SignIn
Kerala Kaumudi Online
Friday, 26 April 2024 9.26 AM IST

പള്ളുരുത്തി കൊലപാതകം : മൃതദേഹം പൊന്താതിരിക്കാൻവയറുകീറി കല്ലും മണ്ണും നിറച്ചു !!

anto

കൊച്ചി : പള്ളുരുത്തി കുമ്പളങ്ങിയിൽ പൂർവ്വ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ നാലുപേർ പിടിയിലായെങ്കിലും ഇതുമായി ബന്ധപ്പെട്ട് ചുരുളഴിയാൻ ഇനിയും രഹസ്യങ്ങൾ ബാക്കി. സംഭവത്തിന്റെ ആസൂത്രണം പ്രതികളുടെ കുറ്റസമ്മതത്തോടെ വ്യക്തമായെങ്കിലും കൊല്ലപ്പെട്ട ആന്റണി ലാസറിനെ (39) വയറുകീറി ആന്തരികാവയവങ്ങൾ നീക്കം ചെയ്തതും തെളിവ് നശിപ്പിച്ചതും ആരെന്നത് ഇനിയും വ്യക്തമായിട്ടില്ല. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി കുമ്പളങ്ങി സ്വദേശി തറേപ്പറമ്പിൽ വീട്ടിൽ ബിജു (43), ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ കുമ്പളങ്ങി ഭജനമഠത്തിനു സമീപം താമസിക്കുന്ന ലാൽജു (38) ബിജുവിന്റെ ഭാര്യ രാഖി (22), ബിജുവിന്റെ സുഹൃത്ത് പുത്തങ്കരി വീട്ടിൽ സെൽവൻ (53) എന്നിവരെ ചോദ്യം ചെയ്തതിൽ പ്രതികൾ പരസ്പരം പഴിചാരി രക്ഷപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കേണ്ടതിനാൽ പ്രതികളിൽ നിന്ന് സത്യങ്ങൾ അറിയാൻ ഇനി അവരെ കസ്റ്റഡിയിൽ വാങ്ങിയേ മതിയാകൂ. ഇന്നലെ റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിക്കഴിഞ്ഞു.

ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം

കൊലപാതകം നടത്തിയതുപോലെ തന്നെ ഗൗരവകരമാണ് കൊലയ്ക്ക് ശേഷം ആന്തരികാവയവങ്ങൾ നീക്കി മൃതദേഹം മറവ് ചെയ്ത നടപടി. കൊലപാതകത്തിൽ നാലുപേരും തുല്യ പങ്കാളികളാണെങ്കിലും മൃതദേഹം കീറി മുറിച്ച് ആന്തരികാവയവങ്ങൾ പുറത്തെടുത്ത് ആറ്റിൽ ഉപേക്ഷിച്ചതും തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുളള കുറ്റങ്ങൾ ചുമത്തേണ്ട നടപടിയാണ്. കൊലപാതകത്തിന് പുറമേ കൂടുതൽ കുറ്രങ്ങൾ ചുമത്തപ്പെട്ടാൽ ശിക്ഷ കടുക്കുമെന്ന തിരിച്ചറിവാണ് ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ആന്റണിയുടെ ആന്തരികാവയവങ്ങൾ നീക്കം ചെയ്യാൻ ഉപദേശിക്കുകയും കവറിലാക്കി തോട്ടിലുപേക്ഷിക്കുകയും ചെയ്തത് രാഖിയാണെന്ന് സമ്മതിച്ചിട്ടുണ്ട്. സിനിമകളിലും മറ്റും കണ്ടറിഞ്ഞതാണ് ഇതെന്നും വെളിപ്പെടുത്തുന്നുണ്ട്. ബിജുവിന്റെ വീട്ടിൽവച്ചാണ് കൊലപാതകം നടത്തിയത്. ആന്റണിയുടെ വയർ കീറിയത് ആരാണെന്ന് രാഖിയോ മറ്റ് പ്രതികളോ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണ്. കൃത്യം നടന്ന ബിജുവിന്റെ വീടുൾപ്പെടെയുളള ഭാഗങ്ങൾ ചതുപ്പ് സ്ഥലമാണ്. വേലിയേറ്റത്തിലോ മഴക്കാലത്തോ വെള്ളപ്പൊക്കത്തിൽ മൃതദേഹം പൊന്തിവരാതിരിക്കാനുളള കരുതലെന്ന നിലയിലാണ് വയറുകീറി ആന്തരികാവയവങ്ങൾ നീക്കിയശേഷം കല്ലും മണ്ണും മറ്റും നിറച്ചത്. എന്നാൽ ആന്റണിയെ കാണാതായ പരാതിയിൽ അന്വേഷണത്തിന്റ ഭാഗമായി ബിജുവിന്റെ വീട്ടിലെത്തിയ പൊലീസ് മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തിയതോടെ തുമ്പില്ലാതാകുമെന്ന് കരുതിയ കൊലപാതകം തെളിയുകയായിരുന്നു. പ്രതികളെല്ലാവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. കൊല്ലപ്പെട്ട ആന്റണി ലാസറിനെതിരെയും കേസുകളുണ്ടായിരുന്നു.

