SignIn
Kerala Kaumudi Online
Monday, 07 July 2025 1.00 AM IST

സുന്ദരരാജ് ഒരാൾ മാത്രം പോര...

Increase Font Size Decrease Font Size Print Page

sundraraj

" എന്റെ അച്ഛനും അമ്മയും കൊല്ലം മുനിസിപ്പാലിറ്റിയിൽ തോട്ടിപ്പണി ചെയ്തിരുന്നു. അച്ഛൻ 1975 ൽ മരിച്ചു. സർക്കാർ 1982 ൽ തോട്ടിപ്പണി നിരോധിക്കുന്നതുവരെ അമ്മ ആ ജോലി തുടർന്നു. എന്തുവന്നാലും ആ ജോലി ചെയ്യില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഇത്തരം പണി ചെയ്യുന്നവർക്ക് മാന്യമായ മറ്റു തൊഴിലുകളിൽ ഏർപ്പെടാൻ അവസരം ഉണ്ടാക്കണമെന്നും അവരുടെ ജീവിതനിലവാരം ഉയർത്താൻ മാർഗനിർദ്ദേശം നൽകുന്നതുമായ വിധി 2014 ൽ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. അതിനുള്ള ബോധവത്‌കരണ പ്രവർത്തനത്തിനു വേണ്ടി ഞാൻ ജീവിതം സമർപ്പിച്ചു."--എം.സുന്ദരരാജ് സംസാരിക്കുകയായിരുന്നു.

ഈ വർഷത്തെ ' ഭാരതരത്ന സി.സുബ്രഹ്മണ്യം ' പുരസ്കാരം ഈ 49കാരനായിരുന്നു. ഒരു ലക്ഷം രൂപ പാരിതോഷികമുള്ള ഈ ബഹുമതി ഇന്ത്യയിലെ മികച്ച സന്നദ്ധ സേവകർക്ക് നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ 2004 മുതൽ നൽകിവരുന്നതാണ്. കേന്ദ്ര ധനകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും കൃഷിവകുപ്പു മന്ത്രിയുമൊക്കെയായിരുന്ന സുബ്രഹ്മണ്യത്തിന്റെ പേരിലാണ് പുരസ്‌കാരം. ഇന്ത്യൻ ഹരിത വിപ്ളവത്തിന് ഡോ.എം.എസ്.സ്വാമിനാഥനോടൊപ്പം ചുക്കാൻ പിടിച്ച സുബ്രഹ്മണ്യത്തെ രാജ്യം ഭാരതരത്നം നൽകി ആദരിച്ചിരുന്നു. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും തന്റെ പോരാട്ടം തുടരുമെന്നാണ് സുന്ദരരാജ് പറയുന്നത്. സഭായി കർമ്മചാരി ആന്ദോളന്റെ കേരള കൺവീനറാണ് സുന്ദരരാജ്.

സുപ്രീംകോടതി വിധി വന്നെങ്കിലും രാജ്യത്ത്, എന്തിന് , കേരളത്തിൽപ്പോലും ഈ പണി പൂർണമായി അവസാനിച്ചിട്ടില്ലെന്നാണ് സുന്ദരരാജിന്റെ വിലയിരുത്തൽ. സെപ്റ്റിക് ടാങ്ക് ക്ളീൻ ചെയ്യുന്നതും മാൻഹോൾ വ‌ൃത്തിയാക്കുന്നതും ഡ്രെയിനേജ് ക്ളീൻ ചെയ്യുന്നതും റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതുമൊക്കെ ഈ ജോലി തന്നെയാണ്. മറ്റു തൊഴിലുകളിൽ നൈപുണ്യപരിശീലനം നൽകി ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും ഇത്തരം ജോലികൾ യന്ത്രസഹായത്തോടെ ചെയ്യുന്നതിനുള്ള ആധുനിക മാർഗങ്ങൾ ആവിഷ്‌കരിക്കണമെന്നും സുപ്രീംകോടതി വിധി അനുശാസിച്ചിരുന്നു.

മാനുവൽ സ്കാവഞ്ചിംഗ് അഥവാ തോട്ടിപ്പണി പഴയരൂപത്തിൽ ഇന്നില്ല. പണ്ട് ടാർവീപ്പപോലെ വലിയ പാട്ട ഉരുട്ടിക്കൊണ്ടു പോകുന്നവരും, സൈക്കിളിൽ തൊട്ടിയുമായി പോകുന്നവരും ഉണ്ടായിരുന്നു. വീടുകളിൽ നിന്നും വിസ‌ർജ്യം പതിവായി കോരുന്നതായിരുന്നു അവരുടെ പണി. വിസർജ്യവസ്തുക്കൾ നിറഞ്ഞ കുഴിയിലിറങ്ങി പണി ചെയ്യുന്നവർ. മനുഷ്യ വിസർജ്യം മനുഷ്യൻ തന്നെ കോരുന്ന നികൃഷ്ടമായ അവസ്ഥയ്ക്ക് അല്പമെങ്കിലും പരിഹാരം കാണാൻ സ്വാതന്ത്ര്യം നേടിയിട്ട് പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു. 1947 ൽ തകഴി ശിവശങ്കരപ്പിള്ള എഴുതിയ 'തോട്ടിയുടെ മകൻ' ആലപ്പുഴയിൽ അക്കാലത്ത് തോട്ടിപ്പണി ചെയ്തിരുന്ന മനുഷ്യരുടെ ദുരിതപൂർണമായ ജീവിതം വരച്ചുകാട്ടുന്നതായിരുന്നു. തന്റെ മകൻ തോട്ടിപ്പണി ചെയ്യേണ്ടി വരരുതെന്ന് ദൃഢനിശ്ചയം എടുത്ത ചുടലമുത്തുവിന്റെ കഥ. തോട്ടിപ്പണി ചെയ്തവരുടെ മലീമസവും ദുർഗന്ധം നിറഞ്ഞതുമായ ജീവിതത്തെ തകഴിയെപ്പോലെ രേഖപ്പെടുത്തിയ എഴുത്തുകാർ വിരളമാണ്.

