അമ്പലപ്പുഴ: അമ്പലപ്പുഴ കിഴക്കേ പത്തിൽ ദീപുവിന്റെ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷയായി. ഉൾനാടൻ മത്സ്യ ഉദ്പാദനം വർദ്ധിപ്പിക്കുവാനും, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായാണ് ദീപുവിന്റെ മത്സ്യകൃഷി. നൈൽ തിലോപ്പിയ ഫാമിംഗ് ആണ് നടത്തിയത്. 0.4 ഹെക്ടർ വിസ്തൃതിയുള്ള കുളത്തിലാണ് കൃഷി . ഇതിന്റെ ആകെ ചെലവ് 5,40,000 രൂപയാണ്. 40 ശതമാനം സർക്കാർ സബ്സിഡി ആണ്. വിത്ത് നിക്ഷേപിച്ച് 6 മാസം മുതൽ വിളവെടുപ്പ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ആർ.ജയരാജ്, എസ്.ലേഖ, കെ.സിയാദ്, അപർണ സുരേഷ് ബാബു, പ്രൊജക്ട് കോഓർഡിനേറ്റർ എം.സീമ, അക്വാകൾച്ചർ പ്രെമോട്ടർമാരായ ഷീന സജി, രഞ്ചിനി, ലത എന്നിവർ സംസാരിച്ചു. ഷീന സ്വാഗതവും ദീപു നന്ദിയും പറഞ്ഞു.