SignIn
Kerala Kaumudi Online
Saturday, 27 April 2024 6.44 AM IST

നല്ലൊരു ടണൽ കാണുമ്പോഴും തന്നിലെ സുരക്ഷാ വിദഗ്ദ്ധൻ അപകട സാദ്ധ്യതയാണ് ആദ്യം കാണുന്നതെന്ന് കുതിരാൻ തുരങ്കത്തെകുറിച്ച് മുരളി തുമ്മാരുകുടി

murali

ഏറെ നാളത്തെ പരിശ്രമത്തിനു ശേഷം തൃശൂരിനെയും പാലക്കാടിനെയും ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിന്റെ ഒരു വശം കഴിഞ്ഞ ദിവസം തുറന്നു കൊടുത്തിരുന്നു. ഒരുകാലത്ത് നിരവധി സാമൂഹികവിരുദ്ധർ അഴിഞ്ഞാടിയിരുന്ന കുതിരാനിൽ ഇനി ജനങ്ങൾക്ക് പേടിക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് പറയുകയാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി. എന്നാൽ ടണലിനകത്തു കൂടി കാൽനടയാത്രക്കാർക്കു വേണ്ടിയുള്ള നടപാത കാണുന്നുണ്ടെന്നും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സാധാരണ ഗതിയിൽ റോഡ് ടണലുകളുടെ വശത്തുകൂടി കാൽനട യാത്രികർക്കോ സൈക്കിൾ യാത്രക്കാർക്കോ പാതകൾ ഉണ്ടാക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. ടണലിനുള്ളിൽ മോട്ടോർ വാഹനങ്ങളുടെ പുകക്കുഴലിൽ നിന്നും വരുന്ന കാർബൺ മോണോക്‌സൈഡ്, സൂക്ഷ്മമായ പൊടി, കത്തി തീരാത്ത ഹൈഡ്രോകാർബൺ എന്നിങ്ങനെ അനവധി മനുഷ്യന് കൊള്ളാത്ത വസ്തുക്കൾ വായുവിൽ ഉണ്ട്. വെന്റിലേഷൻ എത്ര ഉണ്ടെങ്കിലും ഇത് സാധാരണയെക്കാൾ കൂടുതൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും എന്ന് പറഞ്ഞത് പോലെ നല്ലൊരു ടണൽ കാണുമ്പോഴും തന്നിലെ സുരക്ഷാ വിദഗ്ദ്ധൻ അപകട സാദ്ധ്യതയാണ് ആദ്യം കാണുന്നതെന്ന് മുരളി തുമ്മാരുകുടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കുതിരാൻ - നിങ്ങളെ സമ്മതിക്കണം !!
കുതിരാൻ എന്ന പേര് ആദ്യം കേൾക്കുന്നത് അഞ്ചു പതിറ്റാണ്ടിന് മുൻപാണ്. എൻ്റെ ചേട്ടൻ പഠിച്ച നാലിലേയോ അഞ്ചിലേയോ പുസ്തകത്തിൽ "നിങ്ങളെ സമ്മതിക്കണം" എന്നൊരു പാഠം ഉണ്ടായിരുന്നു.
രാത്രിയിൽ കുതിരാൻ കയറ്റം കയറി പഴനിയിൽ നിന്നും കാറിൽ തൃശൂരിലേക്ക് മടങ്ങി പോകുന്ന ദമ്പതികൾ. പുള്ളി ഒരു ഡോക്ടർ ആണെന്നാണ് എൻ്റെ ഓർമ്മ (അന്നൊക്കെ ഡോക്ടർമാർക്കൊക്കെ മാത്രമേ സ്വന്തം കാറൊക്കെ ഉള്ളൂ). വഴി വിജനമാണ്, അപ്പോൾ ഒരാൾ കൈ കാണിക്കുന്നു. കയ്യിൽ ഒരു ചെറിയ ഭാണ്ഡം ഒക്കെയുണ്ട്. ആ സമയത്ത് പിന്നെ വേറെ ബസ് ഒന്നും ഇല്ലത്തതിനാൽ അവർ വണ്ടി നിറുത്തി അപരിചിതനെ വണ്ടിയിൽ കയറ്റുന്നു.
കാറോടിക്കുന്ന ഡ്രൈവർ റിയർ വ്യൂ മിററിലൂടെ പിന്നെ കാണുന്നത് പേടിപ്പിക്കുന്ന ഒരു കാഴ്ചയാണ്. കാറിൽ കേറിയ ആൾ അയാളുടെ ഭാണ്ഡം തുറക്കുന്നു, അതിൽ കുറെ സ്വർണ്ണാഭരണങ്ങൾ ആണ്, കൂട്ടത്തിൽ ഏതോ സ്ത്രീകളുടെ അറുത്തെടുത്ത കാതും കയ്യും ഒക്കെയാണ്, അതിൽ നിന്നും ചോര ഒലിക്കുന്നു. ഏതോ കൊള്ളക്കാരൻ ആണ് ഇതെന്ന് ഡ്രൈവ് ചെയ്യുന്ന ആൾക്ക് മനസ്സിലായി. കയറ്റം കയറി വീണ്ടും കൂടുതൽ വിജനമാകുമ്പോൾ തങ്ങളേയും അയാൾ കൊള്ളയടിക്കും തീർച്ച. ഭാഗ്യത്തിന് ഭാര്യ ഇത് കാണുന്നില്ല. പെട്ടെന്ന് അയാൾ വണ്ടി ഒന്ന് നിറുത്തി.
"എന്ത് പറ്റി" എന്ന് യാത്രക്കാരൻ വണ്ടിക്കെന്തോ ഒരു ട്രബിൾ ഒന്നിറങ്ങി തള്ളാമോ എന്ന് ഡോക്ടർ
കൊള്ളക്കാരൻ ഇറങ്ങി വണ്ടി തള്ളുന്നു. ആ സമയം നോക്കി ഡോക്ടർ വണ്ടി അതി വേഗതയിൽ ഓടിച്ചു പോകുന്നു. എന്തിനാണ് ആ പാവത്തിനെ വഴിയിൽ വിട്ടതെന്ന് കഥയറിയാത്ത ഭാര്യ ചോദിക്കുന്നു. ഭർത്താവ് കഥയൊക്കെ പറഞ്ഞു കൊടുക്കുന്നു. ഇറക്കം ഇറങ്ങി അടുത്ത പോലീസ് സ്റ്റേഷനിൽ ഭാണ്ഡവും കൊടുത്ത് അവർ പോകുന്നു.
ഇതാണ് കഥ. അൻപത് കൊല്ലം മുൻപ് ചേട്ടന്റെ പുസ്തകം വായിച്ച ഓർമ്മയാണ്. ഇത് പഠിച്ച ഏറെ ആളുകൾ ഇവിടെ ഉണ്ടാകും. ഡീറ്റൈലിംഗ് അവർ തരും.
അപരിചതരെ വാഹനത്തിൽ കയറ്റരുതെന്ന പാഠം വല്ലതുമായിരിക്കും അന്ന് പഠിപ്പിക്കാൻ ഉദ്ദേശിച്ചത്. ഒരു കാറ് വാങ്ങും എന്നൊന്നും സ്വപ്നത്തിൽ പോലും കരുതാത്ത കാലത്താണ് വായിച്ചത് അതുകൊണ്ട് ആ ഗുണപാഠം ഒന്നും ശ്രദ്ധിച്ചില്ല. പേടിച്ചു എന്ന് ഉറപ്പായും പറയാം.
അതാണ് കുതിരാൻ ഓർമ്മ.
കുതിരാൻ പ്രദേശത്ത് പണ്ട് തന്നെ കള്ളൻമാരും പിടിച്ചു പറിക്കാരും ഒക്കെ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ചരക്ക് വാഹനങ്ങൾ സ്ലോ ചെയ്യുമ്പോൾ അതിൽ നിന്നും ഉള്ളതിൽ കുറച്ചൊക്കെ ഓടിച്ചെന്ന് അടിച്ചു മാറ്റുന്ന സ്പെഷ്യൽ സംഘങ്ങൾ ഉണ്ടായിരുന്നുവത്രേ !
ഇതൊക്കെ കേട്ടറിവ് മാത്രം ഉള്ള കാര്യങ്ങൾ ആണ്. എന്താണെങ്കിലും പിൽക്കാലത്തും കുതിരാൻ എന്നെ അലോസരപ്പെടുത്തിയിരുന്നു. അവിടുത്തെ ട്രാഫിക്ക് ജാം കാരണം തൃശൂർ നിന്നും പാലക്കാട്ടേക്ക് യാത്ര പ്ലാൻ ചെയ്താൽ എപ്പോൾ എത്തുമെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് ഞാൻ അപൂർവ്വമായേ പാലക്കാട് പോകാറുള്ളൂ.
ഇന്നലെ കുതിരാൻ തുരങ്കം വാഹനങ്ങൾക്ക് തുറന്നു കൊടുത്ത വാർത്ത കേട്ടപ്പോൾ ഒരിക്കൽ കൂടി ആ കഥ ഓർത്തു. കേരളത്തിലെ ഏറ്റവും നീളമുള്ള റോഡ് ടണൽ ആണെന്ന് തോന്നുന്നു. ഇന്നലെ റോഡ് നിറയെ ഇറങ്ങി നിന്ന് ഫോട്ടോ എടുക്കാനുള്ള ആളായിരുന്നു എന്ന് തോന്നി. തുടക്കത്തിൽ ഉള്ള ആവേശം ആയിരിക്കാം. എന്താണെങ്കിലും നടക്കുന്നവരും ഫോട്ടോഎടുക്കുന്നവരും വാഹനം ഓടിക്കുന്നവരും ഒക്കെ സുരക്ഷ നോക്കണം കേട്ടോ !
ടണലിനുള്ളിൽ രണ്ടു വശത്തുകൂടി കൈ വരി കെട്ടിയ നടപ്പാത പോലെ ഒന്ന് കണ്ടു. നടപ്പാതയാണോ ?, സാധാരണ ഗതിയിൽ റോഡ് ടണലുകളുടെ വശത്തുകൂടി കാൽനട യാത്രികർക്കോ സൈക്കിൾ യാത്രക്കാർക്കോ പാതകൾ ഉണ്ടാക്കാറില്ല. കാരണം ടണലിനുള്ളിൽ മോട്ടോർ വാഹനങ്ങളുടെ പുകക്കുഴലിൽ നിന്നും വരുന്ന കാർബൺ മോണോക്‌സൈഡ്, സൂക്ഷ്മമായ പൊടി, കത്തി തീരാത്ത ഹൈഡ്രോകാർബൺ എന്നിങ്ങനെ അനവധി മനുഷ്യന് കൊള്ളാത്ത വസ്തുക്കൾ വായുവിൽ ഉണ്ട്. വെന്റിലേഷൻ എത്ര ഉണ്ടെങ്കിലും ഇത് സാധാരണയെക്കാൾ കൂടുതൽ ഉണ്ടാകും. സ്വിറ്റസർലണ്ടിൽ മുക്കിന് മുക്കിന് ടണൽ ആണ് (ലോകത്തെ ഏറ്റവും വലിയ റോഡ് ടണൽ ഒരു കാലത്ത് ഇവിടെ ആയിരുന്നു (16.9 കിലോമീറ്റർ), ലോകത്തെ ഏറ്റവും വലിയ റെയിൽവേ ടണൽ ഇപ്പോഴും ഇവിടെയാണ് (57 കിലോമീറ്റർ). ടണലിൽ പണ്ടൊക്കെ ട്രാഫിക്ക് അപകടങ്ങൾ ഉണ്ടാകാറുള്ളത് കൊണ്ടും അങ്ങനെ ഉണ്ടായാൽ രക്ഷാ പ്രവർത്തനം വളരെ വിഷമം ആയതുകൊണ്ടും ഇപ്പോൾ അവിടെ ഒക്കെ ഏറെ നിയന്ത്രണങ്ങൾ ഉണ്ട്. (ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും എന്ന് പറഞ്ഞത് പോലെ നല്ലൊരു ടണൽ കാണുമ്പോഴും എന്നിലെ സുരക്ഷാ വിദഗ്ദ്ധൻ അപകട സാധ്യതയാണ് ആദ്യം കാണുന്നത്. ക്ഷമീ !)
എന്താണെങ്കിലും കുതിരനിലൂടെ ഇനി കള്ളന്മാരെയും ട്രാഫിക്കിനേയും പേടിക്കാതെ പാലക്കാടിന് പോകാം. ടണലിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി.
ഒരു വരവ് കൂടി വരേണ്ടി വരും.
മുരളി തുമ്മാരുകുടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURALI THUMMARUKUDY, KUTHIRAN, TUNNEL, KERALA ROADS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.