SignIn
Kerala Kaumudi Online
Friday, 26 April 2024 10.42 AM IST

സ്ഥാനാർത്ഥി നിർണയം, മന്ത്രിസഭാ രൂപീകരണം - പാർട്ടിനിലപാട്

akg-centre

സ്ഥാനാർത്ഥി നിർണയ വിഷയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും പാർട്ടി സംസ്ഥാന കമ്മിറ്റിയെ നയിച്ച കാഴ്ചപ്പാടുകൾ എന്തെല്ലാമായിരുന്നെന്ന് വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്. രണ്ടുതവണ എം.എൽ.എ മാരായി തുടരുന്നവർ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടതില്ലെന്നും അവർക്ക് പാർട്ടിയിലെ മറ്റു പ്രവർത്തന ചുമതലകൾ നൽകാനും സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായി മന്ത്രിസഭാ രൂപീകരണ കാര്യം ചർച്ചചെയ്ത സംസ്ഥാന കമ്മിറ്റി മന്ത്രിമാരിൽ മുഖ്യമന്ത്രി പിണറായി വിജയനൊഴിച്ച് മറ്റാരും മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്നും പുതിയ സഖാക്കളെ മന്ത്രിമാരായി നിശ്ചയിക്കണമെന്നും തീരുമാനിച്ചു.
നിലവിലുണ്ടായിരുന്ന 59 എം.എൽ.എമാരിൽ 26 പേർ രണ്ടുതവണ തുടർച്ചയായി വിജയിച്ച് എം.എൽ.എമാരായി തുടരുന്നവരായിരുന്നു. സ്ഥാനാർത്ഥിത്വം വീണ്ടും ലഭിക്കാത്ത ഈ 26 പേരിൽ അഞ്ചുപേർ മന്ത്രിമാരായിരുന്നു. ഒരാൾ സ്പീക്കറും. മന്ത്രിമാരായിരുന്ന ഡോ: തോമസ് ഐസക്‌, ഇ.പി.ജയരാജൻ, എ.കെ.ബാലൻ എന്നിവർ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും ജി.സുധാകരൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രൊഫ:സി രവീന്ദ്രനാഥ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവുമാണ്. മറ്റൊരു സംസ്ഥാന കമ്മിറ്റിഅംഗം സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണനാണ്. മന്ത്രിസഭാ രൂപീകരണ ഘട്ടത്തിൽ കേന്ദ്രകമ്മിറ്റി അംഗമായ കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, എം.എം.മണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി.മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പുതിയ മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്ന് നിശ്ചയിക്കപ്പെട്ടു. മറ്റൊരാൾ കെ.ടി.ജലീലാണ്. എം.എൽ.എമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാൾക്കോ കുറെ പേർക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളിൽ നിന്ന് ഇളവ് നൽകേണ്ടതില്ലെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എം.എൽ.എമാരായി രണ്ടുതവണ തുടർന്നവരും എല്ലാ മന്ത്രിമാരും തങ്ങളുടെ ചുമതലകൾ അതിസമർത്ഥമായി നിർവഹിച്ചവരുമാണ്. ചുമതലകൾ സമർത്ഥമായി കൈകാര്യം ചെയ്തവർക്ക് ഇളവ് നൽകിയാൽ 26 എം.എൽ.എമാർക്കും 11 മന്ത്രിമാർക്കും ഇളവ് നൽകേണ്ടി വരുമായിരുന്നു. പുതുതായി ഒരു മന്ത്രിയേയും പുതിയ മന്ത്രിസഭയിൽ എടുക്കാൻ കഴിയുമായിരുന്നില്ല. പ്രവർത്തനമികവിന്റെ പേരിൽ എം.എൽ.എമാരിലോ മന്ത്രിമാരിലോ ഒരാളെയോ കുറെപേരെയോ മാത്രം മറ്റ് അംഗങ്ങളിൽ നിന്ന് വേർതിരിച്ച് പരിഗണിക്കാനാവില്ല. എല്ലാവരും ഒരുപോലെ സമർത്ഥമായി പ്രവർത്തിച്ച സാഹചര്യത്തിൽ പാർടിക്കുള്ളിലും ജനങ്ങൾക്കിടയിലും തെറ്റിദ്ധാരണയും അനൈക്യവും വളർന്നുവരുന്നതിന് അത്തരം സമീപനം ഇടവരുത്താം.
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉപകരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഇന്ത്യൻ സമൂഹത്തിൽ വരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. കരുത്തുള്ള ബഹുജന വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുത്തുകൊണ്ടു മാത്രമേ സാമൂഹ്യമാറ്റങ്ങൾ കൈവരിക്കാൻ കഴിയൂ. ഇന്നത്തെ സമൂഹത്തിൽ പാർലമെന്ററി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് കൂടുതൽ മാദ്ധ്യമ ശ്രദ്ധയും പ്രസിദ്ധിയും ലഭിക്കുന്നു. അതിലൊട്ടും അസ്വഭാവികതയില്ല. പാർലെമെന്റിലെയോ നിയമസഭകളിലെയോ അംഗങ്ങളെന്ന നിലയിലും ഗവൺമെന്റിനെ നയിക്കുന്ന മന്ത്രിമാരെന്ന നിലയിലും ഭരണനിർവഹണത്തിൽ ഇടപെടാനുള്ള അവകാശവും അധികാരവും ലഭിക്കുന്നു . ഇത്തരം പ്രസിദ്ധിയും മാദ്ധ്യമ ശ്രദ്ധയും ബഹുജന വിപ്ലവ പ്രസ്ഥാനത്തെ വളർത്താനുള്ള പാർട്ടിയുടെ പരിശ്രമങ്ങളെ സഹായിക്കും. അതിനുവേണ്ടി പാർട്ടി അതിനെ ഉപയോഗപ്പെടുത്തുന്നു. പാർലമെന്ററി സ്ഥാനങ്ങളിലേക്ക് നിയോഗിക്കുമ്പോൾ മാത്രമാണ് പരിഗണിക്കുന്നതെന്നും നിയോഗിക്കപ്പെടുന്നില്ലെങ്കിൽ അവഗണിക്കുന്നതായും പാർട്ടിയുടെ ഏതെങ്കിലും പ്രവർത്തകൻ കരുതിയാൽ അത് അവരുടെ പാർട്ടി ബോധത്തിന്റെ താഴ്ന്ന നിലവാരത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്.
രണ്ടുതവണ തുടർച്ചയായി എം.എൽ.എമാരായിരുന്നവരെ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഒഴിവാക്കിയാൽ അത് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയസാദ്ധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് ചിലർ കരുതി. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നുള്ള യു.ഡി.എഫിന്റെ ആത്മവിശ്വാസം ഈ അടിസ്ഥാനത്തിലുള്ളതായിരുന്നു. ഒരു വിഭാഗം വലതുപക്ഷ മാദ്ധ്യമങ്ങളും അത്തരം വിശ്വാസത്തിന് കീഴ്‌പ്പെട്ട് പ്രചാരണം നടത്തിയിരുന്നു. എന്നാൽ കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങൾ പാർട്ടിയുടെ നിലപാടുകൾക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും സർവാത്മനാ പിന്തുണ നൽകി. രണ്ടുതവണ തുടർച്ചയായി ജയിച്ച എം.എൽ.എമാരെ ഒഴിവാക്കിയ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പാർട്ടിയുടെ പുതിയ സ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ടുതവണ തുടർച്ചയായി മത്സരിച്ച് ജയിച്ച എം.എൽ.എമാരെ മാറ്റുക എന്നതിന് പകരം വിജയസാദ്ധ്യതയായിരിക്കണം മാനദണ്ഡമായി സ്വീകരിക്കേണ്ടതെന്ന് കേരളത്തിനകത്തും പുറത്തുമുള്ള പാർട്ടി സുഹൃത്തുക്കളിൽ ചിലർ അഭിപ്രായപ്പെടുകയുണ്ടായി.
മന്ത്രിസഭാ രൂപീകരണത്തിൽ വനിതകളെ അവഗണിച്ചുവെന്ന ചില ബൂർഷ്വാ മാദ്ധ്യമങ്ങളുടെയും സാമൂഹ്യമാദ്ധ്യമങ്ങളുടെയും പ്രചാരവേലയിൽ ചില ഇടതുപക്ഷ സുഹൃത്തുക്കളടക്കം പലരും പെട്ടുപോയി. ഇത്തരം പ്രചാരവേലയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. പാർട്ടിയെ പ്രതിനിധീകരിച്ച് കഴിഞ്ഞ മന്ത്രിസഭയിൽ രണ്ട് വനിതകൾ ഉണ്ടായിരുന്നു. പുതിയ മന്ത്രിസഭയിലും പാർട്ടിയെ പ്രതിനിധീകരിച്ച് രണ്ട് വനിതകളുണ്ട്. പുതിയ അംഗങ്ങളെ നിശ്ചയിച്ചുവെന്നത് വനിതകളെ അവഗണിച്ചതിന് കാരണമായി എടുത്തുകാട്ടുന്നത് യുക്തിക്ക് നിരക്കാത്തതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിൽ കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ഉണ്ടായിരുന്ന രണ്ട് വനിതകൾക്ക് പകരം ഇന്ന് മൂന്ന് വനിതകളാണുള്ളത്.