പ്ളസ് ടു പാസായ സുന്ദരരാജ് കർമ്മചാരി ആന്ദോളൻ ദേശീയ കൺവീനർ മഗ്സസേ അവാർഡ് ജേതാവായ ബസ് വാദ വിൽസണെ പരിചയപ്പെട്ടതോടെയാണ് സന്നദ്ധസേവനത്തിന് ഇറങ്ങിത്തിരിച്ചത്. ബസ് വാദ ബോധവത്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സുന്ദരരാജ് താമസിക്കുന്ന കൊല്ലം കപ്പലണ്ടിമുക്കിലെ മുനിസിപ്പൽ കോളനിയിലും വന്നിരുന്നു. ഇന്ത്യയിൽ തോട്ടിപ്പണി നിലനില്‌ക്കുന്ന ജില്ലകളിലെല്ലാം ബോധവത്‌കരണത്തിന്റെ ഭാഗമായി നടത്തിയ ബസ് റാലിയിൽ സുന്ദരരാജ് പങ്കെടുത്തിരുന്നു. മാനുവൽ സ്കാവഞ്ചിംഗ് അവസാനിപ്പിക്കാനുള്ള ബോധവത്‌കരണമാണ് ആന്ദോളന്റെ ലക്ഷ്യം.

തോട്ടിപ്പണി ചെയ്യുന്നവരെക്കുറിച്ച് കേന്ദ്ര ഏജൻസിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ പാലക്കാട്, എറണാകുളം ,ആലപ്പുഴ, കൊല്ലം ജില്ലകളിൽ സർവേ നടത്തി. സ്കാവഞ്ചിംഗ് നിരോധിച്ചതോടെ പലരും ഇത് തുറന്നു പറയാൻ തയ്യാറായില്ല. ഇരുട്ടിന്റെ മറവിലാണ് ഇത്തരം പണികൾ പലരും ചെയ്യുന്നത്. ഈ പണികളൊക്കെ ആരു ചെയ്യുമെന്ന ചോദ്യത്തിന് സുപ്രീം കോടതി വ്യക്തമായ നിർദ്ദേശമാണ് നൽകിയത്. യന്ത്രസാമഗ്രികൾ ഉപയോഗിക്കണമെന്ന്. പക്ഷേ അതിന് സർക്കാരാണ് മുൻകൈയെടുക്കേണ്ടത്. മനുഷ്യൻ മാലിന്യം വാരുന്നതിനു പകരം സക്കർമെഷീൻ ചില കോർപ്പറേഷനുകൾ വാങ്ങിയിരുന്നു. പക്ഷേ അത് വ്യാപകമായി ഉപയോഗിക്കുന്നില്ലെന്ന് സുന്ദരരാജ് പറയുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ ജൻ റോബോട്ടിക്സ് കമ്പനി ബണ്ടിക്കൂട്ട് എന്നൊരു റോബോട്ട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിമൽ, നിഖിൽ, റാഷിദ് അരുൺജോർജ് എന്നീ യുവാക്കളുടെ നേതൃത്വത്തിലായിരുന്നു ഇത്. മാൻഹോൾ വൃത്തിയാക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഈ റോബോട്ടിന് 40 ലക്ഷം രൂപയാണ് വില. കേരളം ഇതിനോടകം ഒരെണ്ണം വാങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നല്ല ഡിമാൻഡാണ്.

വിധു വിൻസെന്റ് സംവിധാനം ചെയ്ത മാൻഹോൾ എന്ന സിനിമയുടെ സ്ക്രിപ്റ്റ് കൺസൾട്ടന്റായിരുന്നു സുന്ദരരാജൻ. അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു. കൊല്ലം മുനിസിപ്പൽ കോളനിയിൽ ഷീറ്റിട്ട ഒറ്റമുറി വീട്ടിലാണ് താമസം. അവിവാഹിതനാണ്. എൽ.ഐ.സി ഏജൻസിയും ചില മാർക്കറ്റിംഗ് ജോലികളും ചെയ്താണ് ഉപജീവനം നടത്തുന്നത്. കിട്ടുന്ന പൈസ ആന്ദോളന്റെ പ്രവർത്തനത്തിന് വിനിയോഗിക്കും. കൊല്ലം മുനിസിപ്പൽ കോളനിയിൽ ഇത്തരം പണി ചെയ്തിരുന്നവർ പലരും ഇപ്പോൾ കൊല്ലം കോ‌ർപ്പറേഷന്റെ സാനിറ്റൈസേഷൻ വർക്കേഴ്സാണ്. പേര് കേൾക്കാൻ രസമുണ്ടെന്നു മാത്രം. കേരള ശുചിത്വ മിഷന് ഇക്കാര്യത്തിൽ പലതും ചെയ്യാൻ കഴിയും. സുന്ദരരാജനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും കടമയാണ്.

സുന്ദരരാജന്റെ ഫോൺ -98469 45249

TAGS: KALAM, SUNDARA RAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.