ്ചേരിയിലും സമീപത്തുമുള്ള സർജിക്കൽ കടകളിലും ഉദ്യോഗസ്ഥസംഘം പരിശോധനയ്ക്കെത്തിയിരുന്നു. ചിലയിടങ്ങളിൽ കമ്പനിയുടെ പേരോ എം.ആർ.പി യോ രേഖപ്പെടുത്താത്ത ഓക്‌സിമീറ്ററുകൾ വില്പപനയ്ക്കുള്ളതായി കണ്ടെത്തി. ചില കടകളിൽ പുതിയ സ്റ്റോക്ക് എത്തിക്കാതെ മന: പൂർവം ക്ഷാമം ഉണ്ടാക്കുന്നതായും ബോദ്ധ്യപ്പെട്ടു. ഇത്തരം കടകളിൽ പെട്ടന്ന് ആവശ്യത്തിന് സ്റ്റോക്ക് എത്തിക്കാൻ നിർദ്ദേശം നൽകി. വിതരണ കമ്പനികൾ കൊവിഡ് അതിതീവ്രവ്യാപന സാഹചര്യം മുതലെടുത്ത് വില കൂട്ടിയാണ് എത്തിക്കുന്നതെന്നായിരുന്നു ചിലരുടെ വിശദീകരണം. പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർ ടി.സി.സജീവന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ടി.വി നിജിൻ, കെ. ടി സജീഷ്, കെ.പി കുഞ്ഞികൃഷ്ണൻ എന്നിവരെ കൂടാതെ ജീവനക്കാരായ
എസ്.സുനിൽകുമാർ, ഇ.കെ.ഗോപാലകൃഷ്ണൻ, കെ.പി.ശ്രീജിത്ത്കുമാർ തുടങ്ങിയവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |