മാഡ്രിഡ് ഇടതുപാദത്തിലെ പരിക്കിനെത്തുടർന്ന് ഈ മാസം നടക്കാനിരിക്കുന്ന യു.എസ് ഓപ്പൺ ഉൾപ്പടെ സീസണിലെ എല്ലാമത്സരങ്ങളിൽ നിന്നും താൻ പിന്മാറുകയാണെന്ന് സ്പാനിഷ് ടെന്നീസ് സൂപ്പർ സ്റ്റാർ റാഫേൽ നദാൽ അറിയിച്ചു.ഈ മാസമാദ്യം വാഷിംഗ്ടൺ ഓപ്പണിൽ നദാലിന് അപ്രതീക്ഷിത തോൽവി നേരിട്ടിരുന്നു. ഇതിന് പിന്നാലെ ടൊറന്റോ മാസ്റ്റേഴ്സിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.
ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിനിടെയാണ് നദാലിനെ പാദത്തിലെ പരിക്ക് പിടികൂടിയത്. തുടർന്ന് സെമിയിൽ നൊവാക്കിനോട് തോൽക്കുകയും ചെയ്തു. ഈ വർഷം ഒരു ഗ്രാൻസ്ളാം കിരീടം പോലും നേടാൻ നദാലിന് കഴിഞ്ഞിട്ടില്ല.
നദാൽ മാത്രമല്ല പുരുഷ ടെന്നിസിലെ മുൻനിരക്കാരെയൊക്കെ പരിക്ക് വേട്ടയാടുകയാണ്. മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ കാൽമുട്ടിലെ അടുത്ത ശസ്ത്രക്രിയയ്ക്ക് വേണ്ടി യു.എസ് ഓപ്പണിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പണിലും നദാലും ഫെഡററും കളിച്ചിരുന്നില്ല.ഫെഡറർ മുട്ടിലെ ശസ്ത്രക്രിയയ്ക്കായി പിന്മാറിയപ്പോൾ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു നദാലിന്റെ പിന്മാറ്റം. നിലവിലെ പുരുഷ ചാമ്പ്യൻ ആസ്ട്രിയയുടെ ഡൊമിനിക്ക് തീമും കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ഇത്തവണത്തെ യു.എസ് ഓപ്പണിൽ നിന്ന് പിന്മാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |