തിരുവനന്തപുരം: കേരളത്തിന് പുറത്തേക്കുളള ദീർഘദൂര സർവീസുകൾ പുനരാരംഭിക്കാൻ കെഎസ്ആർടിസി. ഞായറാഴ്ച മുതൽ ബംഗളൂരുവിലേക്കുളള കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാകും ബസുകൾ.
തിരുവനന്തപുരത്ത് നിന്നും ജൂലായ് 11 ഞായറാഴ്ച വൈകുന്നേരം മുതലും കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ജൂലായ് 12 തിങ്കൾ മുതലുമാണ് സർവീസുകൾ. തമിഴ്നാട് അന്തർഗതാഗത സർവീസുകൾക്ക് കേരളത്തിന് അനുമതി നൽകിയിട്ടില്ല. അതിനാലാണ് കർണാടക വഴിയുളള സർവീസുകൾ ഇപ്പോൾ തുടങ്ങുന്നത്. എന്നാൽ യാത്ര ചെയ്യുന്നവർ 72 മണിക്കൂർ മുൻപുളള ആർടിപിസിആർ ഫലമോ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ കരുതണം.
സർവീസ് സമയങ്ങളെ കുറിച്ചും ടിക്കറ്റുകൾക്കുമായി www.online.keralartc.com എന്ന വെബ്സൈറ്റോ മൊബൈൽ ആപ്പായ Ente KSRTCയോ ഉപയോഗിക്കാം. വരുംദിവസങ്ങളിൽ യാത്രക്കാരുടെ ആവശ്യമുയർന്നാൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |