SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.08 PM IST

11 ലക്ഷവും അദ്ധ്വാനവും വെള്ളത്തിൽ, ആശങ്കയകലാതെ നെൽക്കർഷകർ

Increase Font Size Decrease Font Size Print Page
kurungal-ela
ചേന്നമത്ത് കുറുങ്ങൽ ഏലായിൽ വെള്ളം കയറിയ നിലയിൽ

ചാത്തന്നൂർ: ലക്ഷക്കണക്കിന് രൂപയും മാസങ്ങളുടെ അദ്ധ്വാനവും മഴ കവർന്നെടുക്കുമോയെന്ന ആശങ്കയിലാണ് ചേന്നമത്ത് കുറുങ്ങൽ ഏലായിൽ കൃഷിയിറക്കിയ നെൽക്കർഷകർ. ദിവസങ്ങളായി തുടരുന്ന മഴയിൽ ചേന്നമത്ത് മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള വയലേലകൾ മുഴുവൻ വെള്ളത്തിനടിയിലായി. മൂന്ന് ദിവസമായി കെട്ടിനിൽക്കുന്ന വെള്ളം ഇനിയുമിറങ്ങിയില്ലെങ്കിൽ ഒരു മാസത്തോളം വളർന്ന ഞാറ് അഴുകാൻ തുടങ്ങും.

ഓണത്തിന് കൊയ്തെടുക്കാൻ ലക്ഷ്യമിട്ടാണ് കുറുങ്ങൽ ഏലാ സമിതിയും ചാത്തന്നൂർ ഗ്രാമപഞ്ചായത്തും ചേർന്ന് ഏലായിലെ 56 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കിയത്. ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികൾ ഒന്നര മാസത്തിലേറെ ഇതിനായി അദ്ധ്വാനിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 11.5 ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. വിത്തും വളവും പഞ്ചായത്ത് തന്നെ ലഭ്യമാക്കി. ഇതിനിടെയാണ് മഴ വില്ലനായെത്തിയത്.

പ്രദേശത്ത് മഴ താരതമ്യേന കുറഞ്ഞെങ്കിലും കിഴക്കൻ മലയോരങ്ങളിൽ പെയ്ത്ത് തുടരുന്നത് മൂലം ഇത്തിക്കരയാറ്റിലെ ജലനിരപ്പ് താഴാത്തതാണ് വയലിലെ വെള്ളമിറങ്ങാതിരിക്കാൻ കാരണം. വ്യാപകമായ മണലൂറ്റൽ മൂലം കൊഞ്ചിക്കടവിലും സമീപത്തുമുള്ള ഇത്തിക്കരയാറിന്റെ തീരം ദുർബലമായതാണ് മൺഭിത്തി മുറിഞ്ഞ് വെള്ളം ഏലായിലേക്ക് കയറാൻ ഇടയായതെന്ന് ഏലാസമിതി പ്രവർത്തകർ പറയുന്നു.

 ഇത്തിക്കരയാർ കരകവിയുമ്പോൾ മലവെള്ളവും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളവും കയറി കൃഷി നശിക്കുന്നത് തുടർക്കഥയാകുകയാണ്. പോളച്ചിറ മാതൃകയിൽ ബണ്ടും പമ്പു ഹൗസും നിർമ്മിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും.

ടി. ദിജു, പ്രസിഡന്റ്, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്

TAGS: LOCAL NEWS, KOLLAM, AGRICULTURE LOSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY