SignIn
Kerala Kaumudi Online
Saturday, 27 April 2024 9.44 AM IST

ഇനിയും കിട്ടാത്ത ഉത്തരം... അനന്യയുടേത് ആത്മഹത്യയോ,​​ കൊലപാതകമോ?​

ananya-

കൊച്ചി: നീതിക്ക് വേണ്ടി പോരാടിയെ തീരൂ. ചിലർക്കത് 'എന്റെ വ്യക്തിപരമായ വിഷയം' മാത്രമായിരിക്കാം, ആഹ് ഞാനിപ്പോ എന്ത് പറയാനാ, എനിക്ക് ഈ നാട്ടിൽ ജീവിച്ചല്ലേ പറ്റൂ? മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് സന്തോഷങ്ങൾ മാത്രം പങ്കുവച്ചിരുന്ന അനന്യ കുമാരി അലക്‌സ് എന്ന ട്രാൻസ് ജെൻഡർ യുവതിയുടെ ഫേസ് ബുക്കിലെ പോസ്‌റ്റാണിത്. ഇന്ന് നീതി നിഷേധിക്കപ്പെട്ടപ്പോൾ ഒറ്റയാൾ പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ച് സ്വയം എരിഞ്ഞടങ്ങുകയായിരുന്നു അനന്യ. ഒരു ആയുസിന്റെ തീരാവേദനയോട് പടവെട്ടി സ്വയം തോറ്റ് കൊടുക്കുമ്പോൾ സമൂഹം ഒപ്പമില്ലെന്ന തോന്നലിലാണ് ജീവിത യാത്ര പാതിവഴിയിൽ ഉപേക്ഷിച്ചത്.

കഴിഞ്ഞ ദിവസം എറണാകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ യുവതി അനന്യ ജീവിതം ഒരുപാട് കൊതിച്ചിരുന്നൊരാളാണെന്ന് സുഹൃത്തുക്കൾ പറയുന്നു. അവസാനം സമൂഹത്തോടൊപ്പം സ്വന്തം കൂട്ടുകാർ പോലും ഒപ്പമില്ലെന്ന തോന്നലിൽ നിന്നാണ് മരണത്തെ അനന്യ എത്തിപ്പിടിച്ചത്. എന്നാൽ അവൾ നേരിട്ട ദുരിതത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് വീണ്ടുമൊരു ശസ്ത്രക്രിയയ്‌ക്കായുള്ള തുക സമാഹരിക്കാൻ സുഹൃത്തുക്കൾ ഒരുങ്ങുന്നതിനിടെയാണ് അനന്യയുടെ വിയോഗം.

വീഴ്‌ചയുടെ ഉത്തരവാദിത്തം ആർക്ക്

ലിംഗമാറ്റ ശസ്ത്രക്രിയയിൽ സ്വകാര്യ ആശുപത്രിയ്‌ക്കുണ്ടായ പിഴവാണ് ജീവിതം നിറം പിടിപ്പിക്കാൻ പൊരുതിയ അനന്യയുടെ സ്വപ്‌നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തിയതെന്നാണ് ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ആരോപണം. കഴിഞ്ഞ ജൂണിൽ നടത്തിയ ശസ്ത്രക്രിയ പരാജയമായിരുന്നു. വേദന മൂലം ഒന്നു ചിരിക്കാൻ പോലും സാധിക്കുമായിരുന്നില്ല. കഴിഞ്ഞ ഒരു വർഷക്കാലം അനന്യ അനുഭവിച്ചത് നരകയാതനായിരുന്നു.


അനന്യ എന്ന
പോരാളി

ഇരുപത്തെട്ട് വയസിനിടെ തന്റെ സ്വത്വം തിരിച്ചറിഞ്ഞതോടെ അനന്യയുടെ പോരാട്ടവും തുടങ്ങി. കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയായി അനന്യ പേരെടുത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം വേങ്ങരയിലെ സ്ഥാനാർത്ഥിയായിരുന്നു അനന്യ. ആദ്യ സ്ഥാനാർത്ഥിയായി മത്സര രംഗത്തേക്ക് എത്തുമ്പോഴും താൻ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ കൈയൊപ്പ് മുഖ്യധാരയിൽ പതിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്. കൊച്ചിയിൽ നടന്ന ട്രാൻസ് ജെൻഡർ സൗന്ദര്യ മത്സരത്തിലും അനന്യ റാംപിലെത്തി. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിെ കൊച്ചി പതിപ്പിലും അനന്യയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഏതൊരു വിഷയത്തിലും കൃത്യമായ നിലപാടുകളുള്ള വ്യക്തിയായിരുന്നു അവൾ.

ജീവിതം കീഴ്‌മേൽ

മറിച്ച ശസ്ത്രക്രിയ

അനന്യയുടെ അഭിപ്രായത്തിൽ സ്ത്രീയെന്ന പൂർണത നേടാനുള്ളതായിരുന്നു 2020 ജൂൺ 14ന് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ. മനസ് ആഗ്രഹിക്കുന്ന പോലെ ശരീരത്തെ പാകപ്പെടുത്താനായിരുന്നു അത്. എന്നാൽ ശസ്ത്രക്രിയയോട് കൂടി അനന്യയുടെ ജീവിതം മാറിമറിഞ്ഞു. പിന്നീട് ആശുപത്രിയിൽ കയറിയിറങ്ങാനായിരുന്നു വിധി. മുഖ്യ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടു തുടരെ തുടരെയുള്ള സർജറികൾ. ആരോഗ്യപ്രശ്‌നങ്ങൾ കൂടി വരുന്നതോടൊപ്പം ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള പീഡനം മറ്റൊരു വഴിയിൽ. കഴിഞ്ഞ കുറച്ചു ദിവസം മുമ്പ് ഡൽഹിയിൽ വീണ്ടും സർജറി നടത്താൻ ചികിത്സാ രേഖകൾ ആശുപത്രിയോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. അനന്യയെ ആശുപത്രി ജീവനക്കാർ മർദിച്ചിരുന്നുവെന്ന് അച്ഛൻ അലക്‌സാണ്ടർ പറഞ്ഞു. പല സമയത്തും ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ല . മെച്ചപ്പെട്ട ചികിൽസയല്ല ആശുപത്രിയിൽ നിന്ന് ലഭിച്ചതെന്ന് അനന്യയുടെ അച്ഛൻ പറഞ്ഞു.

'വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാൻ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന് പറഞ്ഞാൽ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ചമാംസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയിൽ ഒരു തുരങ്കമുണ്ടാക്കിയാൽ എങ്ങനെ ഉണ്ടാവും. അതുപോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം. എനിക്ക് ദിവസം എട്ട് മുതൽ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോൾ പാഡ് വാങ്ങാൻ പോലും പൈസ ഉണ്ടാവാറില്ല' - സോഷ്യൽ മീഡിയയിലും സമൂഹത്തിനോടും അനന്യ നിരവധി തവണ വിളിച്ചു പറഞ്ഞു. എന്നാൽ ആരും ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല പലയിടങ്ങളിലും നേരിടേണ്ടി വന്നത് അവഗണനയായിരുന്നു. ക്ലബ് ഹൗസിൽ നടത്തിയ ചർച്ചയിൽ പോലും തന്റെ അനുഭവം വ്യത്യസ്തമായിരുന്നില്ല. മരിക്കുന്നതിന്റെ ഒരാഴ്‌ച മുമ്പ് മുതൽ സുഹൃത്തുകളെ നേരിട്ട് കാണുകയും ഫോണിലൂടെ നിരവധി തവണ സംസാരിക്കുകയും ചെയ്തു. തീരുമാനിച്ചുറച്ച പോലെയാണ് അനന്യ ജീവിതം അവസാനിപ്പിച്ചത്. അനന്യയുടെ പോസ്റ്റുമോർട്ടം വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് നടത്തിയത്.

അനന്യയുടെ ആത്മഹത്യയെന്നതിലുപരി ഇതൊരു കൊലപാതകമാണ്. അവൾക്ക് നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ടുപോവും. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ തീരുമാനങ്ങൾ ആശ്വാസകരമാണ്. അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ട്രാൻസ്‌ജെൻഡർ സംഘടനയും പരാതി നൽകിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


ശീതൾ ശ്യം
ട്രാൻസ്‌ജെൻഡർ
ആക്ടിവിസ്‌റ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.