SignIn
Kerala Kaumudi Online
Sunday, 19 September 2021 1.29 AM IST

അബുദാബി ചേംബർ: യൂസഫലി വൈസ് ചെയർമാൻ

yousuf-ali

അബുദാബി: അബുദാബി ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രിയുടെ ഡയറക്‌ടർ ബോർഡ് വൈസ് ചെയർമാനായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്‌ക് മുഹമ്മദ് ബിൻ സായീദ് അൽ നഹ്യാൻ നിയമിച്ചു. ലോകത്തെ പ്രമുഖ സാമ്പത്തിക നഗരങ്ങളിലൊന്നായ അബുദാബിയുടെ വാണിജ്യ - വ്യവസായ രംഗത്ത് നിർണായക സ്വാധീനമുള്ള സ്ഥാപനമാണ് അബുദാബി ചേംബർ.

അബുദാബിയിലെ വാണിജ്യ-വ്യവസായ മേഖലയിൽ നിന്നുള്ള 29 പ്രമുഖരാണ് പുതിയ ഡയറക്‌ടർ ബോർഡിലുള്ളത്. ബോർഡിലെ ഏക ഇന്ത്യക്കാരനാണ് എം.എ. യൂസഫലി. മസ്‌റൂയി ഇന്റർനാഷണലിന്റെ അബ്‌ദുള്ള മൊഹമ്മദ് അൽ-മസ്‌റൂയിയാണ് ചെയർമാൻ. ബിൻ ഹർമാൽ ഗ്രൂപ്പിന്റെ ഡോ. അലി ബിൻ ഹർമാൽ അൽ-ദാഹരിയും വൈസ് ചെയർമാനാണ്. അൽ-മസൂദ് ഗ്രൂപ്പിന്റെ മസൂദ് റഹ്‌മ അൽ-മസൂദ് ട്രഷററും സ്‌റ്റീൽ എമിറേറ്റ്‌സ് കോൺട്രാക്‌ടിംഗിന്റെ സയീദ് ഖു‌മ്‌റാൻ അൽ-റിമെയ്‌തി ഡെപ്യൂട്ടി ട്രഷററുമാണ്.

അബുദാബിയിലെ എല്ലാ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും അംഗമായ അബുദാബി ചേംബർ സർക്കാരിനും ബിസിനസ് സമൂഹത്തിനും ഇടയിലെ ചാലകശക്തിയാണ്. ബിസിനസ് സ്ഥാപനങ്ങൾക്ക് ചേംബറിന്റെ അനുമതിയോടെയേ അബുദാബിയിൽ പ്രവർത്തിക്കാനാകൂ. അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനയ്ക്കും ജീവകാരുണ്യ രംഗത്തെ പിന്തുണയ്ക്കുമുള്ള അംഗീകാരമായി യു.എ.ഇയുടെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് യൂസഫലിക്ക് അബുദാബി സർക്കാർ സമ്മാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ തേടി പുതിയ അംഗീകാരവുമെത്തിയത്.

''വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി ചേംബറിലേക്കുള്ള നിയമനത്തെ കാണുന്നത്. എന്നിലർപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ ആത്മാർത്ഥമായി പ്രയത്നിക്കും. യു.എ.ഇയുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കും""

എം.എ. യൂസഫലി,

ചെയർമാൻ, ലുലു ഗ്രൂപ്പ്

ലുലു ഗ്രൂപ്പ്

ഗൾഫ്, ഇൻഡോനേഷ്യ, ഈജിപ്ത്, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയുള്ള ലുലു ഗ്രൂപ്പിൽ 28,000ലധികം മലയാളികൾ ഉൾപ്പെടെ 58,000 പേർ ജോലി ചെയ്യുന്നു. അമേരിക്ക, ബ്രിട്ടൻ, സ്‌പെയിൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, തായ്‌ലൻഡ് തുടങ്ങി 14 രാജ്യങ്ങളിൽ ഭക്ഷ്യസംസ്‌കരണ - ലോജിസ്‌റ്റിക്‌സ് സെന്ററുകളുണ്ട്. കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുറന്ന് ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലുമാണ് ലുലു ഗ്രൂപ്പ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, MA YOUSUF ALI, LULU GROUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.