കൊച്ചി: നടൻ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോ. പശുപതി എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വില്ലനായും, സഹനടനായും തിളങ്ങി.
സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇൻ ഹരിഹർനഗർ എന്ന ചിത്രത്തിലെ പ്രതിനായക കഥാപാത്രം ജോൺ ഹോനായി റിസബാവയുടെ കരിയറിൽ മുതൽക്കൂട്ടാവുകയായിരുന്നു. പിന്നീടങ്ങോട്ട് ആനവാൽ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോർജ്ജുകുട്ടി c/o ജോർജ്ജുകുട്ടി, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാൻ, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടിൽ മാനസേശ്വരിഗുപ്ത, അനിയൻബാവ ചേട്ടൻബാവ, നിറം, എഴുപുന്ന തരകൻ, ക്രൈം ഫയൽ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, കവർ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗർഭിണികൾ, കോഹിന്നൂർ, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1966 സെപ്തംബർ 26ന് തോപ്പുംപടിയിലാണ് റിസബാവ ജനിച്ചത്. നാടകത്തിൽ നിന്നായിരുന്നു സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |