SignIn
Kerala Kaumudi Online
Friday, 26 April 2024 5.45 PM IST

ആദ്യം പറ്റിച്ചത് മാതാപിതാക്കളെ, സെസിയുടെ തട്ടിപ്പ് പുറത്തറിയിച്ചത്  രണ്ടാം കാമുകനെ കുറിച്ചറിഞ്ഞ ആദ്യ കാമുകനെന്ന് സൂചന

fake-degree

ആലപ്പുഴ: യോഗ്യതാവിവാദത്തിൽ കുടുങ്ങി കേസിൽ അകപ്പെട്ട ആലപ്പുഴയിലെ വനിതാ വക്കീൽ സെസിയെ കുടുക്കാൻ സഹായിച്ചത് ആദ്യ കാമുകനെന്ന് സൂചന. യോഗ്യതാപരീക്ഷ പാസാകാതെ വക്കീലായി വിലസിയിരുന്ന സെസിക്കെതിരെ ഊമക്കത്ത് വന്നതോടെയാണ് കള്ളികൾ ഒന്നൊന്നായി പുറത്തായത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകാനെത്തിയ ഇവർ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ കോടതിയിൽ നിന്നും മുങ്ങിയിരുന്നു. കോടതി പരിസരത്ത് നിന്ന് എല്ലാവരെയും വെട്ടിച്ച് വീണ്ടും ഒളിവിൽ പോയിട്ടും ഇനിയും ഇവരെ കണ്ടെത്താനായിട്ടില്ല. ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ അറസ്റ്റ് ഒഴിവാക്കാൻ കോടതിയുടെ പിന്നിൽ നിർത്തിയിരുന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.


ചതിച്ചത്പഴയ സുഹൃത്ത്

എൽ.എൽ.ബി പാസായവരെപ്പോലെ പ്രാക്ടീസിന് പുറപ്പെട്ട സെസിസേവ്യർ, ബാർ കൗൺസിലിന്റെ അംഗീകാരത്തോടെ പ്രമുഖ അഭിഭാഷകന് കീഴിൽ ചങ്ങനാശേരിയിലാണ് ആദ്യം പരിശീലനം തുടങ്ങിയത്. അവിടെ വച്ച് യുവ അഭിഭാഷകനുമായി അടുത്ത സൗഹൃദത്തിലായി. ഈ സൗഹൃദം ശക്തമായി തുടരുന്നതിനിടെ ഒരു ഘട്ടത്തിൽ പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന വിവരം സെസി സുഹൃത്തിനോട് പറഞ്ഞു. പിന്നീട് ഇരുവരും തമ്മിൽ പിണങ്ങിയതോടെ സെസി പ്രാക്ടീസ് ആലപ്പുഴയിലേക്ക് മാറ്റി. ആലപ്പുഴയിലെ പ്രമുഖഅഭിഭാഷകന്റെ ഓഫീസിൽ പരിശീലനം തുടങ്ങി.

അഭിഭാഷകന് വേണ്ടി കേസുകളിൽ കോടതിയിൽ ഹാജരാകുകയും വാദിക്കുകയും ചെയ്തിരുന്ന സെസി, ആലപ്പുഴയിലെ അഭിഭാഷകർക്കിടയിൽ താരമായി വിലസുന്നതിനിടെയാണ് ചങ്ങനാശേരിയിലെ അഭിഭാഷക സുഹൃത്തിന്റെ ചില കൂട്ടുകാർ മുഖേന സെസിയുടെ അയോഗ്യത ആലപ്പുഴയിൽ പാട്ടായത്. എന്നാൽ ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെ മറ്റൊരു യുവ അഭിഭാഷകനുമായി അടുപ്പത്തിലായത് അറിഞ്ഞാണ് മുൻ സുഹൃത്ത് വിവരം അറിയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. പരീക്ഷയിൽ തനിക്ക് മൂന്ന് പേപ്പറുകൾ കിട്ടിയിട്ടില്ലെന്നും അത് എഴുതിയെടുക്കാൻ സഹായിക്കണമെന്നും അടുപ്പത്തിലായിരുന്ന സമയത്ത് ഇവർ ആദ്യ കാമുകനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു അജ്ഞാത കത്ത് ബാർ അസോസിയേഷൻ ഭാരവാഹികൾക്ക് ലഭിച്ചത്.


ആദ്യം പറ്റിച്ചത് മാതാപിതാക്കളെ

കുട്ടനാട്ടിലെ രാമങ്കരിക്കടുത്താണ് സാധാരണ കുടുംബത്തിലെ അംഗമായ സെസി സേവ്യറിന്റെ വീട്. മാതാവ് കടയിൽ ജോലിക്ക് പോയും അച്ഛൻ മുട്ടക്കച്ചവടം നടത്തിയുമാണ് സെസിയെ പഠിപ്പിച്ചത്. തിരുവനന്തപുരത്തായിരുന്നു നിയമ പഠനം. കാഴ്ചയിൽ സുന്ദരിയായതിനാൽ സൗഹൃദങ്ങൾ പെരുകി. പഠനം ഉഴപ്പി. ഹാജരില്ലാത്തതിനാൽ പരീക്ഷയെഴുതാനായില്ല. പഠനം പാതിവഴിയിലായതോടെ ബംഗളൂരുവിലേക്ക് പോയ സെസി അവിടെ കോഴ്സ് പൂർത്തിയാക്കിയെന്നായിരുന്നു വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. അച്ഛനമ്മമാർക്ക് അതേപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്തതിനാൽ മകളുടെ കള്ളക്കളി തിരിച്ചറിയാനും കഴിഞ്ഞില്ല.

കൊവിഡ് കാലത്ത് അഭിഭാഷകർക്ക് ധനസഹായം നൽകാനുള്ള ഫണ്ട് ശേഖരണത്തിന് സെസിയാണ് നേതൃത്വം വഹിച്ചത്. ലീഗൽ സർവീസ് അതോറിട്ടിയുടെ കേസുകളിൽ കക്ഷികൾക്കുവേണ്ടി ഹാജരായിരുന്ന സെസി ആലപ്പുഴ ബാർ അസോസിയേഷൻ പ്രവർത്തനങ്ങളിലും കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനാ പ്രവർത്തനത്തിലും മുന്നിലായിരുന്നു. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സി.പി.എം സി.പി.ഐയും തമ്മിൽ ഭിന്നതയുണ്ടായി. കോൺഗ്രസ് ജയിച്ചാലും സി.പി.ഐ അനുകൂല സംഘടനയിലെ അഭിഭാഷകർ ജയിക്കരുതെന്ന് സി.പി.എം അനുകൂല അഭിഭാഷക സംഘടന പ്രവർത്തകർ തീരുമാനിച്ചു. അങ്ങനെ സി.പി.ഐയെ തോൽപ്പിക്കാൻ സി.പി.എം അനുകൂല അഭിഭാഷകർ ബാർ അസോസിയേഷനിലെ മൂന്നാമത്തെ വലിയ പദവിയായ ലൈബ്രേറിയൻ പോസ്റ്റിൽ മത്സരിച്ച സെസിക്ക് വോട്ടു ചെയ്തു. സെസി സേവ്യർ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ചു. അഭിഭാഷക സംഘടനകൾ തമ്മിലുള്ള ഭിന്നതയാണ് സെസിയുടെ യോഗ്യതയെക്കുറിച്ച് പരാതി ഉയരാൻ കാരണമായത്.

മറയാക്കിയത് തലസ്ഥാനത്തെ അഭിഭാഷകയുടെ റോൾ നമ്പർ

തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയുടെ ബാർ കൗൺസിലിലെ റോൾ നമ്പരാണ് സെസി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. ഇത് അവരുടെ അറിവോടെയാണോയെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ അഭിഭാഷകയിൽ നിന്ന് പൊലീസും ജുഡീഷ്യൽ ഓഫീസർമാരും മൊഴിയെടുത്തേക്കും. റോൾ നമ്പർ താനറിയാതെ ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ചതായി പരാതി നൽകിയാൽ ബാർ കൗൺസിലിനും മറ്റു ജുഡീഷ്യൽ സംവിധാനങ്ങൾക്കും ഇടപെടേണ്ടി വരും. ജുഡീഷ്യൽ സംവിധാനത്തെ മുഴുവൻ കബളിപ്പിച്ചതിനാൽ സംഭവം ഗൗരവമാകും. കക്ഷികൾക്ക് വേണ്ടി ഹാജരാകുകയും അഡ്വക്കേറ്റ് കമ്മിഷനായി പോകുകയും ചെയ്ത സാഹചര്യത്തിൽ നൽകിയ റിപ്പോർട്ടുകൾ, കക്ഷികൾക്ക് വേണ്ടി നൽകിയ വക്കാലത്തുകൾ തുടങ്ങിയവയ്ക്ക് നിയമപരമായി നിലനിൽപ്പുണ്ടോ എന്ന് അതത് കോടതികളാണ് തീരുമാനിക്കേണ്ടതെന്ന് നിയമവിദഗ്ദർ വ്യക്തമാക്കുന്നു.

അതേസമയം, കോടതിയിൽ നിന്ന് മുങ്ങിയ സെസിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ADVOCATE, FAKE DEGREE, CICY, CYCEE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.