ന്യൂഡൽഹി: പ്രതിപക്ഷം ആസൂത്രണം ചെയ്യുന്ന രാഷ്ട്രീയ തന്ത്രങ്ങൾക്കിടയിലും 2024ൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറിനെ സന്ദർശിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.
ആർക്ക് ആരുമായി വേണമെങ്കിലും കൂടിക്കാഴ്ച നടത്താം, അതിന് നിയന്ത്രണങ്ങൾ ഒന്നുമില്ല. പ്രതിപക്ഷത്തിനോ ഭരണകക്ഷിക്കോ അവരവരുടെ നിലവാരം അനുസരിച്ച് വിവിധ തന്ത്രങ്ങൾ ആവിഷ്കരിക്കാനാകും. എന്ത് തന്ത്രം ആവിഷ്കരിച്ചാലും ഒന്നേ പറയാനുളളു, മോദിജി ഇന്നിവിടെയുണ്ട് 2024ലും ഉണ്ടാകും. 2024ലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും പവാർ-പ്രശാന്ത് കൂടിക്കാഴ്ചയെപ്പറ്റി ഫഡ്നാവിസ് പ്രതികരിച്ചു.
പ്രശാന്തിന്റെ പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്കാകാം ഇരുവരും സന്ധിച്ചതെന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പു വിജയങ്ങൾക്കുള്ള നന്ദി അറിയിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ മമത ബാനർജി, എം.കെ. സ്റ്റാലിൻ എന്നിവരെ സഹായിച്ച ഏതു നേതാവുമായും കൂടിക്കാഴ്ച നടത്താൻ പ്രശാന്ത് തയാറാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ബംഗാളിൽ ബി.ജെ.പിയുടെ സീറ്റുനില 100 കടക്കില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കുവേണ്ടി പ്രചാരണ തന്ത്രങ്ങളൊരുക്കിയ പ്രശാന്തിന്റെ പുതിയ നീക്കം ഏവരും ഉറ്റുനോക്കുകയാണ്. എന്നാൽ, ബംഗാളിലെ വൻ വിജയത്തിനു പിന്നാലെ താൻ ഈ മേഖല വിടുകയാണെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. പുതിയ കാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നാണ് അന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |