തിരുവനന്തപുരം: നിയമ സഭയിലെ കൈയാങ്കളി കേസ് വിചാരണ ചെയ്യുമ്പോൾ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ആവശ്യമില്ലെന്ന് കോടതി. കേസ് പരിഗണിച്ച ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ചെന്നിത്തലയുടെയും അഭിഭാഷക പരിഷത്തിന്റെയും ആവശ്യം തളളിയത്.
പ്രോസിക്യൂട്ടർ എന്നത് സർക്കാരോ അന്വേഷണ ഏജൻസിയോ നിയമിക്കുന്ന ഉദ്യോഗസ്ഥനല്ല മറിച്ച് കേസ് വിചാരണയിൽ കോടതിയെ സഹായിക്കാൻ നിയമിതനായ ഉദ്യോഗസ്ഥനാണ്. അതിനാൽ, പ്രത്യേക പ്രോസിക്യൂട്ടർ എന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് നടപടികളിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
കേസുമായി ബന്ധമില്ലാത്തവർക്ക് കേസിൽ കക്ഷിയാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും ഉന്നതകോടതി ഉത്തരവുകളെ അടിസ്ഥാനമാക്കി കോടതി വ്യക്തമാക്കി. കേസിൽ ഇരയാക്കപ്പെട്ടവർക്കോ അതുമായി നേരിട്ട് ബന്ധമുളളവർക്കോ മാത്രമേ ക്രിമിനൽ കേസിൽ കക്ഷി ചേരാനുളള അവകാശമുളളൂ.
കോടതിയുടെ ഈ നിരീക്ഷണങ്ങൾ തന്നെയാണ് ഹർജിയിൽ വാദം കേട്ടപ്പോൾ ഡി.ഡി.പി ബാലചന്ദ്ര മേനോനും ഉന്നയിച്ചിരുന്നത്. കേസുമായി ബന്ധമില്ലാത്തവരെ കക്ഷി ചേരാൻ അനുവദിച്ചാൽ ഈ കേസിൽ വഴിപോക്കരെല്ലാം വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സർക്കാരാണ് തന്നെ നിയമിച്ചതെങ്കിലും കേസ് നടത്തിപ്പിൽ തനിക്ക് ബാദ്ധ്യത കോടതിയോട് മാത്രമാണെന്നും ബാലചന്ദ്ര മേനോൻ കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഈ വാദമുഖങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് കോടതി പ്രത്യേക പ്രോസിക്യൂട്ടർ എന്ന ആവശ്യവും കേസിൽ കക്ഷി ചേരണമെന്ന ആവശ്യവും തളളിക്കളഞ്ഞത്.
2015 മാർച്ച് 13 നായിരുന്നു ഇടത് എം.എൽ.എ മാരായ പ്രതികൾ നിയമ സഭയിൽ രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി, മുൻ മന്ത്രിമാരായ കെ.ടി. ജലീൽ, ഇ. പി. ജയരാജൻ, മുൻ എം.എൽ. എ മാരായ കെ. അജിത്, സി. കെ. സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നീ ആറു പേരാണ് കേസിലെ പ്രതികൾ. പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്രമാണ് പ്രധാനമായും പ്രതികൾക്കെതിരെ ക്രെെം ബ്രാഞ്ച് ചുമത്തിയിട്ടുളളത്. പ്രതികൾ നൽകിയ വിടുതൽ ഹർജിയിൽ കോടതി ഈ മാസം 23 ന് വാദം കേൾക്കും. കേസ് പിൻവലിക്കാൻ സർക്കാർ നടത്തിയ എല്ലാ ശ്രമങ്ങളും വിചാരണക്കോടതിയായ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുതൽ സുപ്രീം കോടതി വരെ തള്ളിയിരന്നു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വേണം: ചെന്നിത്തല
തൃശൂർ: നിയമസഭാ കൈയാങ്കളി കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെവേണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ എ. സുരേശനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. തനിക്ക് എ.ഐ.സി.സിയിൽ സ്ഥാനം നൽകാൻ പോകുന്നുവെന്ന വാർത്തനൽകി അപമാനിക്കരുത്. പാർട്ടിയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനം തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. കേരളത്തിലെ കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |