SignIn
Kerala Kaumudi Online
Friday, 19 April 2024 6.28 PM IST

കുഴൽപ്പണ കവർച്ചക്കേസ്: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള ക്യാമ്പയിൻ തുടങ്ങി ബി.ജെ.പി

bjp

തിരുവനന്തപുരം: കൊടക്കര കുഴൽപ്പണ കവർച്ച കേസിൽ പ്രതിരോധത്തിലായതിനെ തുടർന്ന് ബി.ജെ.പി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള ക്യാമ്പയിൻ തുടങ്ങി. ബി.ജെ.പിയെ പ്രതിരോധത്തിലാക്കാൻ സർക്കാരിനും പൊലീസിനുമൊപ്പം മാദ്ധ്യമങ്ങളും കൂട്ടുനിൽക്കുന്നു എന്ന ആരോപണമുയർത്തിയാണ് ബി.ജെ.പി സാമൂഹ്യ മാദ്ധ്യമങ്ങളെ ആശ്രയിക്കുന്നത്. നേരത്തെ സി.പി.എമ്മിലെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ മാദ്ധ്യമ സിൻഡിക്കേറ്റ് എന്ന പ്രയോഗം സി.പി.എം നടത്തിയിരുന്നു. ഇതിന് സമാനമായി ദൃശ്യ -ശ്രവ്യ മാദ്ധ്യമങ്ങളിലെ സി.പി.എം പാർട്ടി ഫ്രാക്ഷനാണ് ബി.ജെ.പി വിരുദ്ധ വാർത്തകൾ പടച്ചു വിടുന്നതാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഫ്രാക്ഷൻ തയ്യാറാക്കുന്ന വാർത്തകൾ വ്യാപകമാവുന്നതോടെ ഇതിനനുസൃതമായ വാർത്തകൾ നൽകാൻ മറ്രു മാദ്ധ്യമങ്ങളും നിർബന്ധിതരാവുകയാണെന്നാണ് ബി.ജെ.പിയുടെ വ്യാഖ്യാനം. തങ്ങൾക്ക് നേരെ നടക്കുന്ന ആരോപണങ്ങൾക്ക് മറുപടിക്ക് മാദ്ധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും ഇതിന് പിറകിൽ ഫ്രാക്ഷനാണെന്നുമാണ് വിമർശനം. ആറുപേർ മാത്രം പങ്കെടുത്ത നേതൃയോഗത്തിൽ പോലും ഭിന്നിപ്പുണ്ടെന്ന് വരുത്തിതീർക്കാൻ ഇവരോടാരോടും ചോദിക്കാതെ നേതാക്കളുടെ പേരിൽ ഇല്ലാക്കഥകൾ സൃഷ്ടിക്കുകയാണെന്നാരോപണം. ബി.ജെ.പി അനുഭാവികളിൽ ആശയക്കുഴപ്പവും ആത്മവിശ്വാസക്കുറവും ഉണ്ടാക്കാനും പൊതുസമൂഹത്തിന് മുന്നിൽ ബി.ജെ.പിയെ താറടിച്ചുകാണിക്കാനും സി.പി.എം നടത്തുന്ന ഗൂ‌ഡാലോചനയ്ക്ക് പത്രങ്ങളും ചാനലുകളും കൂട്ടുപിടിക്കുന്നുവെന്നാണ് ബി. ജെ.പി ആരോപിക്കുന്നത്.

ഇതിന് മറുപടിയായി ക്ലബ് ഹൗസ് തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങളിലുടെ ആയിരക്കണക്കിന് പാർട്ടിപ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ച് ഈ വിഷയത്തിൽ ചർച്ചകൾ നടത്തുകയും ചോദ്യങ്ങളുന്നയിക്കുകയും അതിനുത്തരം പറയുകയുമാണ് ചെയ്യുന്നത്. ഗൂഗിൽ മീറ്രുകൾ, വാട്സാപ് കൂട്ടായ്മകൾ , ഫെയ്സ് ബുക്ക് ലൈവുകൾ തുടങ്ങിയവയും നടത്തി തുടങ്ങി. ബി.ജെ.പി അനുകൂല പ്രൊഫഷണൽ ഗ്രൂപ്പുകളിലും വിശദീകരണങ്ങളും ചോദ്യോത്തരങ്ങളും തുടങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസത്തെ ക്ലബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തത്. സംസ്ഥാനത്തെ മറ്ര് ബി.ജെ.പി നേതാക്കളുടെ വാർത്താ സമ്മേളനങ്ങളും തുടർ ദിവസങ്ങളിൽ നടക്കും. ആദ്യം നിയോജക മണ്ഡലം അടിസ്ഥാനത്തിലും പിന്നീട് പ്രാദേശിക തലത്തിലും പ്രവർത്തകർക്കായി വിശദീകരണ യോഗങ്ങളും നടത്തും.

എന്താണ് പാർട്ടി ഫ്രാക്ഷൻ

ട്രേഡ് യൂണിയൻ, കർഷക, കർഷകത്തൊഴിലാളി സംഘടനകൾ തുടങ്ങിയ വർഗ സംഘടനകളിലും യുവജന, വിദ്യാർത്ഥി, മഹിളാ തുടങ്ങിയ ബഹുജന സംഘടനകളിലും ഉള്ള പാർട്ടി അംഗങ്ങൾ അതാത് ഘടകങ്ങളിലെ പാർട്ടി നേതാക്കളുമായി ഒരുമിച്ചു കൂടി തീരുമാനമെടുക്കുന്ന കമ്യൂണിസ്റ്ര് പ്രവർത്തന ശൈലിയാണ് പാർട്ടി ഫ്രാക്ഷൻ. വർഗ-ബഹുജന സംഘടനകൾക്ക് ഭാരവാഹികളും കമ്മിറ്റികളുമുണ്ടെങ്കിലും നയപരവും സംഘടനാപരവുമായ തീരുമാനങ്ങൾ ആദ്യം കൈക്കൊള്ളുന്നത് പാർട്ടി ഫ്രാക്ഷനായിരിക്കും. രാഷ്ട്രീയ പാർട്ടി അംഗത്വം അനുവദനീയമല്ലാത്ത സർക്കാർ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, പൊലീസുകാർ എന്നിവരുടെയിടയിലും പാർട്ടി ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ടത്രെ. പാർട്ടി പത്രങ്ങളിലെ ജീവനക്കാരുടെ ഇടയിലും ഫ്രാക്ഷനുണ്ട്. ഇപ്പോൾ മിക്ക വാർത്താ മാദ്ധ്യമങ്ങളിലും പത്രപ്രവർത്തകരുടെ ഇടയിൽ സി.പി.എം പാർട്ടി ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ടെന്നാണ് ബി.ജെ.പി ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.