SignIn
Kerala Kaumudi Online
Saturday, 27 April 2024 5.20 AM IST

കൊടകരയിലെ കുഴൽപ്പണക്കടത്ത് വാഹനത്തിലും കുഞ്ഞൂട്ടിയുടെ കള്ളക്കലവറ

kodakara

തൃശൂർ : കൊടകര കുഴൽപ്പണ കള്ളക്കടത്ത് കേസിൽ പൊലീസ് പിടികൂടിയ ആഡംബര വാഹനത്തിലും രഹസ്യ അറ നിർമ്മിച്ചത് കുഞ്ഞൂട്ടി. വാഹനങ്ങളിൽ രഹസ്യഅറകൾ നിർമ്മിക്കുന്ന കാര്യത്തിൽ വിദഗ്ദ്ധനായ കുഞ്ഞൂട്ടി പലവിധത്തിലുള്ള അറകൾ നിർമ്മിച്ച് നൽകാറുണ്ടെങ്കിലും കുഴൽപ്പണക്കള്ളടത്തിന് നിർമ്മിച്ച് നൽകിയത് സ്വിച്ചിട്ടാൽ തുറക്കുന്ന അറയാണ്. റിമോട്ടിൽ തുറക്കുന്നതും വിരലടയാളത്തിൽ പ്രവർത്തിക്കുന്നതുമുൾപ്പെടെ ലോക്കിംഗ് സുരക്ഷയിലെ അതിവൈദഗ്ദ്യമാണ് കുഞ്ഞൂട്ടിയുടെ കള്ളയറകളുടെ പ്രത്യേകത. വാഹനങ്ങൾക്ക് രഹസ്യ അറകൾ നിർമ്മിച്ച് നൽകുന്ന പ്രത്യേക താവളത്തിലേക്ക് കുഞ്ഞൂട്ടിയെ വിളിച്ചുവരുത്തിയാണ് കുഴൽപ്പണ ഇടപാടിനായി രഹസ്യ അറ നിർമ്മിച്ചതെന്നാണ് വിവരം. കുഴൽപ്പണക്കേസിൽ പിടിയിലായ ധർമ്മരാജനാണ് വാഹനത്തിൽ കള്ള അറ നിർമ്മിച്ച് നൽകിയ കുഞ്ഞൂട്ടിയെപ്പറ്റി വെളിപ്പെടുത്തിയത്.

സംസ്ഥാനത്തെ സ്വർണ്ണ, കള്ളപ്പണക്കടത്ത് സംഘങ്ങൾക്ക് വാഹനങ്ങളിൽ ഇതിനുള്ള രഹസ്യ അറ നിർമ്മിച്ച് നൽകുന്നത് മലപ്പുറം സ്വദേശി കുഞ്ഞൂട്ടിയാണെന്ന് നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ആഡംബര കാറുകളിലും ചരക്ക് വാഹനങ്ങളിലും ഒരേ സമയം കോടിക്കണക്കിന് രൂപയും കിലോക്കണക്കിന് സ്വർണവും ഒളിപ്പിച്ച് കടത്താൻ കഴിയുന്നതും, പുറത്ത് നിന്ന് ഒറ്റനോട്ടത്തിൽ ആർക്കും കണ്ടെത്താൻ കഴിയാത്തതുമായ വിധത്തിൽ രഹസ്യ ലോക്കറുകൾ നിർമ്മിച്ച് നൽകുന്നതിൽ വിരുതനാണ് കുഞ്ഞൂട്ടി. ധർമ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കുഞ്ഞൂട്ടിയെയും വരുംദിവസങ്ങളിൽ കേസിൽ പ്രതിയാക്കാനാണ് പൊലീസിന്റെ നീക്കം.

സിസ്റ്റം വണ്ടികളിലെ

അറ തുറക്കാൻ വിരലടയാളം

മൊബൈൽ ഫോണുകളുടെ ടച്ച് സ്ക്രീൻ ഫിംഗർ പ്രിന്റ് ഉപയോഗിച്ച് ഓപ്പൺ ചെയ്യുന്നതു പോലെ വിരലടയാളത്താൽ തുറക്കാൻ കഴിയുന്ന വിധത്തിലുള്ള ലോക്കറുകളാണ് കുഞ്ഞൂട്ടി വാഹനങ്ങളിൽ പണിതീർക്കുന്നത്. സ്പിരിറ്റും കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും ഒളിപ്പിച്ച് കടത്താൻ വാഹനങ്ങളിൽ രഹസ്യ അറകൾ നിർമ്മിക്കാറുണ്ടെന്ന രഹസ്യം പരസ്യമായതോടെ പൊലീസുൾപ്പെടെയുളള ഏജൻസികൾ ഇത്തരം വാഹനങ്ങളിൽ അറകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന മാർഗങ്ങളെപ്പോലും പരാജയപ്പെടുത്തും വിധം കിടിലൻ രീതികളിലാണ് കുഞ്ഞൂട്ടിയുടെ കള്ളക്കലവറ നിർമ്മാണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളപ്പണക്കടത്തിനിടെ സിസ്റ്റം വണ്ടികൾ (രഹസ്യ അറകളുള്ള വാഹനങ്ങൾ ) പിടിക്കപ്പെട്ടതോടെ അറനിർമ്മാണത്തിലെ സൂക്ഷ്മതയും വൈദഗ്ദ്ധ്യവും തിരിച്ചറിഞ്ഞ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ലോക്കറുകൾക്ക് പിന്നിലെ കുഞ്ഞൂട്ടി രഹസ്യം പുറത്തായത്.

രജിസ്ട്രേഷന് മുമ്പേ കൈവയ്ക്കും

കള്ളക്കടത്ത് സംഘങ്ങൾ പുതിയ വാഹനങ്ങൾ ഷോറൂമിൽ നിന്നെടുത്തുകൊണ്ടുവരുന്നത് തന്നെ കുഞ്ഞൂട്ടിയെ തേടിയാണ്. കുഞ്ഞൂട്ടി കൈവച്ച ശേഷമേ വാഹനങ്ങളുടെ രജിസ്ട്രേഷൻ പോലും നടത്തൂ. അറ നിർമ്മിച്ച വാഹനം പിന്നീട് തിരിച്ചറിയാതിരിക്കാനാണ് നമ്പർ ലഭിക്കുംമുമ്പ് വാഹനം കുഞ്ഞൂട്ടി മുമ്പാകെ എത്തിക്കുന്നത്. ആഡംബര കാറുകൾ, കാരവനുകൾ, ചരക്ക് വാഹനങ്ങൾ എന്നിവയിലെല്ലാം സേഫ് ലോക്കറുകൾ നിർമ്മിക്കുന്നതിൽ അഗ്രഗണ്യനാണ് കുഞ്ഞൂട്ടിയെന്നാണ് പൊലീസിന്റെ സാക്ഷ്യം. ഏതാനുംവർഷം മുമ്പ് കള്ളപ്പണം കടത്തുന്നതായുള്ള സൂചനയുടെ അടിസ്ഥാനത്തിൽ ഒരു ഓഡി കാർ ഫറോക്ക് പൊലീസിന്റെ പിടിയിലായിരുന്നു. കാറിലുണ്ടായിരുന്നവരിൽ നിന്ന് ഏതാനും ലക്ഷങ്ങൾ പിടികൂടിയതിനെ തുട‌ർന്ന് കാറും കാറിലുണ്ടായിരുന്നവരും പൊലീസ് കസ്റ്റഡിയിലായി. പിടിച്ചതിന്റെ പത്തിരട്ടിപ്പണം കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിട്ടുള്ളതിനാൽ കള്ളക്കടത്തുകാരനായ വാഹന ഉടമ രഹസ്യമായി കുഞ്ഞൂട്ടിയുടെ സഹായം തേടി. തന്റെ ലോക്കർ പൊലീസ് കണ്ടുപിടിക്കില്ലെന്ന് കുഞ്ഞൂട്ടി കട്ടായം പറഞ്ഞെങ്കിലും,​ കസ്റ്റഡിയിലായവർ ചോദ്യം ചെയ്യലിൽ മനസ് തുറന്നാൽ ലോക്കറിലുളള കോടികൾ കൂടി പൊലീസ് കസ്റ്റഡിയിലാകുമെന്ന് വാഹന ഉടമ അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ കിടന്ന വാഹനത്തിൽ നിന്ന് ലോക്കറിലുള്ള പണം വീണ്ടെടുക്കാൻ കുഞ്ഞൂട്ടിയുടെ സഹായം തേടി. വാഹനത്തിൽ നിന്ന് പണം കൈമാറാൻ വൻതുക ഓഫർ നൽകിയതോടെ കസ്റ്റഡിവാഹനത്തിന്റെ ലോക്കർ തുറക്കാൻ കുഞ്ഞൂട്ടി തയ്യാറായി. രണ്ടും കൽപ്പിച്ച് കാർ തുറന്ന് ലോക്കറിൽ നിന്ന് പണം മാറ്റിക്കൊണ്ടിരിക്കെ,​ കാറിലൊളിപ്പിച്ചിരുന്ന ഒരുകോടിയിലധികം രൂപയുമായി കുഞ്ഞൂട്ടി പൊലീസിന്റെ പിടിയിലായി.

തൊണ്ടിവാഹനത്തിലെ കവർച്ച

കുഞ്ഞൂട്ടിക്ക് കുപ്രസിദ്ധി

പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന വാഹനത്തിൽ നിന്ന് കോടികൾ കവർന്നകേസിൽ അകത്തായതോടെയാണ് കള്ളലോക്കറുകളുടെ തോഴനായ കുഞ്ഞൂട്ടി കുപ്രസിദ്ധനായത്. പൊലീസിന്റെ നോട്ടപ്പുള്ളിയാകുകയും കള്ളപ്പണ ഇടപാടുകളിൽ പലപ്പോഴും പ്രതിയാകുകയും ചെയ്തെങ്കിലും കുഞ്ഞൂട്ടി ഇപ്പോഴും കള്ളക്കടത്ത് സംഘങ്ങളുടെ ഇഷ്ടതോഴനാണ്. കേരളത്തിനകത്തും പുറത്തുമായി നൂറ് കണക്കിന് വാഹനങ്ങളാണ് കുഞ്ഞൂട്ടിയുടെ കള്ളലോക്കറുമായി തലങ്ങും വിലങ്ങും പായുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KODAKARA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.