ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് വീഴ്‌ച പറ്റിയെന്നും മതിയായ ഗൗരവത്തോടെ സർക്കാർ വിഷയത്തെ കാണുന്നില്ലെന്നും വിമർശിച്ച കൊവിഡ് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ ഷാഹിദ് ജമീൽ രാജിവച്ചു. രാജ്യത്തെ പ്രമുഖ വൈറോളജിസ്‌റ്റാണ് ഷാഹിദ് ജമീൽ.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വൈറസ് വകഭേദങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉപദേശക സമിതിയാണ് കൊവിഡ് വിദഗ്ദ്ധ സമിതി. ഇന്ത്യൻ സാർസ്-കൊവി-2 ജെനോമിക്‌സ് കൺസോർഷ്യം കൊവിഡ് രോഗാണുവിന്റെ ജനിതക വ്യതിയാനം പഠിച്ച് സർക്കാരിന് നിർദ്ദേശം നൽകാനുളളതായിരുന്നു.
എന്നാൽ ശാസ്‌ത്രീയതയെ അടിസ്ഥാനമാക്കിയുളള നയംരൂപീകരിക്കാൻ രാജ്യത്ത് സാധിക്കുന്നില്ലെന്ന് ഷാഹിദ് ജമാൽ മുൻപ് വിമർശനം ഉന്നയിച്ചിരുന്നു. ഇക്കാര്യം ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം ഉന്നയിക്കുകയും ചെയ്‌തിരുന്നു.
ശാസ്‌ത്രീയതയിലൂന്നിയ നയരൂപീകരണത്തിന് ഇന്ത്യയിൽ ശാസ്‌ത്രജ്ഞന്മാർക്ക് കഴിയുന്നില്ല. കൊവിഡ് പരിശോധനയും നിരീക്ഷണവും വർദ്ധിപ്പിക്കണം, ആശുപത്രികളിൽ താൽക്കാലിക സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കിടക്കകളുടെ എണ്ണം കൂട്ടണം, വിരമിച്ച ഡോക്‌ടർമാരെയും നഴ്‌സുമാരെയും ചേർത്ത് കൂടുതൽ ചികിത്സാ സൗകര്യം കൊണ്ടുവരിക, വാക്‌സിൻ ലഭ്യതക്കുറവ് പരിഹരിക്കുക എന്നീ കാര്യങ്ങളിൽ സർക്കാർ മതിയായ ശ്രദ്ധ കൊണ്ടുവരണമെന്ന് ഷാഹിദ് ആവശ്യപ്പെട്ടിരുന്നു.
മാർച്ച് മാസത്തിൽ തന്നെ ഇന്ത്യയിൽ കാണുന്ന കൊവിഡ് വകഭേദമായ ബി 1.617 എന്ന രോഗാണുവിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. രോഗപ്രതിരോധത്തിന് സഹായകമാകുന്ന കൂടുതൽ വിവരങ്ങൾ നൽകണമെന്ന് രാജ്യത്തെ 800ഓളം ശാസ്‌ത്രജ്ഞർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രി ഇക്കാര്യങ്ങളൊന്നും വേണ്ടത്ര ഗൗരവത്തിൽ സമീപിച്ചില്ലെന്ന് ഷാഹിദ് പ്രതികരിച്ചു.
രാജിയെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാത്ത അദ്ദേഹം താൻ ചെയ്‌തത് ശരിയായ കാര്യമാണെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |