അമ്പലപ്പുഴ: കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗി മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയപ്പോൾ രോഗി ജീവനോടെ കട്ടിലിൽ!. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകിയത് വിവാദമായിരുന്നു. ഒരു മാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാറി നൽകിയ സംഭവങ്ങൾ അടിക്കടിയുണ്ടായതിനെ തുടർന്ന് സൂപ്രണ്ടിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭരണിക്കാവ് പഞ്ചായത്ത് രണ്ടാം വാർഡിൽ നടുവിലെ മുറിയിൽ കോയിക്കൽ മീനത്തേതിൽ രമണൻ (50) വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ മരിച്ചതായി ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചു. മൃതദേഹം ഏറ്റുവാങ്ങാൻ ഇന്നലെ രാവിലെ പത്തോടെ എത്താനും പറഞ്ഞു. രമണന് ആദരാഞ്ജലി അർപ്പിച്ച് നാട്ടിൽ പോസ്റ്റർ പതിക്കുകയും സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇന്നലെ ബന്ധുക്കൾ ആംബുലൻസുമായി ആശുപത്രിയിലെത്തി പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരം തിരക്കിയപ്പോൾ മരണവിവരം അറിയില്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. കൊവിഡ് ട്രയാജിലെത്തി തിരക്കിയപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചത്.
തുടർന്ന്, ബന്ധുക്കൾ സൂപ്രണ്ടിനെ സമീപിച്ചു. അദ്ദേഹം ഐ.സി.യുവിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ രമണൻ മരിച്ചിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്. രണ്ടു ബന്ധുക്കളെ ഐ.സി.യുവിൽ കയറി രോഗിയെ കാണാൻ അനുവദിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. ആശുപത്രിയിൽ നൽകിയിരുന്ന നമ്പരിലേക്ക് ഐ.സി.യുവിലെ ഡോക്ടറാണ് വെള്ളിയാഴ്ച മരണവിവരം അറിയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
സംഭവത്തെപ്പറ്റി ബന്ധുക്കൾ ആശുപത്രി സൂപണ്ട് ഡോ. സജീവ് ജോർജിനും ജില്ലാ കളക്ടർ എ. അലക്സാണ്ടർക്കും പരാതി നൽകി. അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് ജ്യേഷ്ഠൻ ശ്രീധരനോടൊപ്പമാണ് അവിവാഹിതനും ജന്മനാ സംസാരശേഷി ഇല്ലാത്തതുമായ രമണൻ താമസിച്ചിരുന്നത്.
ആശുപത്രി അധികൃതർ പറയുന്നത്
വെള്ളിയാഴ്ച കായംകുളം കൃഷ്ണപുരം സ്വദേശി രമണൻ (68) ഐ.സി.യുവിൽ മരിച്ചിരുന്നു. ഇതേത്തുടർന്ന് വിലാസം തെറ്റി ഭരണിക്കാവ് സ്വദേശി രമണന്റെ ബന്ധുക്കളെ വിളിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കൃഷ്ണപുരം സ്വദേശി രമണന്റെ മൃതദേഹം, ചേർത്തല ഏഴാം വാർഡിൽ തറയിൽ വീട്ടിൽ കുമാരന്റെ മൃതദേഹത്തിന് പകരം മാറി നൽകിയത് വെള്ളിയാഴ്ച വിവാദമായിരുന്നു.