ആലപ്പുഴ: വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ജില്ലാഭരണകൂടം മാനദണ്ഡങ്ങൾ പുതുക്കി. രണ്ടാം ഡോസ് വാക്സിൻ ഡ്യൂ ആകുന്നവരുടെ പട്ടിക മെഡിക്കൽ ഓഫീസർമാർ കൊവിൻ സൈറ്റിൽ നിന്ന് മുൻഗണനാക്രമം അനുസരിച്ച് നൽകണം. വാക്സിൻ നൽകുന്നതിന്റെ തലേദിവസം ലിസ്റ്റ് തയ്യാറാക്കണം. ആശാ പ്രവർത്തകർ വഴി, ദിവസം, സമയം എന്നിവ രേഖപ്പെടുത്തിയ ടോക്കണും നൽകണം.
60 വയസിന് മുകളിലുള്ളവരുടെ പട്ടിക തയ്യാറാക്കിയും മുൻഗണനാ പട്ടികയിലുള്ളവർക്കും ജാഗ്രതാ സമിതി വാക്സിൻ ഉറപ്പാക്കണം. കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ വഴി നൽകുന്ന വാക്സിനുകൾ പഞ്ചായത്ത് നിവാസികൾക്ക് മാത്രമായിരിക്കും. സി.എച്ച്.സികളുള്ള പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് തീരുമാനമെടുക്കണം.
ജാഗ്രതാ സമിതി
ഒന്നാം ഡോസിന് മുൻഗണനാ ക്രമം തയ്യാറാക്കുന്നതിന് ജാഗ്രതാ സമിതി രൂപീകരിച്ചു. പഞ്ചായത്ത്/ നഗരസഭാ തലത്തിൽ നഗരസഭാ ചെയർപേഴ്സൺ/ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവരടങ്ങുന്നതാണ് ജാഗ്രതാ സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |