SignIn
Kerala Kaumudi Online
Friday, 26 April 2024 3.49 PM IST

മുറ്റം നിറയെ ആഡംബര കാറുകൾ മനസ് നിറയെ ബിസിനസ് ഐഡിയകൾ പിടിവീണപ്പോൾ ഞെട്ടിത്തരിച്ച് നാട്ടുകാർ !!

crime

തിരുവനന്തപുരം : മുറ്റം നിറയെ പോഷ് കാറുകൾ. ഇവന്റ് മാനേജ്മെന്റ്, ഫോട്ടോഷൂട്ട്, കാർ സർവീസ് സെന്റർ... എന്നിങ്ങനെ പറഞ്ഞുനടക്കാൻ ബിസിനസുകൾ നിരവധി. റെന്റ് എ കാർ തട്ടിപ്പ് കേസിൽ വിളപ്പിൽശാല സ്വദേശികളായ യുവാക്കളെ പൊക്കിയപ്പോൾ നാട്ടുകാർക്കൊപ്പം പൊലീസും ‌ഞെട്ടി.

വിളപ്പിൽശാല കുരുവിലാഞ്ചി ആലംകോട് രാംനിവാസിൽ പ്രകാശ് (24), കുന്നുംപുറം ജെ.എസ് നിവാസിൽ ജിജു എസ്. സജി (23) എന്നിവരാണ്

റെന്റ് എ കാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. ഇവരുടെ കൂട്ടാളിയും വിളപ്പിൽശാല ഗവ. ആശുപത്രിക്ക് സമീപത്തെ താമസക്കാരനുമായ ആറ്റുകാൽ സ്വദേശി ദിലീപിന് വേണ്ടി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

ഇവന്റിൽ തുടക്കം

സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗമായ പ്രകാശ് പഠനം കഴിഞ്ഞത് മുതൽ പലവിധ ബിസിനസുകളിൽ ഏർപ്പെട്ടുവരികയായിരുന്നു. വീടിന് സമീപത്തെ സർവീസ് സെന്റ‌ർ വാടകയ്ക്കെടുത്ത് നടത്താൻ തുടങ്ങിയതോടെയാണ് പ്രകാശിന് വാഹനങ്ങളോടുള്ള കമ്പം തുടങ്ങിയത്. സർവീസ് സെന്ററിൽ വാഷിംഗിന് കൊണ്ടുവരുന്ന ആഡംബര കാറുകളുടെ രൂപഭംഗിയും സൗകര്യങ്ങളും യാത്രസുഖവും ആ ഭ്രമത്തെ ഇരട്ടിയാക്കി. സർവ്വീസ് സെന്ററിലെത്തുന്ന വാഹന ഉടമകളിൽ പലരുടെയും വാഹനങ്ങൾ വല്ലപ്പോഴും സുഹൃത്തുക്കളുമൊത്ത് കറങ്ങാനും മറ്റും കൊണ്ടുപോയിരുന്ന പ്രകാശിന് താമസിയാതെ സ്വന്തമായി ഒരു കാർ സ്വന്തമാക്കണമെന്ന മോഹം ഉടലെടുത്തു. പിന്നീട് ഇതിനാവശ്യമായ പണം കണ്ടെത്താനുള്ള മാർഗങ്ങളെപ്പറ്റിയുള്ള ആലോചനയായി. അങ്ങനെയാണ് പഠനകാലം മുതൽ സുഹൃത്തായ ജിജുവിനെയും കൂടെ കൂട്ടി പാർട്ണർ ഷിപ്പിൽ എന്തെങ്കിലും ബിസിനസ് തുടങ്ങാൻ തീരുമാനിച്ചത്. ഇവന്റ് മാനേജ് മെന്റ് ബിസിനസ് ലാഭകരമാണെന്ന ചിന്തയിൽ ഇരുവരും ചേർന്ന് വിളപ്പിൽശാല കേന്ദ്രീകരിച്ച് സ്ഥാപനം തുടങ്ങി. ഫോട്ടോ, വീഡിയോ ഷൂട്ടിംഗിനായി സ്റ്റുഡിയോയും വീഡിയോ ലാബും തുടങ്ങിയ ഇവർ വിവാഹം പോലുളള ആഘോഷങ്ങൾക്കായി കാറ്ററിംഗ് ഗ്രൂപ്പുകളുടെ സഹായവും തേടി. ബിസിനസ് കാൻവാസ് ചെയ്യാനും കസ്റ്റമേഴ്സിനെ സ്വീകരിക്കാനും മുന്തിയ കാറുകളും ഓഫീസ് സെറ്റപ്പും വേണമെന്ന് തീരുമാനിച്ചു. കസ്റ്റമേഴ്സിനെ കാണാൻ പോകുമ്പോൾ ആഡംബര കാർ തന്നെ വേണമെന്ന് ആഗ്രഹിച്ച പ്രകാശ്,​ തങ്ങളുടെ പ്രദേശത്തെങ്ങും റെന്റ് എ കാർ ബിസിനസില്ലാത്തതിനാൽ തിരുവനന്തപുരത്ത് നിന്നെത്തി നാട്ടിൽ വിവാഹം ചെയ്ത് താമസിക്കുന്ന ദിലീപിന്റെ സഹായം തേടി. നഗരത്തിലെ റെന്റ് എ കാർ സംഘങ്ങളുമായെല്ലാം നല്ല അടുപ്പവുമുള്ളയാളായിരുന്നു നഗരത്തിലെ ചെറിയ ഗുണ്ട കൂടിയായ ദിലീപ്. ദിലീപിന്റെ സഹായത്തോടെ നഗരത്തിൽ നിന്ന് ഒരു കാർ റെന്റിനെടുത്തായിരുന്നു തുടക്കം. ബിസിനസ് ആവശ്യത്തിനും സ്വകാര്യ യാത്രകൾക്കും കാർ ഉപയോഗിച്ചെങ്കിലും കൊവിഡും നിയന്ത്രണങ്ങളും കാരണം ആഘോഷങ്ങൾക്ക് അവധിയായി. അങ്ങനെ ഇവന്റ് മാനേജ്മെന്റ് ബിസിനസ് പച്ചപിടിച്ചില്ല.

തട്ടിപ്പിലേക്ക് ഒരു യു ടേൺ!

ഇവന്റ് മാനേജ് മെന്റ് വിജയിച്ചില്ലെങ്കിലും ബിസിനസ് ഗ്രൂപ്പെന്ന് പേരെടുത്തതോടെ പിന്നീട് റെന്റ് എ കാർ മേഖലയിലായി കണ്ണ്. റെന്റ് എ കാർ സംഘങ്ങളിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് വാടകയ്ക്ക് നൽകി ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് അതിലേക്ക് ഇറങ്ങിയത്. ഇവന്റ് മാനേജ് മെന്റിന്റെ ഭാഗമായി വിവാഹപ്പാർട്ടികൾക്കെന്നും മറ്റും പറഞ്ഞായിരുന്നു റെന്റ് എ കാർ ബിസിനസുകാരിൽ നിന്ന് വാഹനം വാടകയ്ക്കെടുത്തത്. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ അതും വിജയിക്കാതായപ്പോൾ സാമ്പത്തിക പ്രതിസന്ധിയായി. കാർ ഉടമകൾക്ക് വാടക കൊടുക്കാൻ നിവൃത്തിയില്ലാതായപ്പോൾ പുതിയ ആളുകളിൽനിന്ന് വാഹനങ്ങളെടുത്ത് പണയപ്പെടുത്തി വാടക നൽകിത്തുടങ്ങി. തങ്ങളുടെ വാഹനം പണയപ്പെടുത്തിയ പണമാണ് വാടകയായി ലഭിക്കുന്നതെന്നറിയാതെ കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന പണം കൈപ്പറ്റി ഉടമകളും സംതൃപ്തരായി. നഗരത്തിലും പരിസരത്തുമുള്ള ഒട്ടുമിക്ക റെന്റ് എ കാറുകാരുമായും ഇടപാടുകൾ നടത്തിയ സംഘം പുതിയ ഇരകളെ തേടി തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളിലേക്ക് കടന്നു. കൊവിഡ് ഡ്യൂട്ടി, നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ഇവിടങ്ങളിൽ വാഹന ഉടമകളെ പറ്റിച്ചത്. ബാദ്ധ്യതകൾ കൂടിയതോടെ ഇതിൽ ചില വാഹനങ്ങൾ തമിഴ്നാട്ടിലെ ചില കേന്ദ്രങ്ങളിലെത്തിച്ച് പൊളിച്ചുവിറ്റു. കഴിഞ്ഞ രണ്ടുമാസമായി വാടക കിട്ടാതായപ്പോൾ റെന്റ് എ കാർ ഉടമകളിൽ പലരും പ്രകാശിനെ ഫോണിൽ വിളിക്കാനും അന്വേഷിക്കാനും തുടങ്ങി. വാഹനവും വാടകയും നൽകാമെന്ന് പറഞ്ഞ അവധികൾ പലതും കഴിഞ്ഞതോടെ നിൽക്കള്ളിയില്ലാതെ പ്രകാശ് മുങ്ങി.

പണിപറ്റിച്ച മിസിംഗ് കേസ്

പ്രകാശിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ വിളപ്പിൽശാല പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ കോൾ വിശദാംശങ്ങൾ പരിശോധിച്ച പൊലീസ് അന്വേഷണം കടുപ്പിച്ചതോടെ പ്രകാശ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രകാശ് മുങ്ങിയെന്ന വാർത്തയറിഞ്ഞ വാഹന ഉടമകളും പൊലീസ് സ്റ്രേഷനിലെത്തി. ഇവരിൽ നിന്ന് പൊലീസിന് ലഭിച്ച വിവരമാണ് റെന്റ് എ കാർ തട്ടിപ്പിലെ സൂചനയായത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രകാശ് പൊലീസിനോട് വിവരങ്ങൾ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതിയായ ജിജുവിനെ പൊലീസ് പൊക്കിയപ്പോഴാണ് ഒരുവർഷത്തോളമായി തിരുവനന്തപുരം ജില്ലയിലാകെ നടന്ന തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. അറുപതോളം വാഹനങ്ങൾ തട്ടിയെടുത്ത സംഘത്തെപ്പറ്റി വിശദമായി അന്വേഷിക്കാനും തട്ടിയെടുത്ത വാഹനങ്ങൾ കണ്ടെത്താനുമായി ഇരുവരെയും ഉടൻ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമനത്തിലാണ് പൊലീസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.