തിരുവനന്തപുരം: പെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ (ഐ.എം.എ) നിര്‍ദ്ദേശത്തെ ഗൗരവമായി കാണാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കൊവിഡിന്റെ തീവ്രത കുറയാത്ത സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മാത്രം നല്‍കുന്ന ഇളവുകള്‍ മൂന്നാം തരംഗത്തെ ക്ഷണിച്ച് വരുത്തലാണ്. രാഷ്ട്രീയ-സാമുദായിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല മഹാമാരിയെ നേരിടേണ്ടതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളില്‍ പോലും ഒറ്റ ദിവസത്തേക്ക് സര്‍വ്വത്ര ഇളവു നല്‍കുന്നത് തീര്‍ത്തും അശാസ്ത്രീയമാണ്. കൂടുതല്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നതാണ് ജനത്തിരക്ക് ഒഴിവാക്കാന്‍ നല്ലതെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്ന് ദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണ്. ഐ.എം.എയുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ അശാസ്ത്രീയ ഇളവുകള്‍ കേരളസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കേരളത്തിൽ പെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത് അനാവശ്യവും അനുചിതവുമാണെന്നാണ് ഐ.എം.എ പറയുന്നത്. കൊവിഡ് കണക്കിലെടുത്ത് ഉത്തർ പ്രദേശും ജമ്മു കാശ്‌മീരും ഉത്തരാഞ്ചലും പോലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മതപരമായ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ മൂന്ന് ദിവസം ഇളവ് നൽകിയത് ശരിയല്ല. ഈ ഉത്തരവ് പിൻവലിക്കണമെന്നും കൊവിഡ് നിയന്ത്രണങ്ങൾ തെറ്റിച്ചാൽ സംസ്ഥാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മടിക്കില്ലെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |