കൊട്ടാരക്കര: ഇന്നോവ കാറിൽ കടത്തിയ നാല് കിലോ കഞ്ചാവ് പൊലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. എം.സി റോഡിൽ കൊട്ടാരക്കര കുന്നക്കരയ്ക്ക് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് നിറുത്താതെ പോയ ഇന്നോവ കാറിനെ പൊലീസ് പിന്തുടരുകയായിരുന്നു. എം.സി റോഡിൽ നിന്ന് ഗോവിന്ദമംഗലം റോഡിലേക്ക് കടന്ന കാർ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. കാറിലുണ്ടായിരുന്നവരെ കണ്ടെത്താൻ നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ കാറിന് സമീപത്ത് നിന്ന് കഞ്ചാവിന്റെ കുറച്ച് ഭാഗം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദൂരേക്ക് വലിച്ചെറിഞ്ഞ നാല് കിലോ കഞ്ചാവ് കണ്ടെടുത്തത്. വാഹന ഉടമയായ കുളക്കട സ്വദേശിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുമ്പ് കോട്ടാത്തല സ്വദേശിയായ ഒരാൾ തന്റെ പക്കൽ നിന്ന് കാർ വാടകയ്ക്കെടുത്തിരുന്നതായി കാറുടമ പൊലീസിന് മൊഴി നൽകി. കാറുടമയും വാഹനത്തിൽ ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |