SignIn
Kerala Kaumudi Online
Friday, 18 September 2026 2.36 AM IST

അതിര് വിടുന്നതാവരുത് അഭിപ്രായ സ്വാതന്ത്ര്യം: സ്പീക്കർ എം.ബി. രാജേഷ്

rajesh

കോഴിക്കോട്: നവമാദ്ധ്യമങ്ങളിലേക്ക് എല്ലാവരും മാദ്ധ്യമപ്രവർത്തകരായി എത്തുമ്പോൾ പലപ്പോഴും ജനങ്ങളെ ഭിന്നിപ്പിക്കുന്ന വാർത്തകളാണ് നിറയുന്നതെന്ന് നിയമസഭ സ്പീക്കർ എം.ബി.രാജേഷ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും അതിരുകളുണ്ട്. അത് കാണാതെ പോവുമ്പോഴാണ് സകല സീമകളും ലംഘിച്ചുളള അങ്കംവെട്ടിന് സമൂഹമാദ്ധ്യമം വേദിയാകുന്നതെന്നും സ്പീക്കർ പറഞ്ഞു.

മാദ്ധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ നേതാവുമായിരുന്ന എൻ.രാജേഷിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് രാജേഷ് ചാരിറ്റബിൾ ട്രസ്‌റ്റ് കെ.പി.കേശവമേനോൻ ഹാളിൽ ഒരുക്കിയ അനുസ്‌മരണ സമ്മേളനത്തിൽ 'മാദ്ധ്യമം, സമൂഹ മാദ്ധ്യമം, അഭിപ്രായ സ്വാതന്ത്ര്യം" എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അപരിഷ്‌കൃത ചെയ്തികൾ അപ്പപ്പോൾ നവമാദ്ധ്യമങ്ങളിലൂടെ തെളിയുന്നുണ്ടെന്നത് വസ്തുതയാണ്. നന്മയുടെ ലോകം പടുത്തുയർത്താൻ ശ്രമങ്ങൾ നടക്കുന്നതിനിടെ സമൂഹത്തിലെ ജനാധിപത്യ വിരുദ്ധതയും സ്ത്രീ വിരുദ്ധതയും തിന്മയുടെ അടയാളങ്ങളായി മാറുന്നു. ജനാധിപത്യശോഷണത്തിന്റെ മുഖം ഒരു കണ്ണാടിയിലെന്നപോലെ സമൂഹ മാദ്ധ്യമങ്ങളിൽ കാണുകയാണ്.
മുഖ്യധാര മാദ്ധ്യമങ്ങളിൽ പലതും ഭരണകൂടത്തിന്റെ പ്രചാരണ ജിഹ്വകളായി അധ:പതിച്ചിരിക്കുന്നു. ദൃശ്യമാദ്ധ്യമങ്ങളിലെ ചർച്ചകൾ ക്രിയാത്മക സംവാദമാവേണ്ടതിനു പകരം ആക്രോശങ്ങളിലും പോ‌ർവിളികളിലും മുങ്ങുകയാണ്. മാദ്ധ്യമങ്ങൾ എപ്പോഴും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യം ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു.

ട്രസ്റ്റ് ചെയർമാൻ എം.ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്‌മാൻ, ദേവഗിരി സി.എം.ഐ പബ്ളിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ജോണി കാഞ്ഞിരത്തിങ്കൽ, പ്രസ് അക്കാഡമി മുൻ ചെയർമാൻ എൻ.പി രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി കമാൽ വരദൂർ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL