SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.13 PM IST

വെള്ളിക്കൊലുസ് എത്ര പവൻ? സ്ത്രീധനം കുറഞ്ഞതിൽ ഭർത്തൃപിതാവിന്റെ നിരന്തര പരിഹാസം,   രേവതിയുടെ ഡയറിയിൽ നിറയെ കേൾക്കേണ്ടി വന്ന കുത്തുവാക്കുകൾ

revathy-

കുണ്ടറ: ഭർത്തൃപിതാവിന്റെ മാനസിക പീഡനമാണ് രേവതി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ. നിർദ്ധന കുടുംബാംഗമായ രേവതിക്ക് സ്ത്രീധനം പേരിനുമാത്രമായിരുന്നു. ഇതേച്ചൊല്ലിയുള്ള കുത്തുവാക്കുകൾ രേവതിയെ വേദനിപ്പിച്ചിരുന്നു.


ബന്ധുക്കൾ പറയുന്നത്:

രേവതിയുടെ വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ചോദിച്ച് സൈജുവിന്റെ പിതാവ് പതിവായി കളിയാക്കുമായിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് വിവാഹ സഹായമായി ലഭിച്ച 70,000 രൂപയ്ക്ക് അമ്മ ശശികല സ്വർണ്ണക്കൊലുസ് വാങ്ങി നൽകി. പിന്നീട് സ്വർണ്ണമാലയെച്ചൊല്ലിയായി പീഡനം. രേവതി ഭർത്താവിന് അവസാനം അയച്ച വാട്ട്സ്ആപ്പ് മെസേജിലും ഭർത്തൃപിതാവിന്റെ പരിഹാസത്തെപ്പറ്റി പറയുന്നുണ്ട്. സൈജുവിന്റെ സഹോദരന്റെ ഭാര്യയും ഭർത്തൃപിതാവിന്റെ മാനസിക പീഡനം കാരണം സ്വന്തം വീട്ടിലാണ് കഴിയുന്നത്.

ഡയറിത്താളുകളിൽ കണ്ണീർക്കണങ്ങൾ

സ്വർണം കുറഞ്ഞതിന് ഭർത്തൃപിതാവ് കുത്തുവാക്കുകൾ പറഞ്ഞിരുന്നതായി രേവതി കൃഷ്ണയുടെ ഡയറിക്കുറിപ്പുകളിൽ സൂചനയുണ്ട്. 'എന്റെ ഭർത്താവിന് എന്നെക്കാളും സമ്പത്തുള്ള പെൺകുട്ടിയെ കിട്ടുമായിരുന്നു, ഞാൻ ഈ വീട്ടിലേക്ക് വരേണ്ടവളായിരുന്നില്ല...'

ഈ കുറിപ്പുകൾ രേവതി മറ്റൊരു വിസ്മയയാണെന്ന് വ്യക്തമാക്കുന്നു. വില്ലൻ ഭർത്താവല്ലെന്ന് മാത്രം. ഭർത്താവ് സൈജുവിനെ അവൾ പ്രാണനെപ്പോലെ സ്‌നേഹിച്ചിരുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് രേവതി വാട്സ്ആപ്പിൽ ചാറ്റ് ചെയ്തത് സൈജുവിനോടായിരുന്നു. 'എനിക്ക് വല്ലാത്ത വിഷമം' അവൾ പറഞ്ഞു. എന്താ കാര്യമെന്ന് സൈജു ആവർത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ല. രേവതിയുടെ അമ്മയെ വീട്ടിലേക്ക് അയയ്ക്കാമെന്ന് സൈജു പറഞ്ഞു. അതിനവൾ കാത്തുനിന്നില്ല. രാവിലെ 9.30 ഓടെ ആരംഭിച്ച വാട്സ്ആപ്പ് ചാറ്റ് പത്ത് മണിയോടെ അവസാനിച്ചു.

പിന്നീട് സൈജു ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. എടുക്കാതിരുന്നതോടെ രേവതിയുടെ അമ്മയെ വിളിച്ച് പറഞ്ഞു. അമ്മ ഓട്ടോറിക്ഷയിൽ സൈജുവിന്റെ വീട്ടിലെത്തി. രേവതി വീട്ടിൽ നിന്നിറങ്ങിയെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഭർത്തൃവീട്ടുകാർ അറിയിച്ചത്. തുടർന്ന് അമ്മ കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിലെത്തി. അവിടെ പൊലീസുകാർ കല്ലടയാറ്റിൽ ചാടി മരിച്ച യുവതിയെ തിരിച്ചറിയാനുള്ള തിരക്കിലായിരുന്നു. യുവതിയുടെ ചിത്രം കാണിച്ചതോടെ പൊട്ടിക്കരച്ചിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SUICIDE, KUNDARA SUICIDE, REVATHI SUICIDE, REVATHY VISMAYA CASE, VISMAYA LIKE REVATHY, DOWRY DEATH, KALLADA RIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY