SignIn
Kerala Kaumudi Online
Friday, 26 April 2024 10.35 PM IST

ആളുകേറുന്നില്ല, ബസുകൾ പമ്മുന്നു!

s

ഡീസൽ കാശുപോലും കിട്ടുന്നില്ല

ആലപ്പുഴ: ലോക്ക് ഡൗൺ ഇളവിലൂടെയാണ് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഓടിത്തുടങ്ങിയതെങ്കിലും ഡീസലടിക്കാനുള്ള കാശുപോലും കിട്ടാതെ വലയുകയാണ് ഇരു കൂട്ടരും.

ജില്ലയിൽ 450 സ്വകാര്യ ബസുകളാണുള്ളത്. യാത്രക്കാരുടെ കുറവ് മൂലം ഇതിൽ 90 ശതമാനവും നിലവിൽ സർവീസ് നടത്തുന്നില്ല. ആലപ്പുഴ നഗരത്തിൽ ഇരട്ടക്കുളങ്ങര- മണ്ണഞ്ചേരി, കലവൂർ-ആലപ്പുഴ റൂട്ടിലുള്ള ആറു ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. ഒരു ട്രിപ്പിന് പത്ത് യാത്രക്കാരെ പോലും ലഭിക്കുന്നില്ല. നഷ്ടമില്ലാതെ സർവീസ് നടത്തണമെങ്കിൽ പ്രതിദിനം കുറഞ്ഞത് 7,000 രൂപ കളക്ഷൻ ലഭിക്കണം. ലോക്ക്ഡൗണിന് മുമ്പ് ലഭിച്ചിരുന്ന പ്രതിദിന വരുമാനത്തിന്റെ 50 ശതമാനത്തിൽ താഴെയാണ് ഇപ്പോൾ ലഭിക്കുന്നത്.

ഇരട്ടക്കുളങ്ങരയിൽ നിന്നാരംഭിച്ച് കലവൂർ വഴി മണ്ണഞ്ചേരി വരെ സർവീസ് നടത്തിയിരുന്ന ബസുകൾക്ക് കൊവിഡിന് മുമ്പ് ലഭിച്ചിരുന്ന പ്രതിദിന കളക്ഷൻ 7000 മുതൽ 7500 രൂപ വരെയാണ്. നിലവിൽ ഇത് 3000 രൂപയിൽ താഴെയാണ്. തെക്കു കിഴക്കൻ മേഖലയിൽ സ്വകാര്യ ബസുകളാണ് പ്രധാന ആശ്രയം. കൊവിഡ് സമ്പർക്ക വ്യാപനം കൂടിയതോടെ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതിനാൽ പത്തനംതിട്ട ജില്ലയിലേക്ക് മാവേലിക്കര, ചെങ്ങന്നൂർ, ഹരിപ്പാട്, കായംകുളം ഭാഗങ്ങളിൽ നിന്നുള്ള സർവീസുകൾ സ്വകാര്യ ബസുകൾ ഗണ്യമായി കുറച്ചു. മൂന്ന് മാസത്തിലൊരിക്കൽ റോഡ് ടാക്‌സ് ആയി ഓരോബസും സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് 28,000 രൂപ വരെ അടയ്ക്കണം. ക്ഷേമനിധിയിലേക്ക് പ്രതിമാസം 3800 രൂപയും അടയ്ക്കണം.

എത്തും പിടിയുമില്ല

കെ.എസ്.ആർ.ടി.സി ആലപ്പുഴ,ചേർത്തല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, എടത്വ, ഹരിപ്പാട് ഡിപ്പോകളിലെ പ്രതിദിന കളക്ഷനിൽ വലിയ കുറവാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ആലപ്പുഴയിൽ കഴിഞ്ഞ വെള്ളിയാഴ്ചത്തെ മാത്രം കണക്കുകൾ പരിശോധിച്ചാൽ 7 ലക്ഷം രൂപയാണ് വരുമാനത്തിലെ കുറവ്. നിലവിലെ ലോക്ക്ഡൗണിന് മുമ്പ് 9.5 ലക്ഷം രൂപയായിരുന്നു പ്രതിദിന ശരാശരി വരുമാനം. അന്ന് 40 സർവീസുകളിൽ 28,000 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 25 സർവീസുകളിൽ 8,000 പേരായി ചുരുങ്ങി. ആലപ്പുഴ ഡിപ്പോയിൽ ശരാശരി 20,000 യാത്രക്കാരുടെ കുറവ് പ്രതിദിനം അനുഭവപ്പെടുന്നു. മറ്റ് ഡിപ്പോകളിലും സ്ഥിതി ഇതുതന്നെ.

പ്രതിദിന സ്വകാര്യബസ് ചെലവ്: ഡ്രൈവർ-950, കണ്ടക്ടർ-850, ക്ളീനർ-750, ഡീസൽ-5,170 (കളക്ഷൻ-2500 മുതൽ 3000വരെ)

കൊവിഡ് വ്യാപനം മൂലം നഷ്ടത്തിലായ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയ്ക്ക് ഇന്ധന സബ്സിഡിയും റോഡ് നികുതിയിൽ ഇളവും ഡീസലിൽ നിന്നു സി.എൻ.ജിയിലേക്ക് മാറാൻ അഞ്ച് ലക്ഷംരൂപ സബ്സിഡിയോടുകൂടി പലിശരഹിത വായ്പയും ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് അനുവദിക്കാൻ സർക്കാർ തയ്യാറാകണം

പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ

കൊവിഡ് സമ്പർക്ക വ്യാപനത്തെ തുടർന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ വരുമാനം ഇപ്പോൾ മൂന്നിലൊന്നായിചുരുങ്ങി. നാളെ മുതൽ 35 ബസുകൾ ആലപ്പുഴ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തും.

അശോക് കുമാർ, ഡി.ടി.ഒ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.