ഒരു വിഭാഗം ബൂർഷ്വാ മാദ്ധ്യമങ്ങൾ പലപ്പോഴും സംഘം ചേർന്ന് പ്രചാരവേലകൾ സംഘടിപ്പിച്ച് പാർട്ടിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. വ്യക്തികളെ ഉയർത്തികാട്ടിയും ചിലരെ ഇകഴ്ത്തിയും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിച്ചു വരുന്നു. തിരഞ്ഞെടുപ്പിൽ സ്ഥനാർത്ഥികളെ നിർണയിക്കുന്നതിലും മന്ത്രിസഭാ രൂപീകരണത്തിലും കേരള സംസ്ഥാന കമ്മിറ്റി സ്വീകരിച്ച ഏറ്റവും ശരിയായ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മന്ത്രിസഭയിൽ പാർട്ടിയുടെ പ്രതിനിധികളായി 11 പുതിയ പ്രവർത്തകരെയും മുഖ്യമന്ത്രിയായി പിണറായി വിജയനെയും നിശ്ചയിക്കാൻ കഴിഞ്ഞത്. രാഷ്ട്രീയവും സംഘടനാപരവുമായ ധീരമായ തീരുമാനങ്ങളെടുത്തു കൊണ്ട് മാത്രമെ എതിർപ്പുകളെ നേരിടാനും മുന്നേറാനുമുള്ള കരുത്താർജ്ജിക്കാൻ പാർട്ടിക്ക് കഴിയൂ. ഇക്കാര്യങ്ങളിൽ പാർട്ടി ഒരിക്കലും അറച്ചു നിൽക്കില്ല, കടമകൾ ധീരമായും ദൃഢനിശ്ചയത്തോടെയും നടപ്പാക്കും.

( സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ് ലേഖകൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.