ന്യൂഡൽഹി: നാരദാ കൈക്കൂലി കേസിൽ പ്രതികളായ ബി.ജെ.പി എം.എൽ.എമാരെ ഒഴിവാക്കി തങ്ങളുടെ നാലു നേതാക്കൾക്കെതിരെ സി.ബി.ഐ നിയമനടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ്. സി.ബി.ഐ അറസ്റ്റ് ചെയ്‌ത മന്ത്രിമാരായ സുബ്രതാ മുഖർജി, ഫിർഹദ് ഹക്കീം, എം.എൽ.എ മദൻ മിത്ര, മുൻ കൊൽക്കത്ത മേയർ സൊവാൻ ചാറ്റർജി എന്നിവരെ ഹൈക്കോടതി തിങ്കളാഴ്ച രാത്രി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പ്രസിഡൻസി ജയിലിലേക്ക് മാറ്റിയിരുന്നു. മദൻ മിത്രയെയും ചാറ്റർജിയെയും ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
അറസ്റ്റിലായ തൃണമൂൽ നേതാക്കൾ ഉൾപ്പെട്ട നാരദാ കൈക്കൂലി കേസിലെ പ്രതികളാണ് ബി.ജെ.പി എം.എൽ.എമാരായ മുകുൾ റോയിയും സുവേന്ദു അധികാരിയും. തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ ഇവർക്കെതിരെ സി.ബി.ഐ കണ്ണടച്ചതിനെ ചൊല്ലിയാണ് പ്രതിഷേധം. ബംഗാളിനെ വലയ്ക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകേണ്ട സമയത്താണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി ഫിർഹദ് ഹക്കീം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ അറസ്റ്റു ചെയ്ത ഇരുവർക്കും വൈകുന്നേരത്തോടെ സി.ബി.ഐ കോടതി ജാമ്യം നൽകിയെങ്കിലും രാത്രി കൊൽക്കത്ത ഹൈക്കോടതി അത് റദ്ദാക്കുകയായിരുന്നു. നേതാക്കളുടെ അറസ്റ്റിനെതിരെ മുഖ്യമന്ത്രി മമതാബാനർജി സി.ബി.ഐ ഓഫീസിൽ ധർണ നടത്തിയതടക്കം നാടകീയ സംഭവങ്ങളും അരങ്ങേറി.
ബംഗാൾ സർക്കാരിനോട്
വിശദീകരണം തേടി സുപ്രീംകോടതി
പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് രണ്ട് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിൽ സുപ്രീംകോടതി ബംഗാൾ സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസുമാരായ വിനീത് ശരൺ, ബി.ആർ. ഗവായ് എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
മേയ് 2നാണ് ബി.ജെ.പി പ്രവർത്തകരായ അവിജിത്ത് സർക്കാർ, ഹരൺ അധികാരി എന്നിവർ കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട അവിജിത്ത് സർക്കാരിന്റെ സഹോദരനും ഹർജിക്കാരിൽ ഒരാളുമായ ബിസ്വജിത്ത് സർക്കാർ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |