കണ്ണടക്കടകളിൽ വരുമാനത്തിൽ ഇടിവ്
ആലപ്പുഴ : കൊവിഡിനെക്കാൾ ഭേദമാണ് കാഴ്ചയിലെ നേരിയ മങ്ങലെന്ന് കരുതി പലരും ചികിത്സ നീട്ടിവയ്ക്കുമ്പോൾ, നേത്ര ആശുപത്രികളിലും, കണ്ണടക്കടകളിലും വരുമാനത്തിൽ വൻ ഇടിവ്. രണ്ടാം തരംഗം വന്നതോടെ സ്വകാര്യ മേഖലയിൽ നേത്ര വിദഗ്ദ്ധരുടെ തൊഴിൽ സമയവും വേതനവും വെട്ടിച്ചുരുക്കി. കണ്ണടയ്ക്ക് ആവശ്യമായ ലെൻസും, ഫ്രെയിമും കേരളത്തിന് പുറത്ത് നിന്ന് വന്നു തുടങ്ങിയിട്ടില്ല. തിരുവല്ലയിൽ നിന്നും എറണാകുളത്ത് നിന്നും എത്തുന്നത് താരതമ്യേന ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ്. മുംബയിൽ നിന്ന് 450 രൂപയ്ക്ക് ലഭിക്കുന്ന ലെൻസ് കേരളത്തിൽ 150 രൂപയ്ക്ക് ലഭിക്കും. എന്നാൽ ഗുണനിലവാരത്തിൽ വലിയ അന്തരമാണ് പ്രകടമാകുന്നത്. കൊവിഡ് വന്നതിൽ പിന്നെ സംസ്ഥാനത്ത് പല കണ്ണടക്കടകളിലും സ്റ്റോക്ക് എത്തിയിട്ടില്ല.
ലോക്ക്ഡൗണും നിയന്ത്രണങ്ങളും മൂലം ഉത്പാദനമടക്കം പ്രതിസന്ധിയിലായതോടെ കണ്ണടക്ഷാമവും ഉടലെടുത്തു. സഹിക്കാനാവാത്ത ബുദ്ധിമുട്ടുള്ള രോഗികൾ മാത്രമാണ് ഇക്കാലയളവിൽ ഡോക്ടർമാരെ കാണാനെത്തുന്നത്. അതിനാൽ കണ്ണടശാലകളിൽ കുറിപ്പടികളുമായി എത്തുന്നവരും കുറവാണ്. പലരും സ്വന്തം ആവശ്യങ്ങൾ പറഞ്ഞ് ലെൻസ് വാങ്ങാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വിദഗ്ദ്ധനായ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കണ്ണടയും ലെൻസും തെരഞ്ഞെടുക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുമെന്ന് കണ്ണട വ്യാപാരികൾ പറയുന്നു.
കമ്പ്യൂട്ടറിൽ നോക്കി ജോലിചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചത് കണ്ണട ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. പരമാവധി മൂന്ന് വർഷമാണ് ലെൻസിന് കാലാവധി നൽകുന്നത്. എന്നിരുന്നാലും രണ്ടുവർഷം കഴിയുമ്പോൾ തന്നെ പലർക്കും ലെൻസ് മാറ്റേണ്ടതായി വരാറുണ്ട്. ഇത്തരക്കാർക്കാണ് ലെൻസ് ക്ഷാമം വെല്ലുവിളിയാകുന്നത്. സുഗമമായ വായനയ്ക്ക് സഹായിക്കുന്ന പ്രോഗ്രസിവ് ലെൻസിനാണ് ആവശ്യക്കാർ കൂടുതലുള്ളത്. ഇതിന് ഡോക്ടർമാറുടെ കുറിപ്പടി ആവശ്യമില്ല. കണ്ണടക്കടകളിൽ തന്നെ നടത്തുന്ന ടെസ്റ്റ് വഴി യോജിച്ച ലെൻസ് തെരഞ്ഞെടുക്കാൻ സാധിക്കും. കേരളത്തിൽ തിരുവല്ലയടക്കം ഏതാനും പ്രദേശങ്ങളിൽ ലെൻസ് സർഫിംഗ് ചെയ്യുന്ന കമ്പനികളുണ്ട്.
പ്രതിസന്ധികൾ
ഫ്രെയിമുകളുടെ ഉത്പാദനം കേരളത്തിൽ നടക്കുന്നില്ല
ഫ്രെയിമും ലെൻസും എത്തുന്നത് ചൈനയിൽ നിന്നും മുംബയിൽ നിന്ന്
ഫ്രെയിമിന് വില
300 മുതൽ 3000 രൂപ വരെ
ലെൻസ്
ചികിത്സാർത്ഥമുള്ളത് - 1200 രൂപ മുതൽ
പ്രോഗ്രസിവ് ലെൻസ് - 500 രൂപ മുതൽ
ഗൂഗിൾസ് - 50 രൂപ മുതൽ
ഡോക്ടറുടെ കുറിപ്പടിയുമായി കണ്ണട വാങ്ങാൻ വരുന്നവർ കുറവാണ്. ലെൻസിന്റെ കാലാവധി അനുസരിച്ച് പുതിയതിനായി എത്തുകയാണ്. അവർക്ക് യോജിച്ച കണ്ണടകൾ സ്റ്റോക്കില്ലെന്നതാണ് പ്രധാന പ്രശ്നം
- വിഷ്ണു, കണ്ണട വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |