തിരുവനന്തപുരം: റേഷൻകടക്കാർ ചെയ്‌ത ജോലിക്ക് കൂലി കൊടുക്കാതിരിക്കുന്നത് സർക്കാരിന് ഭൂഷണമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 10 മാസത്തെ വേതനം നൽകാതെ റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണയിൽ പ്രതിഷേധിച്ച് എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വഞ്ചനാവാരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നത്തിൽ അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ഇതുപോലെ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് വേതനം നൽകാതിരിക്കാൻ സർക്കാർ തയ്യാറാകുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദാലി, അബൂബക്കർ ഹാജി, സി. മോഹനൻപിള്ള, സി.വി. മുഹമ്മദ്, നൗഷാദ് പറക്കാടൻ, ജോസ് കാവനാട്, പി. പവിത്രൻ, ബി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.