പത്തിവിടർത്തിയ പ്രതികാര ദാഹം

അഞ്ചു വർഷം മുമ്പുണ്ടായ അടിപിടിയുടെ പ്രതികാരമാണ് അരും കൊലയിലേക്ക് നയിച്ചത്. വർഷങ്ങൾക്കു മുമ്പ് സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടകളിൽ ഒരാളായിരുന്നു ആന്റണി ലാസറിന്റെ സഹോദരൻ. ഇയാളും സമീപവാസിയായ തറേപ്പറമ്പിൽ ബിജുവുമായുണ്ടായ കശപിശ അടിപിടിയിൽ കലാശിച്ചു. അടിപിടിക്കിടെ ബിജുവിന്റെ കയ്യൊടിഞ്ഞതാണ് വൈരാഗ്യത്തിന് കാരണമായത്. ഒടിഞ്ഞ കൈയ്യിൽ ഡോക്ടർമാർ കമ്പിയിട്ടെങ്കിലും അണുബാധകാരണമുള്ള വേദനയും അസ്വസ്ഥതകളും ബിജുവിന്റെ ഉറക്കം കെടുത്തി. തുടർചികിത്സയ്ക്കും മറ്റുമായി ബിജുവിന്റെ പണവും പോയി. ഇതോടെ പണ്ട് ഉപദ്രവിച്ചതിന് പകരം ചോദിക്കണമെന്ന് തീരുമാനിച്ചെങ്കിലും ഗുണ്ട പിന്നീട് തൂങ്ങി മരിച്ചു. എന്നാൽ ഇതുകൊണ്ടൊന്നും ബിജുവിന്റെ മനസിലെ പക അടങ്ങിയില്ല. അടുത്ത സുഹൃത്തുക്കളായ ലാൽജുവിന്റെയും സെൽവന്റെയും സഹായത്തോടെ തന്റെ ശത്രുവിന്റെ സഹോദരനായ ആന്റണിയോട് പകരം വീട്ടാൻ തീരുമാനിച്ചു. തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞാണ് ആന്റണി ലാസറിനെ ബിജു വീട്ടിലേക്ക് ക്ഷണിച്ചത്. ഒപ്പം ഒരു കുപ്പി മദ്യവും കരുതി. മദ്യപിച്ച് ലക്കുകെട്ട ആന്റണിയെ ബിജു പഴയ കാര്യം പറഞ്ഞു പ്രകോപിപ്പിച്ചു. വീണ്ടും കശപിശയുണ്ടായതോടെ ആന്റണിയെ കൂട്ടുകാർക്കൊപ്പം ചേർന്ന് ആക്രമിച്ചു. തല ഭിത്തിയിൽ ഇടിപ്പിച്ച് നിലത്തിട്ടശേഷം ആന്റണിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. തലയിലും നെഞ്ചിലുമേറ്റ പരുക്ക് ഗുരുതരമായതോടെ ആന്റണി മരിച്ചു. ആന്റണിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പാടവരമ്പത്ത് കുഴിച്ചു മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് സാക്ഷ്യം വഹിക്കുകയും എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്തത് മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖിയായിരുന്നു. ബിജുവിന്റെ വീടിനടുത്ത് മൃതദേഹം കണ്ടെത്തിയതിനാലും നാട്ടുകാരിൽ പലർക്കും പഴയ പകയെക്കുറിച്ച് അറിവുണ്ടായിരുന്നതിനാലും സംശയമുന തങ്ങളിലേക്ക് നീളുന്നത് മനസിലാക്കിയ പ്രതികൾ പലവഴിക്ക് മുങ്ങി. ബിജുവിന്റെ ഭാര്യ രാഖിയെയും സുഹൃത്തുക്കളിൽ ഒരാളായ സെൽവനെയും ചോദ്യം ചെയ്തതോടെ സംഭവം വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഏരൂരിൽ ഒളിവിലായിരുന്ന ബിജുവിനെയും ലാൽജുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊലപാതകം, തെളിവു നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിയിട്ടുള്ളത്. ഏതൊക്കെ ആന്തരികാവയവങ്ങൾ നഷ്ടമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേ വ്യക്തമാകൂ. വരും ദിവസങ്ങളിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതോടെ കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എച്ച്. നാഗരാജുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.