തിരുവനന്തപുരം: ഡി സി സി ഭാരവാഹികളുടെ നിയമന വിവാദത്തിൽ പരസ്യപ്രതികരണം നടത്തിയ കോൺഗ്രസ് നേതാവ് കെ പി അനിൽകുമാർ പാർട്ടി വിടാൻ ഒരുങ്ങുന്നു. പരസ്യ പ്രതികരണത്തിന് നിലവിൽ പാർട്ടിയിൽ നിന്ന് സസ്പെൻഷൻ നടപടി നേരിടുന്ന അനിൽകുമാർ ഇന്ന് രാവിലെ 11 മണിക്ക് പത്രസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. ഇതിൽ രാജി പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. പാർട്ടി നിർദേശം ലംഘിച്ച് സസ്പെന്റ് ചെയ്യപ്പെട്ടതിനു ശേഷവും പരസ്യപ്രസ്താവന നടത്തിയതിന് കെ പി അനിൽകുമാറിനോട് കോൺഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ അനിൽകുമാർ നൽകിയ വിശദീകരണത്തിൽ സംസ്ഥാന നേതൃത്വം തൃപ്തരായിരുന്നില്ല. ഇതിനെതുടർന്ന് അനിൽകുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനു മുമ്പായി തന്നെ രാജി വയ്ക്കാനുള്ള തീരുമാനം നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ് അനിൽകുമാർ.
അതേസമയം മുതിർന്ന നേതാക്കന്മാർക്കെതിരെ പ്രസ്താവന നടത്തിയ രാജ്മോഹൻ ഉണ്ണിത്താന്റെയും സസ്പെൻഷനിൽ കഴിയുന്ന ശിവദാസൻ നായരുടേയും വിശദീകരണത്തിൽ സംസ്ഥാന നേതൃത്വത്തിന് തൃപ്തിയുണ്ട്. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് രാജ്മോഹൻ ഉണ്ണിത്താനോട് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്. ഇനി മേലിൽ കടുത്ത രീതിയിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ വാക്കുകൾ സദുദ്ദേശപരമായിരുന്നു എന്ന വിശദീകരണമാണ് ശിവദാസൻ നായർ നൽകിയത്. ഇതും നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |