SignIn
Kerala Kaumudi Online
Sunday, 28 April 2024 3.25 PM IST

'വിപ്ലവ മുന്നേറ്റം വർഗീയ ലഹളയായി'; ഇഎംഎസ് അവതരിപ്പിച്ച പാര്‍ട്ടി രേഖ തിരുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറുണ്ടോയെന്ന് വി മുരളീധരൻ

pinarayi-ems

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആറുമണി വാര്‍ത്താ സമ്മേളനം ചരിത്രത്തെ വക്രീകരിക്കാൻ ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മാപ്പിള കലാപത്തിലേതുപോലെ ഇന്ത്യന്‍ പൗരന്‍മാരെ മതാടിസ്ഥാനത്തില്‍ വംശഹത്യ ചെയ്ത മറ്റൊരു അദ്ധ്യായവും ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലില്ല. രണ്ട് ബ്രിട്ടീഷ് പൊലീസുകാരെയൊഴികെ ബാക്കി കൊന്നൊടുക്കിയതെല്ലാം പാവപ്പെട്ട ഹിന്ദുക്കളെയാണ്. ഇതെല്ലാം സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്ന മുഖ്യമന്ത്രി ഹിന്ദു വംശഹത്യയെ പ്രകീര്‍ത്തിക്കുകയാണെന്നും അദ്ദേഹം ഫേസബുക്കിൽ കുറിച്ചു.

1946ല്‍ ഇ.എം.എസ് അവതരിപ്പിച്ച "ആഹ്വാനവും താക്കീതും" എന്ന പാര്‍ട്ടി രേഖയില്‍ മാപ്പിള കലാപത്തെക്കുറിച്ച് "വിപ്ലവ മുന്നേറ്റം വർഗീയ ലഹളയായി" എന്ന് പറയുന്നു. ഈ പാര്‍ട്ടി രേഖ തിരുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറുണ്ടോ? 1975ല്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ( രചന കെ. കരുണാകരന്‍ നായര്‍, അവതാരിക സി.അച്യുതമേനോന്‍) Who is who of freedom fighters in Kerala എന്ന പുസ്തകവും വാരിയം കുന്നനെ സ്വാതന്ത്ര്യസമര സേനാനി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഭിന്നിപ്പിച്ചു ഭരിക്കാന്‍ ചരിത്രത്തെപ്പോലും കൂട്ടുപിടിക്കുന്ന നെറികെട്ട രാഷ്ട്രീയം, തലമുറകളോട് ചെയ്യുന്ന ദ്രോഹമാണെന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണെന്നും മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ്കാലത്തെ കരുതലിന്റെ വ്യാജപാഠങ്ങള്‍ പോലെ തന്നെ ആറുമണി വാര്‍ത്താ സമ്മേളനം ചരിത്രത്തെ വക്രീകരിക്കാനും ഉപയോഗിക്കുകയാണ് പിണറായി വിജയന്‍. സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുവംശഹത്യയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി രാജ്യത്തിനാകെ അപമാനമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സഹനസമരം, സത്യഗ്രഹം, ബഹുജനസമരം, കര്‍ഷകപ്രക്ഷോഭം എന്നിങ്ങനെ പല തലങ്ങളുണ്ടായിരുന്നു എന്ന പിണറായി വിജയന്‍റെ വാദം ശരിയാണ്. പക്ഷേ മാപ്പിള കലാപത്തിലേതുപോലെ ഇന്ത്യന്‍ പൗരന്‍മാരെ മതാടിസ്ഥാനത്തില്‍ വംശഹത്യ ചെയ്ത മറ്റൊരു അധ്യായവും ദേശീയ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലില്ല.

ബ്രിട്ടീഷികാരെ പുറത്താക്കാനല്ല, തുര്‍ക്കിയിലെ ഖലീഫയ്ക്ക് നഷ്ടപ്പെട്ട പദവി പുനസ്ഥാപിക്കാനാണ് വാരിയം കുന്നനും കൂട്ടരും കൂട്ടക്കൊല നടത്തിയത്. നാടുനീളെ ശരിയത് കോടതികള്‍ സ്ഥാപിക്കുകയും നിസ്സഹായരായ ഹിന്ദുകുടുംബങ്ങളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തുകയും ചെയ്തു. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭരണകാലം ക്രിസ്ത്യാനികള്‍ക്കും യസീദികള്‍ക്കും എങ്ങനെയായിരുന്നോ അതായിരുന്നു ഏറനാട്ടിലെ ഹിന്ദുക്കളുടെ സ്ഥിതി…!

മതംമാറാത്തവരെ കൂട്ടക്കൊല ചെയ്ത് കിണറുകളില്‍ തള്ളിയത് ചരിത്രമാണ്. രണ്ട് ബ്രിട്ടീഷ് പോലീസുകാരെയൊഴികെ ബാക്കി കൊന്നൊടുക്കിയതെല്ലാം പാവപ്പെട്ട ഹിന്ദുക്കളെയാണ്. ഇതെല്ലാം സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്ന മുഖ്യമന്ത്രി ഹിന്ദു വംശഹത്യയെ പ്രകീര്‍ത്തിക്കുകയാണ്. ദരിദ്രരായ മാപ്പിള കലാപകാരികള്‍ക്ക് എങ്ങനെ ആയുധങ്ങള്‍ കിട്ടി എന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറയട്ടെ. 26 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ക്ക് പോലും വാരിക്കുന്തമായിരുന്നു ആയുധം…!

1946ല്‍ ഇഎംഎസ് അവതരിപ്പിച്ച "ആഹ്വാനവും താക്കീതും" എന്നപാര്‍ട്ടി രേഖയില്‍ മാപ്പിള കലാപത്തെക്കുറിച്ച് "വിപ്ലവ മുന്നേറ്റം വർഗീയ ലഹളയായി" എന്ന് പറയുന്നു. ഈ പാര്‍ട്ടി രേഖ തിരുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറുണ്ടോ...? ഒരു മുഖ്യമന്ത്രി പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതിന് വസ്തുതകളുടെ പിന്‍ബലം ഉണ്ടാവണം. "കേന്ദ്രസര്‍ക്കാര്‍ മാപ്പിള കലാപകാരികളെ രക്തസാക്ഷി പട്ടികയില്‍ നിന്ന് പുറത്താക്കി "എന്ന് പിണറായി വിജയന്‍ പറയുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ തയാറാക്കിയ Dictionary of Martyrs of Indian Freedom Struggle ( 1857-1947) Vol.5 ല്‍ നിന്ന് രേഖകള്‍ പരിശോധിച്ച് അവര്‍ തന്നെയാണ് നീക്കിയിട്ടുള്ളത്. നരേന്ദ്രമോദി പേനയെടുത്ത് വെട്ടിക്കളഞ്ഞതല്ല!

1975 ല്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ( രചന കെ.കരുണാകരന്‍ നായര്‍, അവതാരിക സി.അച്യുതമേനോന്‍)Who is who of freedom fighters in Kerala എന്ന പുസ്തകവും വാരിയം കുന്നനെ സ്വാതന്ത്ര്യസമര സേനാനി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അധികാരം നിലനിര്‍ത്താന്‍ പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കേരളത്തില്‍ ഇപ്പോള്‍ നടത്തുന്നത് തീക്കളിയാണ്. മാപ്പിള ലഹള വാർഷികാഘോഷം മുതൽ ശബരിമല യുവതീപ്രവേശനം വരെ ഇതിന് തെളിവാണ്. ഭിന്നിപ്പിച്ചു ഭരിക്കാന്‍ ചരിത്രത്തെപ്പോലും കൂട്ടുപിടിക്കുന്ന നെറികെട്ട രാഷ്ട്രീയം, തലമുറകളോട് ചെയ്യുന്ന ദ്രോഹമാണെന്ന് ഓര്‍മ്മിക്കുന്നത് നല്ലത്...
(NB: മലബാര്‍ കലാപം എന്ന പുസ്തകമെഴുതിയത് കെ.മാധവന്‍ നായരാണ്. മുഖ്യമന്ത്രി പറയുന്ന മാധവ മേനോന്റെ പുസ്തകം കണ്ടെത്താനായിട്ടില്ല)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALEEDHARAN, BJP, PINARAYI VIJAYAN, MALABAR RIOT, EMS, VARIYAMKUNNATH KUNJAHAMMED HAJI, VAARIYAMKUNNAN, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.