കോഴിക്കോട്: നാടകകൃത്തും സംവിധായകനും തിരക്കഥാകൃത്തുമായ പറമ്പിൽ ബസാർ അരളിയിൽ പറമ്പിൽ എ.ശാന്തകുമാർ (52) നിര്യാതനായി. അർബുദ ചികിത്സയ്ക്കിടെ കൊവിഡ് ബാധിതനായതിനു പിറകെ ന്യൂമോണിയയും പിടിപെടുകയായിരുന്നു. ഇന്നലെ വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ:ഷൈനി. മകൾ: നീലാഞ്ജന. പരേതരായ ഇമ്പിച്ചുണ്ണി മാസ്റ്ററുടെയും കല്യാണിയുടെയും മകനാണ്.
കുരുവട്ടൂർ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടൻ പൂച്ച, പതിമൂന്നാം വയസ്, ന്റെ പുള്ളിപ്പൈ കരയ്യ്യാണ്, സ്വപ്നവേട്ട, ഒറ്റ രാത്രിയുടെ കാമുകിമാർ എന്നിവയാണ് പ്രധാന നാടകങ്ങൾ. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയുടെ തിരക്കഥ ശാന്തകുമാറിന്റേതായിരുന്നു.
സ്വപ്നവേട്ടയുടെ ഇംഗ്ലീഷ് പരിഭാഷ ഡ്രീം ഹണ്ട് എന്ന പേരിൽ ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധികരിച്ചിരുന്നു. ഇത് കേരള, കാലിക്കറ്റ് സർവകലാശാലകളിൽ പാഠ്യവിഷയവുമായി. കാക്കകിനാവ് എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ കേന്ദ്ര സർവകലാശാലയിലും പഠനവിഷയമായിരുന്നു.സംഗീത നാടക അക്കാഡമി പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |