തിരുവനന്തപുരം: മ്യൂസിയം മൃഗശാല വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന മ്യൂസിയം കൺസർവേഷൻ ലബോറട്ടറിയുടെയും രവിവർമ ചിത്രങ്ങളുടെ സംരക്ഷണ പ്രവൃത്തികളുടെയും ഉദ്ഘാടനം സെപ്തംബർ രണ്ടിന് മന്ത്രി അഹമ്മദ് ദേവർകോവിൽ രാവിലെ 10ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകും. രാജാ രവിവർമയുടെ അമൂല്യ സംഭാവനകളുൾപ്പെടെ വൈവിദ്ധ്യമാർന്ന കലാസമ്പത്തിന് ശാസ്ത്രീയ പരിരക്ഷയൊരുക്കുന്നതിനാണ് കൺസർവേഷൻ ലബോറട്ടറി ഒരുക്കുന്നത്. ഇന്ത്യയിൽതന്നെ ഇത്തരം അത്യാധുനിക സജീകരണങ്ങളുള്ള മൂന്നാമത്തെ സ്ഥാപനമാണ് ശ്രീചിത്രാ ആർട്ട് ഗാലറിക്ക് സമീപത്ത് പുതുതായി ഒരുക്കിയിരിക്കുന്ന കൺസർവേഷൻ ലബോറട്ടറി. രാജാ രവിവർമ ചിത്രങ്ങളുടെയും സ്കെച്ചുകളുടെയും ശാസ്ത്രീയ സംരക്ഷണമാണ് പ്രാരംഭ പദ്ധതിയായി ഏറ്റെടുത്തിരിക്കുന്നത്. ദേശീയതലത്തിലുള്ള ഒരു വിദഗ്ദ്ധ സമിതിക്ക് കീഴിൽ സാങ്കേതിക വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. മ്യൂസിയം നോഡൽ ഏജൻസിയായ കേരള മ്യൂസിയം മുഖേനയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. മ്യൂസിയം വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. വി. വേണു, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, ആർട്ട് ഗാലറി ആൻഡ് ആർട്ട് മ്യൂസിയം സൂപ്രണ്ട് പി.എസ്. മഞ്ജുളാദേവി എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |