ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിലെ മെവാദ് മേഖലയിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഖലീൽപൂർ സ്വദേശിയും ജിം പരിശീലകനുമായ ആസിഫ് ഖാൻ (25) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ആസിഫിന്റെ രണ്ട് ബന്ധുക്കൾക്കും പരിക്കേറ്റിട്ടുണ്ട്. മെവാദിലെ നീഹിൽനിന്നും സോഹ്നയിലേക്കുളള യാത്രയ്ക്കിടയിലാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്.
മരുന്നു വാങ്ങാനായാണ് ആസിഫ് ബന്ധുക്കളോടൊപ്പം സോഹ്നയിലേക്ക് പോയത്. യാത്രയ്ക്കിടെ ഇവരെ ഒരു കൂട്ടം പേർ ആക്രമിക്കുയായിരുന്നു. ആസിഫിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ സോഹ്നയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്നവരെയും സംഘം വഴിയിൽ ഉപേക്ഷിച്ചു. ഇവർക്കും ഗുരുതര പരിക്കുകളുണ്ട്.
ആസിഫ് കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞതോടെ മെവാദിൽ നാട്ടുകാർ പ്രതിഷേധിച്ചു. കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഗുരുഗ്രാം-ആൽവാർ റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെങ്കിലും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
സംഭവത്തിൽ മതപരമായ കാരങ്ങൾ ഉണ്ടെന്ന ആരോപണം പൊലീസ് തളളിക്കളഞ്ഞു. രണ്ട് ഗ്രൂപ്പുകൾ തമ്മിൽ മുൻപും ഏറ്റുമുട്ടിയിട്ടുണ്ടെന്നും പരസ്പരം പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും അവർ പറയുന്നു. സംഭവത്തിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നിൽ പന്ത്രണ്ടിലേറെ പേർ ഉണ്ടെന്ന് ആസിഫിന്റെ കുടുംബാംഗങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |