തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിക്ക് ആദരമർപ്പിച്ച് കേരള മീഡിയ അക്കാഡമി കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് നടത്തുന്ന ഫോട്ടോ പ്രദർശനം ഇന്ന് ഭാരത്ഭവനിൽ നടക്കും. പുലിറ്റ്സർ ജേതാവായ ഡാനിഷിന്റെ അപൂർവ ചിത്രങ്ങളാണ് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ നടക്കുന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാനിഷിന്റെ അഭിമുഖം ഉൾപ്പെടുത്തിയ പ്രത്യേക വീഡിയോയും പ്രദർശിപ്പിക്കും. സ്പീക്കർ എം.ബി. രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡാനിഷിന്റെ നിശ്ചലദൃശ്യം ക്ലിക്ക് ചെയ്ത് പ്രദർശനം ഉദ്ഘാടനം ചെയ്യും.
മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനാകും. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി .കെ.പി, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സുരേഷ് വെള്ളിമംഗലം, ഭാരത്ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ക്യാപിറ്റൽ ലെൻസ് വ്യൂ പ്രതിനിധി രാഗേഷ് നായർ, മീഡിയ അക്കാഡമി സെക്രട്ടറി എൻ.പി. സന്തോഷ് എന്നിവർ സംസാരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാദ്ധ്യമപ്രവർത്തകരും മാദ്ധ്യമ ഫോട്ടോഗ്രാഫർമാരും ഓൺലൈനിലൂടെ രക്തസാക്ഷി പ്രണാമം നടത്തും.
ഇന്ത്യയിലെ കൊവിഡ് ദുരിതങ്ങൾ, പൗരാവകാശ കർഷക പ്രക്ഷോഭങ്ങൾ, അഫ്ഗാൻ-ഇറാക്ക് യുദ്ധങ്ങൾ, റോഹിങ്ക്യൻ അഭയാർത്ഥി ദുരിതം, ഹോങ്കോംഗ് പ്രതിഷേധം, നേപ്പാൾ ഭൂകമ്പം തുടങ്ങി ഡാനിഷ് പകർത്തിയ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും. ഡാനിഷിനെ കൊലപ്പെടുത്തിയെങ്കിലും ചിത്രങ്ങൾ മരിക്കില്ല എന്ന സന്ദേശമാണ് ഫോട്ടോ പ്രദർശനത്തിലൂടെ നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |