SignIn
Kerala Kaumudi Online
Wednesday, 04 August 2021 2.42 AM IST

അധോലോകത്തെ വിറപ്പിച്ച എൻകൗണ്ടർ സ്‌പെഷ്യലിസ്‌റ്റ്, വീണ്ടും വിവാദച്ചുഴിയിൽ പ്രദീപ് ശർമ

pradeep-sharma

റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് മുംബയ് പൊലീസിലെ മുൻ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റായ പ്രദീപ് ശർമയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപിന് സ്ഫോടകവസ്തുക്കളടങ്ങിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ടതിലും പങ്കുണ്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. കേസിൽ പിടിയിലായ മുംബയ് പൊലീസിലെ ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി പ്രദീപ് ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

കേസിൽ നേരത്തെ അറസ്റ്റിലായ സന്തോഷ് ഷേലാറും തമ്മിൽ ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലും എൻ.ഐ.എ പ്രദീപിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25നാണ് 20 ജെലാറ്റിൻ സ്റ്റിക്കുകൾ അടങ്ങിയ സ്കോർപ്പിയോ അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയത്.

 ആരാണ് പ്രദീപ് ശർമ

ഒരുകാലത്ത് മുംബയ് നഗരം അടക്കി വാണിരുന്ന അധോലോക ഗുണ്ടകളുടെയും കൊടും കുറ്റവാളികളുടെയും തീവ്രവാദികളുടെയും പേടി സ്വപ്നമായി മാറിയ മുംബയ് പൊലീസിലെ അഗ്രഗണ്യനായ ഒരു എൻകൗണ്ടർ സ്‌പെഷ്യലിസ്‌റ്റായിരുന്നു 59കാരനായ പ്രദീപ് ശർമ. 312ഓളം ക്രിമിനലുകളെ ശർമ തന്റെ തോക്കിനിരയാക്കിയെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക രേഖകളിൽ 113 ക്രിമിനലുകളെയാണ് ഇൻസ്പെക്ടർ ശർമ വകവരുത്തിയതെന്ന് പറയുന്നു. 2019 ജൂലായിൽ സർവീസിൽ നിന്നും വോളന്ററി റിട്ടയർമെന്റ് ചെയ്ത ശർമ സെപ്റ്റംബറിൽ ശിവസേനയിൽ ചേർന്നിരുന്നു.

മുംബയ് ഭീകരാക്രമണത്തിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വിജയ് സലാസ്‌കർ ഉൾപ്പെടെ മുംബയ് പൊലീസിലെ പ്രശസ്തരായ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റുകളെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളാണ് 1983 ബാച്ചുകാരനായ ശർമ. 1990കളിൽ മുംബയിലെ കുപ്രസിദ്ധ വില്ലൻമാരെയെല്ലാം തേടിപ്പിടിച്ച് ഒതുക്കാൻ തുടങ്ങിയ ശർമയുടെ ടീം ' മുംബയുടെ ഡേർട്ടി ഹാരിമാർ ' എന്ന പേരിൽ രാജ്യശ്രദ്ധ ആകർഷിച്ചിരുന്നു.

1971ൽ പുറത്തിറങ്ങിയ ' ഡേർട്ടി ഹാരി ' എന്ന മെഗാഹിറ്റ് ഹോളിവുഡ് ആക്ഷൻ ത്രില്ലറിൽ വിഖ്യാത നടൻ ക്ലിന്റ് ഈസ്‌റ്റ്‌വുഡ് അവതരിപ്പിച്ച കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട മുംബയ് നിവാസികൾ പ്രദീപ് ശർമയ്ക്ക് ' ഡേർട്ടി ഹാരി " എന്ന അപരനാമവും ചാർത്തിക്കൊടുത്തിരുന്നു.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്‌കറെ അറസ്‌റ്റ് ചെയ്ത ശർമ സാദിഖ് കാലിയ, റഫീഖ് ഡബ്ബാവാല തുടങ്ങിയ അധോലോക കുറ്റവാളികളുടെ അന്തകനായ മാറിയ ഓഫീസറാണ്. അധോലോകത്തെ ഞെട്ടിച്ച ശർമ ടൈംമാഗസിന്റെ കവർ ചിത്രത്തിൽ വരെ ഇടം നേടിയിരുന്നു.

 വിവാദങ്ങൾ

ഇതാദ്യമായല്ല പ്രദീപ് ശർമ വിവാദങ്ങളിൽ നിറയുന്നത്. ഉയർച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു ശർമയുടെ പൊലീസ് ജീവിതം. 2008ൽ അധോലോക ബന്ധം ആരോപിച്ച് ശർമയെ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. തൊട്ടടുത്ത വർഷം തന്നെ കുറ്റക്കാരനല്ലെന്ന് കാട്ടി ശർമയെ തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു. എന്നാൽ, ഛോട്ടാ രാജന്റെ സംഘത്തിലുള്ള ലഖൻ ഭയ്യ എന്ന ക്രിമിനലിനെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്ന കേസിൽ ശർമയ്ക്ക് വീണ്ടും പിടിവീണു. മൂന്ന് വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം 2013 കോടതി ശർമയെ വെറുതെ വിട്ടു.

ഒടുവിൽ 2017ൽ ദേവേന്ദ്ര ഫട്‌നാവിസ് സർക്കാർ ശർമയെ വീണ്ടും സർവീസിലേക്ക് തിരിച്ചെടുത്തു. താനെയിലെ ആന്റി എക്സ്ടോർഷൻ സെല്ലിന്റെ തലവനായി ശർമയെ നിയമിച്ചു. അധോലോകത്തിന്റെ കണ്ണിലെ കരടായി അറിയപ്പെട്ട ശർമയെ അധോലോകത്തിൽ നിന്നുള്ളവർ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അവരിൽ നിന്നും വഴി വിട്ട സമ്പാദ്യം നേടിയെന്നുമുള്ള ആരോപണങ്ങളും ശർമയെ വേട്ടയാടിയിരുന്നു.

 രാഷ്ട്രീയത്തിലും

മൂന്ന് പതിറ്റാണ്ടോളം പൊലീസ് കുപ്പായമണിഞ്ഞ ശർമ 2019ൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്ക് പടിഞ്ഞാറൻ മുംബയിലെ നാലാസൊപാരയിൽ നിന്ന് ശിവസേന ടിക്കറ്റിൽ മത്സരിച്ചിരുന്നു. 1,06,139 വോട്ടുകൾ നേടിയ ശർമയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടർച്ചയായ മൂന്നാം തവണയും ബഹുജൻ വികാസ് അഘാടിയുടെ ( ബി.വി.എ) ക്ഷിതിജ് താക്കൂർ ആയിരുന്നു വിജയിച്ചത്. 43,729 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ക്ഷിതിജിന്റെ ജയം.

തിരഞ്ഞെടുപ്പിന് മുമ്പ് ദാവൂദ് ഇബ്രാഹിമിന്റെ സഹായി ശ്യാം ഗരികപതിയോടൊപ്പം നാലാസൊപാരയിൽ ഒരു റാലിയിൽ ശർമയെ കണ്ടു എന്നത് ചർച്ചാ വിഷയമായിരുന്നു. ശർമ സമർപ്പിച്ച തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ അദ്ദേഹത്തിനും ഭാര്യയ്‌ക്കും കൂടി ആകെ 36. 21 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് കാണിച്ചിരുന്നു. ഒരു പൊലീസ് ഓഫീസർക്ക് സർവീസിൽ നിന്ന് എങ്ങനെ ഇത്രയധികം സമ്പാദിക്കാൻ കഴിഞ്ഞു എന്നതും ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, NIA, BOMB SCARE, AMBANI, MUMBAI POLICE, PRADEEP SHARMA, ENCOUNTER SPECIALIST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.