SignIn
Kerala Kaumudi Online
Tuesday, 07 May 2024 10.56 PM IST

സ്വാമി ശാശ്വതികാനന്ദ; മതസ്പർശമില്ലാത്ത ആത്മീയത

swami-saswathikananda

ശാശ്വതികാനന്ദ സ്വാമിയെ അറിയാൻ ശ്രമിക്കുന്ന ആർക്കും അദ്ദേഹം സമാരാദ്ധ്യനാകും. ഗുരുഭക്തരുടെ മനസുകളിൽ നിന്ന് ആ നാമം ഒരിക്കലും വിസ്‌മൃതമാവില്ല. ശ്രീനാരായണ വ്യക്തിത്വത്തിന്റെ ഉദാത്ത മഹനീയത കുട്ടിക്ക് പോലും മനസിലാകുന്ന ഭാഷയിൽ ലളിത മധുരമായി അവതരിപ്പിക്കാനുള്ള സിദ്ധിവിശേഷത്താൽ അനുഗ്രഹീതനായിരുന്നു. സ്വതസിദ്ധമായ പ്രതിഭയിൽ അപഗ്രഥന ചാതുര്യത്തോടെയുള്ള സ്വാമിയുടെ പ്രൗഢ ലേഖനങ്ങൾക്ക് സാമൂഹികവും ആദ്ധ്യാത്മികവുമായ പ്രാധാന്യം മാത്രമല്ല സാഹിത്യ മഹത്വം കൂടിയുണ്ട്. ഗുരുദർശനത്തിന്റെ കരുത്തും കാന്തിയും അതിന്റെ സമഗ്രതയിൽ മനസിലാക്കാൻ കഴിയുന്ന ഉദാത്ത രചനകളാണ് അദ്ദേഹത്തിന്റേത്.

മതപരമായ അന്ധവിശ്വാസങ്ങൾ വളർന്നുവരുന്ന സമകാലീന സന്ദർഭത്തിൽ സ്വതന്ത്രവും ശാസ്ത്രീയവുമായ ആത്മീയ മാർഗത്തിലേക്കുള്ള വഴിയാണ് സ്വാമി തെളിച്ചത്. അതിന് അനുസൃതമായി അഭിപ്രായം സ്വരൂപിക്കുകയും ആശയപ്രചാരണം നടത്തുകയും ചെയ്തു. മതാതീത ആത്മീയതയുടെ ഉണർത്തു ഗീതങ്ങളായിട്ടാണ് ഗുരുധർമ്മത്തെ ഉയർത്തിക്കാട്ടിയത്. ജാതിസംസ്കാരങ്ങളും സങ്കുചിത മതസംസ്കാരങ്ങളും സൃഷ്ടിക്കുന്ന വിഷമവൃത്തങ്ങളിൽ നിന്ന് മോചനം നേടാൻ മതവിമുക്ത ആത്മീയപ്രതീക്ഷകൾ നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വർത്തമാനകാല മനസുകളുടെ ഈ സ്വപ്നങ്ങൾക്ക് മതേതര സംസ്കാരത്തിലൂടെ ഗുരുദർശനം സാഫല്യമേകുന്നു. ഈ സാഫല്യത്തിന്റെ സാംസ്കാരിക സമന്വയ പദ്ധതികൾക്കാണ് ശാശ്വതികാനന്ദ സ്വാമി നേതൃത്വം നൽകിയത്. മാനവികതയെയും ആത്മീയതയെയും സമതുലിതവും ക്രിയാത്മകവുമാക്കുന്ന മതസമന്വയത്തിന്റെ ശാസ്ത്രീയ പദ്ധതിയായിട്ടാണ് ഗുരുദർശനത്തെ സ്വാമി അവതരിപ്പിച്ചത്.

മതാചാരങ്ങൾക്ക് പ്രസക്തിയില്ലാത്ത ദാർശനികതകൾ ഇന്ന് ലോകത്ത് ശക്തിയാർജ്ജിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് ശ്രീനാരായണ ഗുരുദേവന്റെ മതേതര ഉൾക്കാഴ്ചയുള്ള ദാർശനിക വീക്ഷണം. ശാസ്ത്രീയവും ജീവിതഗന്ധിയുമായ മതേതര വീക്ഷണത്തിന്റെ പ്രായോഗികതയെപ്പറ്റിയുള്ള ശാശ്വതികാനന്ദസ്വാമിയുടെ നിരീക്ഷണ നിഗമനങ്ങൾക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഇന്ത്യ വിഭാവന ചെയ്യുന്ന മതേതര സങ്കല്പത്തിന്റെ ആത്മാവിലേക്ക് പ്രവേശിക്കണമെങ്കിൽ ഗുരുദർശന മഹിമയിലേക്ക് കടന്നുചെല്ലണമെന്ന നിലപാടാണ് സ്വീകരിച്ചത്.

ശിവഗിരിക്ക് മുകളിലുയർന്ന വർഗീയതയുടെ വിഷമേഘങ്ങളെ ഇല്ലാതാക്കാനുള്ള പോരാട്ടം വിശാലമായ ഒരു ആശയ ലോകമാണ് തുറന്നു നൽകിയത്. മതേതരത്വത്തിനും മാനവികതക്കും വേണ്ടിയുള്ള ജനകീയ പ്രസ്ഥാനത്തിന് അത് കരുത്തും പ്രേരണയുമായി. അനിഷേദ്ധ്യമായ ഒരു തത്വപ്രഖ്യാപനത്തിന്റെ ധീരസ്വരമാണ് അന്ന് മുഴങ്ങിയത്. കെ. കരുണാകരൻ, വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ തുടങ്ങി രാഷ്ട്രീയ നേതൃത്വത്തിലുള്ള പ്രമുഖരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന സ്വാമി വ്യക്തി മഹത്വത്തെ ആദരിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ആശയപരമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിലകൊള്ളുന്നവരെപ്പോലും മഹത്തായ ലക്ഷ്യത്തിലേക്ക് യോജിപ്പിക്കാനുള്ള കർമ്മവൈഭവവും ഉണ്ടായിരുന്നു. മതസ്പർശമില്ലാത്ത ആത്മീയതയ്ക്കുവേണ്ടി നമ്മുടെ കാലഘട്ടത്തിൽ ഉയർന്ന ഏറ്റവും ശക്തമായ സ്വരം ശാശ്വതികാനന്ദ സ്വാമിയുടേതായിരുന്നു. മനുഷ്യ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മീയഗീതങ്ങളാണ് സ്വാമിയിൽ നിന്ന് കേരളം ശ്രവിച്ചത്. മതാതീത ആത്മീയതയുടെ മഹാചക്രവാളത്തിലേക്കുള്ള മാനവ മനസുകളുടെ വളർച്ചയിലൂടെ പ്രകാശപൂർണമായ ഒരു ലോകമാണ് ശാശ്വതികാനന്ദസ്വാമി ലക്ഷ്യമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAMI SASWATHIKANANDA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.