SignIn
Kerala Kaumudi Online
Saturday, 27 April 2024 7.35 AM IST

നടപടികൾ കൂടുതൽ കടുപ്പിക്കണം

ration

റേഷനരി വിതരണത്തിൽ കാണിക്കുന്ന തിരിമറികളും മറിമായങ്ങളും പുതിയ കാര്യമൊന്നുമല്ല. റേഷൻ സമ്പ്രദായം ആരംഭിച്ച കാലം മുതലേ ഏറിയോ കുറഞ്ഞോ മാറ്റം കൂടാതെ നടന്നുവരുന്ന ഏർപ്പാടാണിത്. സമീപകാലത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പായതോടെ ക്രമക്കേടുകൾക്ക് നല്ല തോതിൽ ശമനമുണ്ടായിട്ടുണ്ട്. അളവും തൂക്കവുമൊക്കെ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ സംവിധാനങ്ങളുമുണ്ട്. ബയോമെട്രിക് സംവിധാനം വന്നതോടെ കാർഡുകളിലെ തിരിമറിയും ഇല്ലാതായിരിക്കുന്നു. എന്നാൽ കടകളിലെത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾക്ക് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. കേടുവന്നതും ഉപയോഗശൂന്യവുമായ ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ നിന്ന് വിതരണം ചെയ്യുന്നതായ ആക്ഷേപങ്ങൾ ഇടയ്ക്കിടെ ഉയരാറുണ്ട്. റേഷൻ കടക്കാർക്ക് ഇതിൽ കൈയൊന്നുമില്ല. ഭക്ഷ്യഗോഡൗണുകളിൽനിന്നു ലഭിക്കുന്ന ധാന്യം തങ്ങൾ വിതരണം നടത്തുന്നതേയുള്ളൂ എന്നാകും അവരുടെ നിലപാട്. വിതരണത്തിനായി റേഷൻ കടകളിലേക്കു കൊണ്ടുപോകുന്നതിനിടയിൽ നല്ല അരി ഇടയ്ക്കുവച്ച് വഴിമാറിപ്പോകുന്നതും സ്വകാര്യ ഗോഡൗണുകളിലെത്തുന്നതും അപൂർവമല്ല. ഇതിനു പകരം ഗോഡൗണുകളിൽ മാസങ്ങളായി കിടക്കുന്ന കേടുവന്നതും ഉപയോഗശൂന്യവുമായ അരി റേഷൻ ഡിപ്പോകളിലെത്തുകയും ചെയ്യും. സ്വകാര്യ വ്യക്തികളുടെ പക്കലെത്തുന്ന അരിയുടെ സിംഹഭാഗവും തരം മാറ്റി മുന്തിയ ഇനമെന്ന ലേബലിൽ പൊതുവിപണിയിലെത്തും. കരാറുകാരും ധാന്യവ്യാപാരികളും അരിമില്ലുകാരുമൊക്കെ ചേർന്നു നടത്തുന്ന കൂട്ടുകച്ചവടമാണിത്. തമിഴ്‌നാട്ടിൽ നിന്നുള്ള റേഷനരി പോലും വൻതോതിൽ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്ന് ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കാറുണ്ട്. കരിഞ്ചന്തയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് റേഷൻ കടകളിലിറക്കുന്ന മോശം അരി എടുക്കാൻ റേഷൻ വ്യാപാരികൾ നിർബന്ധിതരാകുന്നു. ഇറക്കരുതെന്ന് ആവശ്യപ്പെട്ടാലും അംഗീകരിക്കപ്പെട്ടെന്നുവരില്ല. കരിഞ്ചന്തക്കാർക്കു കൂട്ടായി ഉദ്യോഗസ്ഥർ ഉള്ളതിനാൽ അവർ പറയുന്നത് അനുസരിക്കാൻ റേഷൻകടക്കാർ നിർബന്ധിതരാവും. റേഷൻ സംവിധാനത്തിലെ ക്രമക്കേടുകളിൽ പലതും ഇല്ലാതാക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ നടന്നുവരുന്ന അഴിമതി ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല.

ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരുതരത്തിലുള്ള ക്രമക്കേടും നടക്കില്ലെന്നു തീർച്ച. റേഷൻകടകളിൽ എത്തുന്ന ഒരു ലോഡ് അരിയിൽ പത്തോ പന്ത്രണ്ടോ ചാക്കെങ്കിലും കരിഞ്ചന്തക്കാരുടെ ശേഖരത്തിൽ നിന്നുള്ള മോശം അരിയായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ രഹസ്യ ഇടപാടിലെ ഉള്ളറ രഹസ്യങ്ങൾ കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

സംസ്ഥാനത്തെ പുതിയ ഭക്ഷ്യവകുപ്പു മന്ത്രി ജി.ആർ. അനിൽ റേഷൻ വിതരണത്തിൽ നടക്കുന്ന ക്രമക്കേടുകളെപ്പറ്റി നല്ല ധാരണയുള്ള ആളാണ്. സാധാരണക്കാരിൽ നിന്ന് മന്ത്രിപദവിയിലേക്കുയർന്ന ആളായതിനാൽ എല്ലാം നല്ല നിലയിൽ നടന്നുകാണണമെന്ന് അതിയായി ആഗ്രഹിക്കുന്നുമുണ്ട്. ജനങ്ങൾക്കു നൽകാനായി റേഷൻകടകളിലെത്തിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഗുണനിലവാരമുള്ളതായിരിക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകിയ ശേഷവും ക്രമക്കേട് ആവർത്തിക്കുന്നതായാണ് പല സ്ഥലത്തു നിന്നുമുള്ള റിപ്പോർട്ടുകൾ. എഫ്.സി.ഐയുടെ മുദ്ര‌യില്ലാത്ത ചാക്കുകൾ റേഷൻ വ്യാപാരികൾ കൈപ്പറ്റരുതെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ധാന്യചാക്കുകൾ ഏതുരൂപത്തിലുള്ളവയാണെങ്കിലും കൈപ്പറ്റാൻ റേഷൻ വ്യാപാരികൾ നിർബന്ധിതരാണ്. ഉദ്യോഗസ്ഥരുടെ ഇടപെടലാണ് കാരണം. വലിയ തോതിലുള്ള കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന കറുത്ത ഇടപാടുകളാണ് റേഷൻ വിതരണവുമായി ബന്ധപ്പെട്ടു നടക്കുന്നതെന്നത് രഹസ്യമൊന്നുമല്ല. അഴിമതിയുടെ ബലമേറിയ ഈ ചരട് പൊട്ടിച്ചെറിയാൻ മന്ത്രിയുടെ അതിശക്തമായ ഇടപെടൽ കൂടിയേ തീരൂ. ക്രമക്കേടുകൾ കണ്ടെത്താനും അവയിലുൾപ്പെട്ട ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കാനും ഒരു മടിയും കാണിക്കരുത്. ശിക്ഷ ഉറപ്പാണെന്നു വന്നാൽ ക്രമക്കേടിനു കൂട്ടുനിൽക്കാൻ ഉദ്യോഗസ്ഥർ മടിക്കും. പരിശോധനകൾ തുടർ പ്രക്രിയയാവുകയും വേണം. ക്രമക്കേടുകൾ കണ്ടാൽ അത് ചൂണ്ടിക്കാട്ടി പരാതി നൽകാൻ കാർഡുടമകളും തയ്യാറാകണം. ജനങ്ങൾ വേണ്ടരീതിയിൽ പ്രതികരിക്കാത്തതുകൊണ്ടാണ് റേഷൻ ക്രമക്കേടുകൾ അരങ്ങേറുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.