കയ്പമംഗലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ റൗഡി കൂടിയായ കൂരിക്കുഴി ആശാരി കയറ്റം സ്വദേശി ടുഡു എന്ന് വിളിക്കുന്ന പണിക്കവിട്ടിൽ ഇജാസ് (29) ആണ് പിടിയിലായത്. ബൈക്ക് മോഷണം, പിടിച്ചുപറി, അടിപിടി എന്നീ കേസുകളിലാണ് പ്രതിയാണ്.
ഈ മാസം അഞ്ചിന് കയ്പമംഗലം വഴിയമ്പലത്തുള്ള പെട്രോൾ പമ്പിൽ നിന്ന് 620 രൂപയ്ക്ക് പെട്രോൾ അടിച്ച് പണം നൽകാതെ ജീവനക്കാരന്റെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് 1,200 രൂപ പിടിച്ചുപറിച്ച സംഭവം, കൂരിക്കുഴി സ്വദേശി തിണ്ടിക്കൽ റാഷിദിന്റെ ബൈക്ക് മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇജാസെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ പട്രോളിംഗിനിടെ ചെന്ത്രാപ്പിന്നിയിൽ വച്ചാണ് മോഷ്ടിച്ച ബൈക്കിൽ വരുന്നതിനിടെ പൊലീസ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്നിന് അടിമയായ ഇയാൾക്കെതിരെ ആറ് കേസുകൾ കയ്പമംഗലത്തും, ഒരു കേസ് മതിലകം പൊലീസ് സ്റ്റേഷനിലുമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ നവീൻ ഷാജ്, ഗ്രേഡ് എസ്.ഐമാരായ സി.കെ ഷാജു, ഷാബു, സീനിയർ സി.പി.ഒ നജീബ്, രാജേഷ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |