SignIn
Kerala Kaumudi Online
Saturday, 27 April 2024 8.07 AM IST

റോക്കറ്റ് വിട്ടാലും നമുക്ക് നോക്കുകൂലി കിട്ടണം, ലക്ഷങ്ങൾ നോക്കുകൂലി ചോദിച്ച് ലോഡ് ഇറക്കിയത് കേവലം രണ്ടു പേർ, നോക്കിനിന്ന് കാശ് വാങ്ങാനെത്തിയവർ ഇനി കോടതി കയറും

nokku-kooli-

തിരുവനന്തപുരം: റോക്കറ്റ് വിട്ടാലും നോക്കുകൂലി കിട്ടണം എന്ന മട്ടിലാണ് ഇപ്പോഴും ഒരു വിഭാഗം ചുമട്ടുതൊഴിലാളികളുടെ പെരുമാറ്റം. നോക്കുകൂലി നിരോധനം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, ഇന്നലെ തുമ്പ വി.എസ്.എസ്.സിയിലേക്കു കൊണ്ടുവന്ന കൂറ്റൻ യന്ത്രഭാഗങ്ങൾ ഇറക്കുന്നതിന് ചില കയറ്റിറക്ക് തൊഴിലാളികൾ ലക്ഷങ്ങളാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. രാജ്യപുരോഗതിക്ക് ആവശ്യമായ ശാസ്ത്രപരീക്ഷണങ്ങൾക്കുവേണ്ടി കൊണ്ടുവരുന്ന സാമഗ്രികൾപോലും നോക്കുകൂലിയിൽ നിന്ന് മുക്തമല്ല എന്നാണ് ഇതുനൽകുന്ന സൂചന. നോക്കുകൂലി നിരോധനം ഫലപ്രദമായി നടപ്പാക്കാത്തതിന് ഡി.ജി.പിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കെയാണ് വീണ്ടും സംസ്ഥാനത്തിന് നാണക്കേടുണ്ടായിക്കിയ സംഭവം അരങ്ങേറിയത്. നോക്കുകൂലി സംബന്ധിച്ച ഹർജിയിൽ പൊലീസ് മേധാവിയെ കക്ഷിചേർത്തിട്ടുമുണ്ട്.

അമിതകൂലി ചോദിക്കുന്നതും ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും അടക്കമുള്ള പ്രവണത സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനു വിഘാതമാകുന്നതായി വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് 2018 മേയ് 1ന് നോക്കുകൂലി നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തത്. എന്നാൽ, നിരോധനത്തെ നോക്കുകുത്തിയാക്കി പിന്നീടും നോക്കുകൂലി ആവശ്യപ്പെടുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായി. യന്ത്രസഹായത്തോടെ ഇറക്കുന്ന യന്ത്രഭാഗങ്ങൾക്കാണ് വി.എസ്.എസ്.സിയിൽ ചിലർ നോക്കൂകൂലി ആവശ്യപ്പെട്ടത്.

രണ്ടുപേർ മതി
യന്ത്രഭാഗങ്ങൾ ലോറിയിൽ നിന്ന് ഹൈഡ്രോളിക്സ് ആക്സിൽ ഉപയോഗിച്ചാണ് പിന്നീട് ഇറക്കിയത്. ഇതിനായി ഒരു ഓപ്പറേറ്ററുടെയും ഡ്രൈവറുടെയും ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകിട്ട് ആറോടെയാണ് ദൗത്യം പൂർത്തിയായത്.

'എന്തിന് പണം നൽകണം'
യന്ത്രസഹായത്തോടെ ഇറക്കുന്ന ഉപകരണങ്ങൾക്ക് രണ്ടുപേരുടെ സേവനം മാത്രം മതി. പിന്നെ എന്തിന് അവർക്ക് പണം നൽകണമെന്ന് കമ്പനിയുടെ പ്രോജക്ട് കൺസൾട്ടന്റ് രാജേശ്വരി ചോദിച്ചു .


അംഗീകൃത ട്രേഡ് യൂണിയൻ പ്രവർത്തകരല്ല പ്രതിഷേധിച്ചത്. ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ചിത്ര, ലേബർ കമ്മിഷണർ

നോക്കുകൂലി ചോദിച്ചിട്ടില്ല. തദ്ദേശവാസികളോടുള്ള വി.എസ്.എസ്.സിയുടെ അവഗണനയ്‌ക്കെതിരായ പ്രതിഷേധമാണ് ഉയർന്നത്.
ഫാ.യേശുദാസൻ മാത്യൂസ്,

വേളി ഇടവക വികാരി

എത്തിച്ചത് 21 ദിവസമെടുത്ത്
സ്‌പേസ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ട്രൈസോണിക് വിൻഡ് ടണൽ. പുനെയിൽ നിർമ്മിച്ച യന്ത്രഭാഗങ്ങൾ കടൽമാർഗം കൊല്ലത്ത് എത്തിച്ചശേഷം റോഡ് മാർഗം 21 ദിവസമെടുത്താണ് തുമ്പയിൽ എത്തിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ISRO, NOKKUKOOLI, THUMBA, STRIKE, POLICE, POLICE CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.