മാസ്റ്റർ പ്ലാനിൽ ഇന്ന് പ്രാഥമിക യോഗം വിളിച്ച് മേയർ
കൊല്ലം: അഷ്ടമുടി കായലിന്റെ പുനരുജ്ജീവനത്തിനുള്ള മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട പ്രാഥമികയോഗം ഇന്ന് രാവിലെ 10.30ന് മേയർ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തിൽ നടക്കും. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം.എൽ.എമാർ, കായൽ കടന്നുപോകുന്ന 12 പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
നീർത്തടങ്ങളുടെ സംരക്ഷണത്തെയും അവയുടെ സന്തുലിത ഉപയോഗത്തെയും കുറിച്ചുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദ്ദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് അഷ്ടമുടിക്കായൽ. സ്വാഭാവിക ജൈവ വ്യവസ്ഥ സംരക്ഷിക്കുന്നതോടൊപ്പം കായലിലെ മത്സ്യസമ്പത്ത് ഉൾപ്പെടെ വർദ്ധിപ്പിക്കാനും മലിനീകരണം പൂർണമായി നിയന്ത്രിക്കാനുമുള്ള പദ്ധതിയാണ് പരിഗണയിലുള്ളത്
വഴിതെളിച്ച് കേരളകൗമുദി
അഷ്ടമുടിക്കായൽ മലിനീകരണവുമായി ബന്ധപ്പെട്ട് 'കേരളകൗമുദി' നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി അഷ്ടമുടിക്കായൽ സന്ദർശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ അവലോകന യോഗം ചേരണമെന്നും നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിക്കുകയും ചെയ്തു.
കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ നടന്ന ശ്രമങ്ങളുടെ പരിമിതികൾ പ്രത്യേകമായി പരിശോധിച്ച് അവ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. സർക്കാർ പദ്ധതികൾക്ക് പൊതുവിൽ ആരോപിക്കപ്പെടുന്ന കാര്യശേഷിക്കുറവ് അഷ്ടമുടി മാസ്റ്റർ പ്ലാനിന്റെ കാര്യത്തിൽ ഉണ്ടാകില്ല.
പ്രസന്ന ഏണസ്റ്റ്, മേയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |