SignIn
Kerala Kaumudi Online
Saturday, 27 April 2024 5.22 AM IST

തോക്കിന് ലൈസൻസ് തേടുന്നവരുടെ എണ്ണത്തിൽ വർദ്ധന,​ അപേക്ഷകരിൽ വനിതകളും

gun

തിരുവനന്തപുരം : സംസ്ഥാനത്ത് തോക്കിന് ലൈസൻസ് തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇരുപതിനായിരത്തിലധികം തോക്ക് ലൈസൻസുള്ള കേരളത്തിൽ ഇതിന്റെ രണ്ടിരട്ടിയാണ് പുതിയ അപേക്ഷകർ. 2017 മുതലുള്ള വനിത അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനയുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി തോക്ക് ലൈസൻസ് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുന്നവരിൽ അധികവും വനിതകളാണ്. സ്വയരക്ഷ മുൻനിർത്തിയാണ് പലരും അപേക്ഷ നൽകിയിരിക്കുന്നത്. കൃത്യമായ പരിശോധനകൾ നടത്തി മാത്രമാണ് ഒരാൾക്ക് തോക്ക് കൈവശം വയ്ക്കാൻ അനുവാദം നൽകുന്നത്. ലൈസൻസ് ആവശ്യപ്പെട്ട് സമർപ്പിക്കുന്ന ഭൂരിഭാഗം അപേക്ഷകളും അന്വേഷണത്തിന് ശേഷം നിരസിക്കാറാണ് പതിവ്. കോട്ടയം ജില്ലയിൽ 20ഓളം വനിതകൾക്ക് ഇതിനകം തോക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്.

വനിതകൾ തോക്ക് ലൈസൻസിന് അപേക്ഷിക്കുന്നതിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതിൽ നിയന്ത്രണമുണ്ട്. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു ശേഷം തൃശൂർ, തിരുവനന്തപുരം, കൊച്ചി നഗരപരിധികളിൽ വനിതാ അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടായിട്ടുണ്ട്. ഏറ്റവും അധികം തോക്ക് ലൈസൻസുള്ളത് എറണാകുളം ജില്ലയിലാണ്.


വ്യാജതോക്കുകൾ

കേരളത്തെ ഉന്നം വയ്ക്കുന്നു

പ്രണയപ്പകയിൽ ബി.ഡി.എസ് വിദ്യാർത്ഥിനി മാനസയെ രഗിൽ വെടിവച്ച് കൊന്നശേഷം സ്വയം നിറയൊഴിച്ച് മരിച്ചതോടെയാണ് തോക്ക് വീണ്ടും സംസ്ഥാനത്ത് ചർച്ചാവിഷയമായത്. മാനസയെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് ബീഹാറിൽ നിന്ന് സംഘടിപ്പിച്ചതാണെന്ന സൂചനകൾ പുറത്തുവന്നതോടെ കേരളത്തിലേക്ക് വലിയ തോതിൽ വ്യാജ തോക്കുകൾ എത്തുന്നുണ്ടെന്ന വിവരത്തിന് സ്ഥിരീകരണമായി. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തോക്കുകൾ അധികവും എത്തുന്നത്. ഒറ്റ, ഇരട്ട കുഴൽ തോക്കുകളും, കൈത്തോക്കുകളുമാണ് പ്രധാനമായും എത്തുന്നത്. പകരം വീട്ടാനും വേട്ടയ്ക്കും ആളുകളെ ഭീഷണിപ്പെടുത്താനുമാണ് അനധികൃതമായി സംഘടിപ്പിക്കുന്ന തോക്കുകളിൽ അധികവും ഉപയോഗിക്കുന്നത്.

തോക്ക് ലൈസൻസ്

5 വർഷം വരെ

തോക്ക് കൈവശം വയ്ക്കുന്നവർക്ക് മൂന്നു വർഷം വരെയായിരുന്നു നേരത്തെ ലൈസൻസ് അനുവദിച്ചിരുന്നത്. ലൈസൻസ് കാലാവധി അവസാനിച്ചാലുടൻ തോക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അംഗീകൃത തോക്ക് വിൽപന ശാലകളിലോ (ആർമറി) സൂക്ഷിക്കാൻ ഏൽപ്പിക്കണം. ലൈസൻസ് പുതുക്കാനുള്ള അപേക്ഷകളിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമേ നടപടിയെടുക്കൂ.

ഇപ്പോൾ 5 വർഷം വരെ ലൈസൻസ് അനുവദിക്കാൻ നിയമമുണ്ട്. ഒരു വർഷത്തേക്ക് ലൈസൻസ് ഫീസ് 500 രൂപയാണ്. നിയന്ത്രിത വിഭാഗത്തിൽപ്പെടുന്ന (സൈനികർ ഉപയോഗിക്കുന്നതു പോലെയുള്ള) തോക്കുകൾ ഒഴികെയുള്ളവ മാത്രമേ വ്യക്തികൾക്ക് കൈവശം വയ്ക്കാൻ അനുവാദമുള്ളൂ. റിവോൾവർ, പിസ്റ്റൾ, ഡബിൾ ബാരൽ തുടങ്ങിയ വിഭാഗം തോക്കുകളാണ് വ്യക്തികൾക്ക് അനുവദിക്കുക. തോക്കിന്റെ മോഡൽ, അതിൽ ഉപയോഗിക്കുന്ന ബുള്ളറ്റിന്റെ വലിപ്പം, തോക്കിന്റെ സീരിയൽ നമ്പർ തുടങ്ങി തോക്ക് തിരിച്ചറിയാവുന്ന എല്ലാ വിവരങ്ങളും രജിസ്റ്റർ ചെയ്യും. ഒരു വർഷം പരമാവധി 200 ബുള്ളറ്റുകൾ മാത്രമേ വ്യക്തികൾക്ക് അനുവദിക്കൂ. പരമാവധി 100 ബുള്ളറ്റ് മാത്രമേ ഒരേസമയം കൈവശം വയ്ക്കാൻ അനുവാദമുള്ളൂ.

തോക്ക് ആർക്കൊക്കെ?​

ജീവന് അപകട ഭീഷണിയുള്ളവർ, വലിയതോതിൽ സമ്പത്ത് കൈകാര്യം ചെയ്യുന്നവർ, വധ ഭീഷണി ഉൾപ്പെടെയുണ്ടാകാവുന്ന ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി അവശ്യ വിഭാഗങ്ങളിലുള്ളവർക്ക് മാത്രമേ തോക്ക് അനുവദിക്കുകയുള്ളൂ.

തോക്ക് ലൈസൻസ് കിട്ടാൻ

ജില്ലാ കളക്ടറാണ് തോക്ക് അനുവദിക്കുക. ഇതിന് പ്രത്യേക ഫോമിൽ അപേക്ഷ നൽകണം. ജില്ലാ പൊലീസ് മേധാവി, റവന്യു ഡിവിഷണൽ ഓഫീസർ (ആർ.ഡി.എ), ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ (ആലപ്പുഴയിലാണെങ്കിൽ കോന്നി ഡി.എഫ്.ഒ) എന്നിവർക്ക് കളക്ടർ അന്വേഷണത്തിന് നിർദ്ദേശം നൽകും. നിയമപ്രകാരം പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് മാത്രം മതിയെങ്കിലും തോക്ക് അനുവദിക്കേണ്ടത് കളക്ടർ അന്വേഷിച്ച് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാകണം എന്ന് നിയമത്തിൽ നിർദേശമുള്ളതിനാൽ വിശദമായ അന്വേഷണത്തിനാണ് ആർ.ഡി.ഒ, ഡി.എഫ്.ഒ എന്നിവരോട് റ‍ിപ്പോർട്ട് ആവശ്യപ്പെടുക.

ക്രിമിനൽ പശ്ചാത്തലം, വേട്ടയാടൽ തുടങ്ങിയവ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് അനുക‍ൂലമായി ലഭിച്ചാൽ കളക്ടർ വിചാരണ നടത്തും. തോക്ക് കൈവശം വയ്ക്കാൻ അർഹതയുണ്ടെന്ന് വ്യക്തമായ ശേഷം ലൈസൻസ് അനുവദിക്കും. ലൈസൻസ് പുതുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് മാത്രം മതി.

തോക്ക് കിട്ടാൻ

പിന്നെയും കാക്കണം

ആദ്യമായി തോക്ക് ലൈസൻസിന് അപേക്ഷിക്കുന്നവർ മാനസികാരോഗ്യം സംബന്ധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. തോക്ക് ഉപയോഗിക്കാൻ അറിയാവുന്നവരാണോ എന്ന പൊലീസ് റിപ്പോർട്ട് വേണം. പ്രായമായവരാണെങ്കിൽ തോക്ക് ഉപയോഗിക്കാൻ കഴിയുന്നവരാണെന്ന് തെളിയിക്കണം. അതിനായി റൈഫിൾ ക്ലബ്ബുകളിൽ പരിശീലനം തേടാം. തോക്ക് വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാനു‍ള്ള സൗകര്യമുണ്ടെന്ന് (ലോക്കർ പോലുള്ള സൗകര്യങ്ങൾ) ലൈസൻസിന് അപേക്ഷിക്കുന്നയാൾ സത്യവാങ് മൂലം നൽകണം.

തുടർന്ന് തോക്ക് മറ്റാരും ഉപയോഗിക്കുന്നില്ലെന്ന് സ്വയം ഉറപ്പാക്കേണ്ടി വരും. തോക്കിന്റെ പൂർണ്ണ ഉത്തരവാദിത്തം തോക്ക് ഉടമയ്ക്ക് മാത്രമായിരിക്കും. തോക്ക് ഉപയോഗിച്ച് ആരുടെയും ജീവഹാനി വരുത്താൻ പാടില്ല. സ്വയരക്ഷയ്ക്ക് മാത്രമേ തോക്ക് ഉപയോഗിക്കാൻ പാടുള്ളൂ. തോക്ക് അനർഹരിലെത്തിയാൽ അപകടമാണെന്നതിനാലാണ് ലൈസൻസ് നൽകുന്നതിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.