കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘത്തിന് കൂട്ടുനിന്ന മൂന്ന് ഇൻസ്പെക്ടർമാരെ കസ്റ്റംസ് പിരിച്ചുവിട്ടതിന് പിന്നാലെ അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങിയേക്കും. നേരത്തെ പിരിച്ചുവിട്ട മൂന്ന് ഉദ്യോഗസ്ഥർക്ക് രാജ്യാന്തര സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ദുബായിൽ നിന്നാണ് വിവരങ്ങൾ കൃത്യമായി എത്തുന്നതെന്നും കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊബൈൽ ഫോണിലേക്ക് സ്ഥിരമായും തിരിച്ചും ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ സൈബർസെല്ലിന്റെ സഹായത്തോടെ ഡി.ആർ.ഐ നേരത്തെ ശേഖരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വിദേശയാത്രയെ കുറിച്ചും ഡി.ആർ.ഐ അന്വേഷിച്ചിരുന്നു. കള്ളക്കടത്ത് സ്വർണം കേരളത്തിലെത്തിച്ച് വിവിധ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്നതായിരുന്നു രീതി.
സ്വർണവുമായി വരുന്ന യാത്രക്കാരുടെ വിശദാംശങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് ഇൻസ്പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റ് വഴി കണ്ണൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഈ യാത്രക്കാരെ എക്സറേ, മെറ്റൽ ഡിറ്റക്ടർ പരിശോധന കൂടാതെ കടത്തിവിടുകയാണ് പതിവ്. എന്നാൽ, ഡി.ആർ.ഐ പരിശോധനയിൽ കള്ളക്കളി പുറത്താവുകയായിരുന്നു. കള്ളക്കടത്ത് സംഘത്തിൽ നിന്ന് ലഭിക്കുന്ന പണം ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകിയതും രാഹുലായിരുന്നു. വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ തെളിവുകൾക്കായി ഫോറൻസിക് പരിശോധന നടത്തിയിരുന്നു.
തുമ്പായത് 4.5 കിലോ സ്വർണം പിടിച്ച കേസ്
2019 ആഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോഗ്രാം സ്വർണവുമായി മൂന്ന് കാരിയർമാർ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസിന്റെ പിടിയിലായ കേസ് അടിസ്ഥാനമാക്കിയാണ് നടപടി. ഇവരുടെ അടുത്ത സുഹൃത്തുക്കളെയും ഡി. ആർ.ഐ അന്വേഷിക്കുന്നുണ്ട്. രാഹുൽ പണ്ഡിറ്റിന്റെ നിർദേശമനുസരിച്ചാണ് ഇവർ പ്രവർത്തിച്ചതെന്നും 4.5 കിലോ അടക്കം 11 കിലോ സ്വർണം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ കള്ളക്കടത്ത് സംഘത്തെ സഹായിച്ചതായും ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. ഡി.ആർ.ഐ അറസ്റ്റ് ചെയ്ത രാഹുൽ പണ്ഡിറ്റിനെ നേരത്തേ തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഡി.ആർ.ഐ അറസ്റ്റ് ചെയ്ത മറ്റ് മൂന്ന് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരും സസ്പെൻഷൻ കാലാവധിക്കു ശേഷം കൊച്ചിയിൽ പ്രിവന്റീവ് വിഭാഗം ഹെഡ്ക്വാർട്ടേഴ്സിൽ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു.
കടത്തിന് അയവില്ല
സ്വർണക്കടത്ത് വാർത്തകൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റുമ്പോഴും കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കടത്ത് അയവില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ച തുടർച്ചയായി ഇവിടെ സ്വർണക്കടത്ത് ആവർത്തിക്കുകയാണ്. കാസർകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻസംഘമാണ് കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് അധികൃതർക്ക് ലഭിച്ച സൂചന.
കള്ളക്കടത്തിനായി വിദേശത്തേക്ക് പുറപ്പെടുകയും ലോക്ക്ഡൗണിൽ കുടുങ്ങുകയും ചെയ്ത കാരിയർമാരെയും നിയന്ത്രിക്കുന്നത് കാസർകോട് സംഘമാണെന്ന വിവരമാണ് കസ്റ്റംസിന് ലഭിച്ചത്. ചാർട്ടേഡ് വിമാനത്തിലെത്തുന്ന യാത്രക്കാർക്കിടയിലാണ് കാരിയർമാരും ഉൾപ്പെട്ടതെന്ന് വിവിധ കേന്ദ്രസർക്കാർ ഏജൻസികളും വിലയിരുത്തുന്നു.
ഒരാഴ്ചത്തെ ആവശ്യത്തിനായി എത്തിച്ച കാരിയർമാർ ലോക്ക്ഡൗണിനെ തുടർന്ന് മാസങ്ങളോളം വിദേശത്ത് കുടുങ്ങി. ഇക്കാലയളവിലെ എല്ലാ ചെലവുകളും വഹിച്ചത് കള്ളക്കടത്ത് സംഘങ്ങളാണ്. ഇവർക്ക് കാസർകോട് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |