SignIn
Kerala Kaumudi Online
Friday, 26 April 2024 7.50 AM IST

എസ്.പിക്ക് പിന്നാലെ ഡിവൈ.എസ്.പിയും വിരമിച്ചു, റംസിക്കേസിന്റെ അന്വേഷണം നിലച്ചു

ramsy

കൊല്ലം : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊട്ടിയത്ത് റംസിയെന്ന യുവതി മരിച്ച സംഭവത്തിലെ അന്വേഷണം നിലച്ചു. സീരിയൽ നടിയും കുടുംബാംഗങ്ങളും പ്രതിയായ കേസിൽ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ്.പിയും പിന്നാലെ കേസ് അന്വേഷിച്ച ഡിവൈ.എസ്.പിയും സർവീസിൽ നിന്ന് വിരമിച്ചതോടെയാണ് കേസ് അന്വേഷണം പാതിവഴിയിൽ അവസാനിച്ചത്. റംസിയെന്ന യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സീരിയൽ നടിയ്ക്കും അവരുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നാണ് റംസിയുടെ കുടുംബത്തിന്റെ ആരോപണം. മുഖ്യമന്ത്രിയെ നേരിൽ കണ്ട് റംസിയുടെ കുടുംബവും ആക്ഷൻ കൗൺസിലും ഇക്കാര്യം ഉന്നയിച്ച് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടത്തായി കൂട്ടക്കൊലപാതകം അന്വേഷിച്ച പത്തനംതിട്ട എസ്.പിയായി വിരമിച്ച കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്. സൈമണിന്റെ മേൽനോട്ടത്തിൽ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിന്റെ പേരിലാണ് റംസിയെന്ന (25) യുവതി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞവർഷം സെപ്തംബർ മൂന്നിനായിരുന്നു റംസിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ ഹാരീസ് മൻസിലിൽ ഹാരീസ് എന്ന യുവാവുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി. പ്ളസ് വണ്ണിന് ശേഷം കൊല്ലം പള്ളിമുക്കിൽകമ്പ്യൂട്ടർ പഠനത്തിന് പോകുമ്പോഴാണ് റംസിയും ഹാരിസും പ്രണയത്തിലായത്. പ്രണയ ബന്ധം ഇരുവീട്ടുകാരും അറിയുകയും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവയ്ക്കുകയുമായിരുന്നു. ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും. ഒന്നര വർഷം മുമ്പ് ധാരണപ്രകാരം വളയിടൽ ചടങ്ങ് നടത്തി. ഇതിനിടെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിന് പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു.

ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു. ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണ് റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു റംസി. ഇതു സംബന്ധിച്ച് റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിലൂടെ ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം. റംസിയുടെ മരണത്തെ തുടർന്ന് ആത്മഹത്യാപ്രേരണയ്ക്കും പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഘം റംസിയുടെ പ്രതിശ്രുതവരനായ ഹാരീസിനെ കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ,​ ഹാരീസ് മാത്രമല്ല റംസിയുടെ മരണത്തിന് ഉത്തരവാദികളെന്നും സീരിയൽ നടി ഉൾപ്പെടെയുളളവർക്ക് റംസിയുടെ മരണവുമായി ബന്ധമുണ്ടെന്നും വീട്ടുകാരും ആക്ഷൻകൗൺസിലും ആരോപിച്ചതോടെയാണ് കേസ് വിശദമായി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്.

സീരിയൽ നടിയുടെ പങ്ക്?​

ഹാരീസുമായി റംസിയുടെ വിവാഹം നിശ്ചയിക്കുകയും വളയിടീൽ ചടങ്ങ് പൂർത്തിയാക്കുകയും ചെയ്ത ശേഷം റംസിയുമായി അടുത്ത സൗഹൃദത്തിലായ ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ റംസിയെ കൂട്ടിക്കൊണ്ടുപോയതിൽ ദുരൂഹതയുള്ളതായാണ് വീട്ടുകാരുടെ ആരോപണം. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സീരിയൽ നടിയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് പല നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സീരിയൽ ലൊക്കേഷനുകളിൽ കുഞ്ഞിനെ നോക്കാനും തന്റെ സഹായത്തിനുമാണ് റംസിയെ കൂടെ കൊണ്ടുപോയതെന്നാണ് നടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഭർത്തൃസഹോദരനായ ഹാരീസിൽ നിന്ന് ഗർഭിണിയായതും ഹാരീസ് വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്ത വിവരം റംസി വെളിപ്പെടുത്തിയിരുന്നു. ഗർഭച്ഛിദ്രവുമായി തനിക്ക് യാതൊരുബന്ധവുമില്ലെന്നും ഹാരീസും റംസിയും പരസ്പര സമ്മതത്തോടെ ഗർഭച്ഛിദ്രം നടത്തിയതാകാമെന്നുമാണ് നടി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. സീരിയൽ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ വരണമെന്ന റംസീയുടെ നിർബന്ധത്തിനാണ് കൊണ്ടുപോയത്. സഹോദരിയുടെ വിവാഹശേഷം വീട്ടിൽ തനിച്ചായതിനാൽ ബോറടിക്കുന്നുവെന്ന് പറഞ്ഞതിന്റെ പേരിൽ കൂടെകൂട്ടുകയായിരുന്നുവെന്നാണ് നടി വെളിപ്പെടുത്തിയത്. എന്നാൽ നടിക്ക് ഗർഭച്ഛിദ്രവുമായി ബന്ധമുണ്ടെന്നാണ് റംസീയുടെ വീട്ടുകാരുടെ ആരോപണം. ബംഗളുരുവിലെ ഒരു ആശുപത്രിയിലാണ് ഗർഭച്ഛിദ്രം നടത്തിയത്. അതിനുശേഷം ഏതാനും ദിവസം അവിടെ താമസിക്കുകയും ഉല്ലസിക്കുകയും ചെയ്തശേഷമാണ് തിരിച്ചെത്തിയത്. ഗർഭച്ഛിദ്രം കുറ്റകരമാണെന്നിരിക്കെ റംസീയെ അതിന് വിധേയയാക്കിയ ബംഗളുരുവിലെ ഡോക്ടറെ കണ്ടെത്തിയാൽ മാത്രമേ ആരുടെയെങ്കിലും സമ്മ‌ർദ്ദത്തിന് വിധേയമായിട്ടാണോ ഇത് ചെയ്തതെന്ന് വ്യക്തമാകൂ. ഇതിനായി അന്വേഷണ സംഘം ബംഗളുരുവിലേക്ക് പോകേണ്ടതുണ്ട്. ബംഗളുരുവിലെത്തി ഗർഭച്ഛിദ്രം നടത്താൻ സീരിയൽ രംഗത്തെ ആരുടെയെങ്കിലും സഹായം ഇവ‌ർക്ക് ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. ഷൂട്ടിംഗിന്റെ പേരിൽ ദിവസങ്ങളോളം റംസിയെ ലൊക്കേഷനുകളിലേക്കെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയതെവിടെയായിരുന്നുവെന്നും കണ്ടത്തേണ്ടതുണ്ട്. ഇതിനായി റംസിയുടെയും സീരിയൽ നടിയുടെയും മൊബൈൽ കോൾ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ടവർ ലൊക്കേഷനുകളും പരിശോധിക്കപ്പെടും.ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നുവെന്നതിന് ധാരാളം തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്. ഇവർ സമൂഹമാദ്ധ്യമത്തിൽ ഒന്നിച്ച്ചെയ്ത ടിക്ടോക് വീഡിയോയുടെയും സംഭാഷണങ്ങളുടെയും കൈമാറിയ സന്ദേശങ്ങളുടെയും വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ കേസന്വേഷണത്തിന് നിർണായകമായേക്കാം.

ഗർഭച്ഛിദ്രത്തിന്

വ്യാജ വിവാഹ സർട്ടിഫിക്കറ്റ്

റംസിയെ ബംഗളുരുവിലെ ആശുപത്രിയിൽ ഗർഭച്ഛിദ്രത്തിന് വിധേയയാക്കാൻ ഹാരീസ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. റംസിയുടെ പിതാവ് റഹിം പാസ് പോർട്ട് എടുക്കുന്നതിനായി 2010ൽ കൊല്ലൂർ വിള ജുമാമസ്ജിദിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. റംസിയുടെ വീട്ടിൽ വന്നുപോകാറുണ്ടായിരുന്ന ഹാരീസ് ഈ സർട്ടിഫിക്കറ്റ് കൈക്കലാക്കി അതുപയോഗിച്ച് റംസിയുടെയും തന്റെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമയ്ക്കുകയായിരുന്നു. ദമ്പതികളാണെന്ന് തെളിയിക്കാൻ ഈ സർട്ടിഫിക്കറ്റാണ് ഹാരീസ് ആശുപത്രിയിൽ ഹാജരാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കലിനും ഇത് പ്രകാരം ഹാരീസിനെതിരെ കേസെടുത്തിട്ടുണ്ട്.

മുൻകൂർജാമ്യം ചോദ്യംചെയ്ത

അപ്പീലിൽ തീരുമാനമായില്ല

ഹാരീസിന്റെ മാതാവുമായുള്ള ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ പ്രതിയായ ഇവരെയും ചോദ്യം ചെയ്യാനും ഫോൺ തെളിവ് ശേഖരണത്തിനായി കസ്റ്റഡിയിലെടുക്കാനുമുണ്ട്.

ഹാരീസിന്റെ സഹോദര ഭാര്യയും സീരിയൽ നടിയ്ക്കും ഭർത്താവിനും ഇയാളുടെ അമ്മയ്ക്കും കൊല്ലം പ്രിൻസിപ്പൽസെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജാമ്യവ്യവസ്ഥയിൽ നി‌ർദേശിച്ചിരുന്നു. ഇതുപ്രകാരം നടിയും ഭർത്താവും കൊല്ലത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരില്ലാത്തതിനാൽ മടങ്ങിപ്പോകേണ്ടിവന്നു.

മൂന്നുമണിക്കൂർ മാത്രമേ ചോദ്യം ചെയ്യാവൂവെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് അപ്പീൽ സമർപ്പിച്ചു. ഇതിൽ വിധി വന്നശേഷം മതി തുടർ നടപടികൾ എന്നായിരുന്നു ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാൽ കൊവിഡും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം ഹർജി ഹൈക്കോടതിയിൽ തീരുമാനമാകാതെ തുടരുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ക്രൈംബ്രാഞ്ച് എസ്.പിയും ഡിവൈ.എസ്.പിയും സർവ്വീസിൽ നിന്ന് വിരമിച്ചതോടെ പാതിവഴിയിൽ അവസാനിച്ച മട്ടിലാണ് കേസ്. റംസിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്ന ആക്ഷൻകൗൺസിലും മാതാപിതാക്കളും വീണ്ടും നീതി തേടി ഹൈക്കോടതിയെയും മുഖ്യമന്ത്രിയെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.