ഊർങ്ങാട്ടിരി : ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ 15 വയസ്സുകാരൻ മുഹമ്മദ് സൗഹാന്റെ തിരോധാനത്തിൽ പ്രദേശത്തെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗണ്‍സിൽ രൂപവത്കരിച്ചു. മനോവൈകല്യമുള്ള സൗഹാനെ കാണാതായി 12 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിൽ കുടുംബത്തിന് അതൃപ്തിയുണ്ട്. ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്കും മലപ്പുറം ജില്ലാ കളക്ടർക്കും നിവേദനം നൽകാനാണ് തീരുമാനം. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി സൗഹാനെ എത്രയും പെട്ടെന്ന് കണ്ടെത്താനും നിലവിലെ അന്വേഷണത്തിൽ പുരോഗതി ഇല്ലെങ്കിൽ അന്വേഷണം മറ്റു ഏജൻസികൾക്ക് കൈമാറാനുമാണ് നിവേദനത്തിലൂടെ കമ്മിറ്റി ആവശ്യപ്പെടുന്നത്. അന്വേഷണത്തിൽ പൊലീസിനെ ഏതുവിധേനയും സഹായിക്കാനും ആക്ഷൻ കൗണ്‍സിൽ തയ്യാറാണെന്നും വെറ്റിലപ്പാറയിൽ ചേർന്ന യോഗത്തിൽ അറിയിച്ചു. യോഗത്തിൽ വെറ്റിലപ്പാറ വാർഡ് മെമ്പർ ദീപ രജിതാസിനെ കൺവീനറായും നാട്ടുകാരനായ അബൂബക്കറിനെ ചെയർമാനായും തിരഞ്ഞെടുത്തു. ജിനേഷ്, ബഷീർ, ഷിജിത, ബെന്നി, ബോബി, ഷാജു എന്നിവരടങ്ങുന്ന ആക്ഷൻ കൗണ്‍സിലാണ് രൂപവത്കരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |